കോട്ടയം: വനത്തില് കാലുകുത്തിയാല് പിഴയും തടവും എന്ന നിലയിലേക്ക് വനനിയമം പൊളിച്ചെഴുതാന് നീക്കം. വനസുരക്ഷ ഉറപ്പാക്കാന് ഏതാനും നിര്ദേശങ്ങള് മുന്നോട്ടു വച്ചതല്ലാതെ ജനങ്ങള് ആശങ്കപ്പെടേണ്ടതില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. നാടിറങ്ങിവരുന്ന വന്യമൃഗങ്ങളെക്കൊണ്ട് ജനം പൊറുതിമുട്ടുന്ന സാഹചര്യത്തില് വനാതിര്ത്തിയില് താമസിക്കുന്നവരുടെ ജീവിതം അനിശ്ചിതത്വത്തിലാകുന്ന സാഹചര്യമാണ്.
വനത്തിനുള്ളില് അനധികൃതമായി കടന്നാല് 25,000 പിഴ ചുമത്താനും കേസെടുക്കാനുമാണ് നിര്ദേശം. വനത്തില് അനുവദനീയമായ വഴികളിലൂടെ സഞ്ചരിക്കുന്നതിലും പുഴകളില് മീന് പിടിക്കുന്നതിലും ആദിവാസികള്ക്ക് വനവിഭവങ്ങള് ശേഖരിക്കുന്നതിലും തടസമില്ലെന്നാണ് വനം വകുപ്പ് പറയുന്നത്. 1961ലെ വനനിയമം അവസാനമായി ഭേദഗതി ചെയ്തത് 1991ലാണ്.
നിയമത്തിന്റെ സെക്ഷന് 27, 62 വകുപ്പുകള് പ്രകാരം വനത്തിന് നാശമുണ്ടാക്കിയാല് 1000 രൂപ മുതല് 2500 രൂപവരെയാണ് പിഴ. അതു കാല് ലക്ഷം രൂപയായി കാലോചിതമായി പരിഷ്കരിക്കാന് നിര്ദേശം നല്കിയതേയുള്ളൂവെന്നും സര്ക്കാര് ചര്ച്ചചെയ്തു മാത്രമേ നിയമമാക്കൂ എന്നുമാണ് വിശദീകരണം.
കോട്ടയം ജില്ലയില് പമ്പ, കണമല, തുലാപ്പള്ളി, പൊന്തന്പുഴ, അഴുത, അച്ചന്കോവില്, മതമ്പ, കോരുത്തോട്, പ്ലാപ്പള്ളി, വാഗമണ് പ്രദേശങ്ങളില് അയ്യായിരത്തോളം കുടുംബങ്ങള് വനാതിര്ത്തിയില് കഴിയുന്നുണ്ട്. ഇവരില് പട്ടയമില്ലാതെ കൈവശരേഖ മാത്രമുള്ളവര് നിരവധിയാണ്. ഇവരുടെ അതിജീവനംതന്നെ ആശങ്കയിലാക്കുന്ന നിര്ദേശങ്ങളാണ് വനം വകുപ്പ് മുന്നോട്ടുവയ്ക്കുന്നത്.
കൈവശഭൂമിയിലുള്ളതും വച്ചുപിടിപ്പിച്ചതുമായ മരങ്ങള് വെട്ടിമാറ്റാന്പോലും സാധിക്കാത്ത സാഹചര്യമുണ്ടാകാം.വനാതിര്ത്തിയില്നിന്നു വിറക് ശേഖരിച്ച് അടുപ്പ് കത്തിക്കുന്നവരും വനത്തില് വളര്ത്തു മൃഗങ്ങളെ മേയാന് വിടുന്നവരും ഏറെപ്പേരുണ്ട്. വിവിധ ആവശ്യങ്ങള്ക്കായി വനമേഖലയിലൂടെ ഇവര്ക്ക് സഞ്ചരിക്കേണ്ടിവരും.വനം വകുപ്പ് മുന്നോട്ടു വയ്ക്കുന്ന നിര്ദേശങ്ങള് നിയമമാക്കിയാല് ഇതെല്ലാം വലിയ കുറ്റകൃത്യങ്ങളായി മാറും.
വനത്തിനുള്ളില് പ്രവേശിച്ചാല് വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും പുതിയ നിയമ നിര്ദേശം വനംവകുപ്പിന് നല്കുന്നു. ബീറ്റ് ഫോറസ്റ്റ് ഓഫീസറുടെ റാങ്കില് കുറയാത്ത ഏത് ഫോറസ്റ്റ് ഓഫീസര്ക്കും മജിസ്ട്രേറ്റിന്റെ ഉത്തരവില്ലതെ സംശയത്തിന്റെ അടിസ്ഥാനത്തില് വനത്തില്നിന്ന് ആരെയും അറസ്റ്റുചെയ്ത് തടങ്കലില് വയ്ക്കാം. വനംവകുപ്പ് വാച്ചര്മാര്ക്കുവരെ അറസ്റ്റിന് അനുമതി നല്കുന്ന വ്യവസ്ഥകളുമുണ്ട്.