കുളത്തൂപ്പുഴ: പത്ത് കോടി രൂപ ചെലവില്‍ കുളത്തൂപ്പുഴയില്‍ ഫോറസ്റ്റ് മ്യൂസിയം നിര്‍മിക്കുമെന്ന് മന്ത്രി കെ. രാജു പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് കുളത്തൂപ്പുഴയിലെ വനശ്രീ കേന്ദ്രത്തില്‍ നിന്നുള്ള മണല്‍ വിതരണത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗി ക്കുകയായിരുന്നു മന്ത്രി. വനത്തേയും വന്യജീവികളേയും അടുത്തറിയുന്നതിനാണ് മ്യൂസിയം സ്ഥാപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കൊല്ലം ജില്ലയിലേയും നെടുമങ്ങാട് താലൂക്കിലേയും ഭവന നിര്‍മാണത്തിനുള്ള ആറ്റുമണലാണ് വനശ്രീയില്‍ നിന്നും വിതരണം ചെയ്യുക. ബിപിഎല്‍. കുടുംബങ്ങള്‍ക്ക് ലോഡിന് 12,425 രൂപയ്ക്കും എപിഎല്‍ വിഭാഗത്തിന് 22,225 രൂപയ്ക്കുമാണ് മണല്‍ ലഭിക്കുക. ഓണ്‍ലൈന്‍ വഴിയാണ് മണലിനായുള്ള അപേക്ഷകള്‍ സ്വീകരിക്കുന്നത്.
കുളത്തൂപ്പുഴ വനസംരക്ഷണ സമിതി അംഗങ്ങള്‍ക്കുള്ള സൗജന്യ പാചക കണക്ഷന് വിതരണത്തിന്റെ ഉദ്ഘാടനം, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവര്‍ക്കുള്ള ഉപഹാര സമര്‍പ്പണം എന്നിവയും മന്ത്രി നിര്‍വ്വഹിച്ചു. തൊഴിലുപകരണങ്ങളുടെ വിതരണം അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷും, കൊല്ലായില്‍ ഗവണ്മെന്റ് സ്കൂളിലേയ്ക്കുള്ള കമ്പ്യൂട്ടര്‍ വിതരണം ജില്ലാ പഞ്ചായത്തംഗം കെ.ആര്. ഷീജയും നിര്‍വഹിച്ചു.
കുളത്തൂപ്പുഴ ഗ്രീന്‍വാലി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡനന്റ എസ്. നളിനിയമ്മ അധ്യക്ഷയായി. തിരുവനന്തപുരം ഡിഎഫ്ഒ ഡി. രതീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കൊല്ലം സതേണ്‍ സര്‍ക്കിള്‍ സ.സിഎഫ് കെ. വിജയാനന്ദന്, കുളത്തൂപ്പുഴ റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അബ്ദുള്‍ ജലീല്‍, ത്രിതല പഞ്ചായത്ത് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.