വടക്കഞ്ചേരി: ആന ഭീതി ഒഴിവാക്കാന്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് ഫോറസ്റ്റ് ഓഫീസിനു ചുറ്റും ട്രഞ്ച് കുഴിക്കലും മറ്റു സുരക്ഷാ സംവിധാനങ്ങളും ഒരുക്കുമ്പോള്‍ തൊട്ടടുത്ത് ആനയിറങ്ങി വിളകള്‍ നശിപ്പിക്കുന്നതും വീടുകള്‍ തകര്‍ക്കുന്നതും തടയാന്‍ വനം വകുപ്പ് വിമുഖത കാണിക്കുന്നതിനെതിരെ കര്‍ഷകരോഷം ഉയരുന്നു.
പനംങ്കുറ്റി പോത്തുചാടിയിലെ ഫോറസ്റ്റ് ഓഫീസിനു ചുറ്റുമാണ് ട്രഞ്ച് കുഴിച്ച് സംരക്ഷണവലയം തീര്‍ക്കുന്നത്. കാട്ടുമൃഗ ഭീഷണി തടയാന്‍ ഫണ്ടില്ലെന്ന് പറഞ്ഞ് കൈമലര്‍ത്തുന്ന വനം വകുപ്പ് പക്ഷെ, ഇത്തരത്തിലുള്ള ഫണ്ട് ചെലവഴിക്കലിന് യാതൊരു നിയന്ത്രണവുമില്ലെന്നാണ് ആരോപണം.
കാട്ടാന കൂട്ടങ്ങള്‍ ഇറങ്ങി വീടുകള്‍ക്ക് ചുറ്റും ചിന്നംവിളിച്ച് ഭീതിപരത്തുമ്പോള്‍ കുട്ടികളും രോഗികളും പ്രായമായവരുമായി വീടുകളില്‍ കഴിയുന്നവരുടെ സ്ഥിതി ഏറെ അപകടകരമാണ്. ഇതൊന്നും ഗൗരവതരമായി കാണാതെ കര്‍ഷകരുടെ ജീവനും സ്വത്തിനും വില കല്പിക്കാത്ത സമീപനമാണ് സ്വീകരിക്കുന്നത്.
ഒരു വര്‍ഷത്തിലേറെയായി പനംങ്കുറ്റി, കണിച്ചിപരുത, കൈതക്കല്‍ ഉറവ ,ഒളകര ,പാത്രകണ്ടം, പാലക്കുഴി റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ കാട്ടാന ശല്യം രൂക്ഷമാണ്. കര്‍ഷകരുടെ നിരന്തരമായ പരാതിയെ തുടര്‍ന്ന് വനാതിര്‍ത്തിയില്‍ സോളാര്‍ വേലി സ്ഥാപിച്ചെങ്കിലും കഴിഞ്ഞ ദിവസങ്ങളില്‍ വേലി തകര്‍ത്ത് കാട്ടാനക്കൂട്ടങ്ങള്‍ തോട്ടങ്ങളിലിറങ്ങി വ്യാപകമായി കൃഷി നാശം ഉണ്ടാക്കി.
പനംകുറ്റിയില്‍ ചെറുനിലം ജോണിയുടെ വീട് ആനകള്‍ തകര്‍ത്തു. സോളാര്‍ വേലി സ്ഥാപിക്കാനായി ഉപയോഗിച്ച ബാറ്ററികളും മറ്റു ഗുണമേന്മ കുറഞ്ഞതാണ് ഒരു വര്‍ഷം മുമ്പേ വേലി പ്രവര്‍ത്തനരഹിതമാകാന്‍ കാരണമെന്നാണ് കര്‍ഷകര്‍ പറയുന്നത്. സ്വകാര്യ വ്യക്തികള്‍ സ്ഥാപിക്കുന്ന സോളാര്‍ വേലി ഏറെ വര്‍ഷങ്ങള്‍ കേടുപാടുകളില്ലാതെ നിലനില്ക്കുമ്പോള് വനം വകുപ്പ് സ്ഥാപിക്കുന്ന വേലി മാസങ്ങള്‍ക്കുള്ളില്‍ തകരുകയാണെന്നാണ് ആക്ഷേപം.
കാട്ടുമൃഗങ്ങള്‍ വിളകള്‍ നശിപ്പിച്ചാല്‍ ഫണ്ടിന്റെ ദാരിദ്ര്യം പറഞ്ഞ് നക്കാപ്പിച്ച തുകയാണ് കര്‍ഷകര്‍ക്ക് നല്‍കുക. അതുതന്നെ കിട്ടാന്‍ ഏറെ കടമ്പകള്‍ താണ്ടണം. തോട്ടങ്ങളില്‍ കൃഷി ചെയ്യുന്നതുകൊണ്ടാണ് ആന ഇറങ്ങുന്നതെന്നും ഇതിനാല്‍ ആനക്ക് ഭക്ഷണയോഗ്യമല്ലാത്ത എന്തെങ്കിലും കൃഷി ചെയ്ത് ഉപജീവനം കണ്ടെത്തണമെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശിക്കുന്നത്.
എന്നാല്‍ ആനകള്‍ ഭക്ഷിക്കാത്ത വിളയാണ് റബര്‍. ഈ റബര്‍ മരങ്ങളെല്ലാം ആനകള്‍ ഒടിച്ചും തള്ളിയിട്ടും നശിപ്പിക്കും. നഷ്ടപരിഹാരം ആവശ്യപ്പെട്ടാല്‍ ഇല്ലാത്ത രേഖകളും കണക്കുകളും ബോധ്യപ്പെടുത്തണം.
കൃഷി നാശം സംബന്ധിച്ച റിപ്പോര്‍ട്ട് പോലും കര്‍ഷകര്‍ക്ക് നല്കാന് അധികൃതര്‍ തയ്യാറാകുന്നില്ലെന്ന പരാതികളുമുണ്ട്. കൃഷിഭവനുകളില്‍ നിന്നും ഇത്തരം റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് ലഭിച്ചാല്‍ മാത്രമെ നഷ്ടപരിഹാരത്തിന് അപേക്ഷ നല്കാന് കര്‍ഷകര്‍ക്ക് കഴിയൂ.