അഞ്ചല്‍ : അര്‍പ്പണബോധവും കാര്യശേഷിയോടും കൂടിയുള്ള വനപാലകരുടെ പ്രവര്‍ത്തനം വനം വകുപ്പിന് മുതല്‍ക്കൂട്ടാകുമെന്ന് മന്ത്രി കെ രാജു.അരിപ്പയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ എഴുപത്തിയേഴാമാത് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പാസിംഗ് ഔട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
അരിപ്പ ഫോറസ്റ്റ് പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന ഇൻഡോര്‍ കോര്‍ട്ട്, നീന്തല്‍ക്കുളം എന്നിവയുടെ ശിലാസ്ഥാപനവും ലൈബ്രറിയുടെ ഉദ്ഘാടനവും മന്ത്രി ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു. മുഖ്യ വനം മേധാവി പികെ കേശവന് പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ചു.
ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സുരേന്ദ്ര കുമാര്‍, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ദേവേന്ദ്ര കുമാര്‍ വര്‍മ്മ, എച്ച് ആര് ഡി കണ്‍സര്‍വേറ്റര്‍ എം നീതു ലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു.സതേണ്‍ സര്‍ക്കിളില്‍ നിന്നുള്ള 17 പേരും, ഹൈറേഞ്ച് സര്‍ക്കിളില്‍ നിന്നുള്ള 35 പേരും അടങ്ങുന്ന 52 അംഗ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരുടെ പരിശീലനമാണ് പൂര്‍ത്തീകരിച്ചത്.
ഇതില്‍ പത്തുപേര്‍ ബിരുദാനന്തര ബിരുദധാരികളും, 26 പേര് ബിരുദധാരികളുമാണ്. കഴിഞ്ഞ വര്‍ഷം പരിശീലനം ആരംഭിച്ചുവെങ്കിലും രണ്ട് മാസത്തോളം കോവിഡ് വ്യാപനം മൂലം പരിശീലനം നിര്‍ത്തിവച്ചിരുന്നു. കായിക ക്ഷമത, അച്ചടക്കം, വ്യക്തിത്വ വികസനം തുടങ്ങിയ പരിശീലനങ്ങള്‍ക്ക് പുറമേ ഫയര്‍ ട്രെയിനിംഗ് മോഡ്യൂള്‍ പ്രകാരമുള്ള ഫയര്‍ പരിശീലനം,
അപകടങ്ങളില്‍പ്പെട്ടതും ജനവാസ മേഖലയില്‍ എത്തിപ്പെട്ടതുമായ വന്യജീവികള്‍, പാമ്പുകള്‍ ഉള്‍പ്പടെയുള്ള ഉരഗ വര്‍ഗങ്ങളെയും സുരക്ഷിതമായി പിടികൂടി സംരക്ഷിത മേഖകളില്‍ എത്തിക്കുക, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക തുടങ്ങിയവയിലും ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്കി പൂര്‍ത്തിയാക്കി.
പഠന യാത്രകളുടെ ഭാഗമായി തെക്കന്‍ കേരളത്തിലെ പ്രധാന വന്യജീവി സങ്കേതങ്ങള്‍, വനമേഖലകള്‍, എക്കോ ടൂറിസം കേന്ദ്രങ്ങള്‍, പാലോട് ടിബിജിആര്‍ഐ എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചുള്ള പഠനവും ഇവര്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. വനം പരിശീലന കേന്ദ്രത്തിലെ ആറുമാസത്തെയും പോലീസ് അക്കാദമിയില്‍ നിന്നുള്ള മൂന്നുമാസത്തെയും പരിശീലനം പൂര്‍ത്തിയാക്കിയാണ് ഇവര്‍ അറിപ്പയിലെ വനം പരിശീലന കേന്ദ്രത്തില്‍ നിന്നും വിവിധ ഫോറസ്റ്റ് സ്റ്റേഷനുകളിലേക്ക് പോകുന്നത്. കഴിഞ്ഞ വര്‍ഷം മികച്ച സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ അംഗീകാരം നേടിയവര്‍ക്കുള്ള മെഡലുകളും ചടങ്ങില്‍ വിതരണം ചെയ്തു.