തിരുവനന്തപുരം: കാഴ്ചയില്‍ അടിമുടി ഭക്തിയുമായി അഗസ്ത്യാര്‍കൂടം കയറാനെത്തിയവരെ പരിശോധിച്ച വനം വകുപ്പ് അധികൃതര്‍ കണ്ട കാഴ്ച ഞെട്ടിപ്പിക്കുന്നതായിരുന്നു. ഭക്തരേപ്പോലെ ഭസ്മക്കുറിയും ചന്ദനവുമൊക്കെയണിഞ്ഞ് എത്തിയവരില്‍ നിന്ന് പിടികൂടിയത് മദ്യത്തിന്റെ വിപുലമായ ശേഖരമാണ്. കൈയ്യില്‍ ബ്ലഡ് ബാഗുകളില്‍ മദ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ കാലുകളില്‍ കെട്ടവച്ച നിലയില്‍ മദ്യക്കുപ്പികളും കണ്ടെത്തി.
അഗസ്ത്യാര്‍കൂടത്തില്‍ മദ്യനിരോധനം കര്‍ശനമായി നടപ്പിലാക്കിയിട്ടുണ്ട്. പരിശോധനയില്‍ മദ്യം പിടികൂടിയതോടെ തെളിവിനായി വനംവകുപ്പ് അധികൃതര്‍ ഫോട്ടോ കൂടി എടുത്തു സൂക്ഷിച്ചു. ഫോട്ടോ പുറത്തു വന്നതോടെയാണ് അഗസ്ത്യാര്‍കൂടത്തിലെ യാത്രയ്ക്കായി ഒപ്പം മദ്യം കൂടി സന്ദര്‍ശകര്‍ കരുതുന്നതായി വ്യക്തമായത്. മദ്യം ബാഗുകളില്‍ നിന്ന് പിടിക്കാറുണ്ടെങ്കിലും ഇതുപോലെയുള്ള മദ്യം പിടിക്കല്‍ ആദ്യമായിട്ടെന്ന് ഫോറസ്ററ് അധികൃതരും വ്യക്തമാക്കുന്നു. മദ്യവുമായി അഗസ്ത്യാര്‍കൂടം കയാറാനെത്തിയവരെ മാറ്റി നിര്‍ത്തി അവരുടെ പാസുകള്‍ മുഴുവന്‍ റദ്ദ് ചെയ്തത് അവരെ തിരിച്ചയച്ചെന്നും ഫോറസ്ററ് അധികൃതര്‍ വ്യക്തമാക്കി.
സംഭവം തങ്ങളെ ഞെട്ടിച്ചുവെന്നും അധികൃതര്‍ പറഞ്ഞു. കാശ് കൊടുത്ത് പാസ് എടുത്തതിനാല്‍ കാശ് തിരികെ വേണമെങ്കില്‍ വനംവകുപ്പിന് കാരണങ്ങള്‍ നിരത്തി ഒരു അപേക്ഷ സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇവരെ പിടിച്ച സമയത്ത് ഒരു തെളിവിനായി ഫോറസ്റ്റ് വകുപ്പ് എടുത്ത ഫോട്ടോകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ഇത് എങ്ങിനെ പുറത്തു വന്നതെന്ന് തങ്ങള്‍ക്ക് അറിയില്ലെന്നും ഫോറസ്റ്റ് വകുപ്പ് അധികൃതര്‍ പറഞ്ഞു.നാളെയും കൂടിയേ ഈ സീസണില്‍ അഗസ്ത്യാര്‍ കൂടത്തിലേക്ക് പ്രവേശനം അനുവദിക്കുന്നുള്ളൂ. ഈ തള്ളിക്കയറ്റത്തിനിടയിലാണ് മദ്യം പിടിച്ചത്. അഗസ്ത്യാര്‍കൂടത്തില്‍ തണുപ്പ് കൂടുതലായതിനാലാണ് മദ്യം കരുതിയതെന്നാണ് പിടികൂടപെട്ടവര് പറഞ്ഞത്.
പക്ഷെ മദ്യനിരോധനം നിലനില്‍ക്കുന്ന സ്ഥലമല്ലേ എന്ന് അറിയില്ലേ എന്ന ചോദ്യത്തിന് ഇവര്‍ക്ക് മറുപടിയില്ലായിരുന്നു. ഒരു ദിവസം നൂറുപേര്‍ക്കാണ് പ്രവേശനം നല്‍കുന്നത്. ഓണ്‍ലൈന്‍ ടിക്കറ്റുകള്‍ ആണ് പ്രവേശനത്തിന് ആവശ്യം. ഈ രീതിയില്‍ ടിക്കറ്റ് എടുത്തു വന്നവര്‍ക്കാണ് അനുമതി നല്‍കുന്നത്. ജനവരി 14നു തുടങ്ങി മാര്‍ച്ച് ഒന്നിനു കഴിയും വിധമാണ് ഈ സീസണ് ക്രമീകരിച്ചിരിക്കുന്നത്. 4700 പേര്‍ക്ക് ഇത്തവണ ഓണ്‍ലൈന്‍ ടിക്കറ്റ് ഇത്തവണ നല്‍കിയിട്ടുണ്ട്. ഇതിലുള്ള ഏറ്റക്കുറച്ചില്‍ കണക്കാക്കി കുറച്ചു പാസുകള്‍ വേറെയും നല്‍കിയിട്ടുണ്ട്. ഈ കണക്ക് പ്രകാരം 5100 പേരോളമാണ് ഇത്തവണ അഗസ്ത്യാര്‍കൂടത്തില്‍ എത്തിയിരിക്കുന്നത്. ഇതുവരെയില്ലാത്ത രീതിയില്‍ സ്ത്രീകള്‍ക്കും ഇക്കുറി പ്രവേശനം നല്‍കിയിരുന്നു.
അഗസ്ത്യമുനിയുടെ പേരില്‍ അറിയപ്പെടുന്ന അഗസ്ത്യാര്‍കൂടം സമുദ്ര നിരപ്പില്‍ നിന്ന് 1890 മീറ്റര്‍ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്. കേരളത്തിനെ അപേക്ഷിച്ച് അഗസ്ത്യര്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത് തമിഴ്നാട്ടുകാരാണ്. സ്ത്രീ സ്പര്‍ശമേറ്റിട്ടില്ലാത്ത മല എന്നാണ് അഗസ്ത്യ മല അറിയപ്പെടുന്നത്. പക്ഷെ ഹൈക്കോടതി വിധി പ്രകാരം ഇക്കുറി സ്ത്രീകള്‍ കൂടി മലചവിട്ടി.
ത്രവര്ഗക്കാരുടെ വിശ്വാസങ്ങളില്‍ ശബരിമല പോലെ പവിത്രമാണ്. അഗസ്ത്യാര്‍കൂടവും. അഗസ്ത്യനെ കണ്ടു വണങ്ങുക എന്നാണ് മലകയറ്റം എന്ന ഈ വിശ്വാസത്തിന്റെ അടിസ്ഥാനം, കുത്തനെയുള്ള ഈ മല അപൂര്‍വമായ നിരവധി ഔഷ്ധ ചെടികളുടെയും ജൈവ വൈവിധ്യത്തിന്റെയും വിളനിലമാണ്. സഞ്ചാരികളുടെ മനസ് കീഴടക്കുന്ന കാഴ്ചകള്‍ തന്നെയാണ് സഞ്ചാരികളെ അഗസ്ത്യാര്‍ കൂടത്തിലേക്ക് ആനയിക്കുന്നത്.