വനമേഖലയിൽ തീപിടിത്തമുണ്ടാകുകയോ മരങ്ങൾ മോഷണം പോകുകയോ ചെയ്താൽ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് വനംവകുപ്പിനു ആയതിന്റെ നഷ്ടപരിഹാരം വനപാലകരും ജീവനക്കാരും നല്കണമെന്ന തലതിരിഞ്ഞ ചട്ടമാണ് വനനശീകരണം പുറത്തുപോലും അറിയാതെ പോകുന്നതിനു വഴിവയ്ക്കുന്നതെന്ന് നിയമവിദഗ്ധരും പരിസ്ഥിതിവാദികളും ചൂണ്ടിക്കാട്ടുന്നു.
കത്തിയമരുകയും മോഷണംപോകുകയും ചെയ്യുന്ന മരങ്ങളുടെ കണക്ക് പുറത്തറിയിക്കാതെ വനപാലകർ ഇപ്പോൾ മൂടിവയ്ക്കുകയാണ്. സ്വന്തംകീശയിലെ പണം കാലിയാകുമെന്നതാണ് ഇതിനു കാരണം. മറ്റൊരു സർക്കാർ വകുപ്പിലും ഇല്ലാത്ത സമ്പ്രദായമാണ് വനംവകുപ്പിൽ നിലനില്ക്കുന്നത്.
ഇതുകൊണ്ടുതന്നെ നാശനഷ്ടങ്ങൾ മൂടിവച്ച് വനപാലകർ ആത്മാർഥരഹിതമായി പ്രവർത്തിക്കുകയുമാണ് ഇപ്പോൾ ചെയ്യുന്നത്. കാട്ടുതീ പടർന്നുപിടിക്കുന്ന വേനൽക്കാലങ്ങളിൽ വനംവകുപ്പ് അധികൃതർ ശരിക്കും വിയർക്കുകയാണ്.
തീപിടിത്തങ്ങളിൽ എത്ര വിസ്തൃതിയിൽ തീപിടിച്ചുവെന്ന് കണ്ടെത്താൻ ജിപിഎസ് സംവിധാനം വഴികഴിയും. എന്നാൽ എത്ര ചെറുമരങ്ങൾ, തൈകൾ എന്നിവ കത്തിനശിച്ചു എന്നറിയാൻ സംവിധാനമില്ല. ഈ കണക്കുകൾ എടുക്കാൻ വനപാലകർ താത്പര്യമെടുക്കാറുമില്ല.
വനമേഖലയിൽ തീപിടിത്തമുണ്ടായാൽ നാശനഷ്ടങ്ങൾ കൃത്യമായി കണക്കാക്കി രേഖപ്പെടുത്തണമെന്നതാണ് ചട്ടം. ഇതുപ്രകാരം അഗ്്നിക്കിരയായ പ്രദേശം സന്ദർശിച്ച് മഹസർ എഴുതാറുണ്ടെങ്കിലും ജിപിഎസ് സംവിധാനം വഴി കണക്കാക്കുന്ന നാശനഷ്ടമല്ലാതെ മറ്റു ശാസ്ത്രീയ സംവിധാനങ്ങളൊന്നുമില്ല.
തീപിടിത്തത്തിൽ കത്തിനശിച്ച പ്രദേശത്തുള്ള തൈകൾ വളർന്നു വലുതായി മരമായാൽ സർക്കാരിനു ലഭിക്കാവുന്ന ലാഭവും തീപിടിത്തത്തിൽ സംഭവിച്ച ഏകദേശം നഷ്ടവും കണക്കാക്കുകയാണ്. നിലവിലുള്ള രീതി.
മരങ്ങൾക്കൊപ്പം കത്തിനശിക്കുന്ന മറ്റു ജൈവ വൈവിധ്യത്തെക്കുറിച്ച് പരിഗണിക്കാതെയാണ് ഈ നഷ്ടം തിട്ടപ്പെടുത്തുന്നത്. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ, ഫോറസ്റ്റർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർ, റിസർവ് വാച്ചർ എന്നിവരുടെ ശമ്പളത്തിൽനിന്നാണ് കാടുകളിലെ മരംനശിച്ചാൽ നഷ്ടപരിഹാരതുക ഈടാക്കുക.
തീയണയ്ക്കാൻ സജ്ജീകരണങ്ങളോ വേണ്ടത്ര ഫയർ വാച്ചേഴ്സിന്റെ സേവനങ്ങളോ ലഭ്യമല്ലാത്ത സാഹചര്യത്തിലാണ് നഷ്ടം വനംവകുപ്പ് ഉദ്യോഗസ്ഥരിൽനിന്നും ഈടാക്കുന്ന നടപടിയുണ്ടാകുന്നത്. വനംവകുപ്പിനു കീഴിലുള്ള മരങ്ങൾ മോഷണം പോയാലും ഇതുതന്നെയാണ് സ്ഥിതി.
അതേസമയം ജൈവവൈവിധ്യ നഷ്ടം കണക്കാക്കാൻ യാതൊരു സംവിധാനവും ഇല്ലെന്നതും പ്രധാനമാണ്. വനംവകുപ്പ് ഉദ്യോഗസ്ഥന്മാർക്ക് വനപരിപാലനവുമായി ബന്ധപ്പെട്ട് ആത്മരക്ഷയ്ക്കാവശ്യമായ ആയുധങ്ങളോ സാധനസാമഗ്രികളോ ഇല്ലാത്തതും മുഖ്യപ്രശ്നമാണ്.
മാവോവാദികളും മതതീവ്രവാദികളും നായാട്ടുസംഘങ്ങളും വനംകൊള്ളക്കാരും ഉൾപ്പെടുന്ന സായുധ സംഘങ്ങളെയും വന്യമൃഗങ്ങളെയും വനപാലകർ നേരിടേണ്ടത് നിരായുധരായാണ്. വനംകൊള്ളക്കാരുടെ പക്കലാകട്ടെ അത്യാധുനിക ആയുധങ്ങളാണുള്ളത്. ജീവൻ പണയംവച്ചാണ് തങ്ങൾ ജോലി ചെയ്യുന്നതെന്നാണ് വനപാലകർ പറയുന്നത്.