കുളത്തൂപ്പുഴ: ലോക വന ദിനാചരണത്തിന്റെ ഭാഗമായി തെന്മല വനം ഡിവിഷന് കല്ലുവരമ്പ് സെക്ഷന്റെ നേതൃത്വത്തില്‍ വനപാതയിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തു.
വനമേഖലയില്‍ കാട്ടു മൃഗങ്ങള്‍ക്കും സ്വാഭാവിക വനത്തിനും ദോഷകരമായി മാറാവുന്ന നിലയില്‍ വഴിയാത്രക്കാര്‍ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നീക്കം ചെയ്തു.
ആള് താമസമില്ലാത്ത വന മേഖലയില്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് വ്യാപാരശാലകളിലെയും വീടുകളിലെയും മാലിന്യം വാഹനങ്ങളിലും മറ്റുമായി എത്തിച്ചു നിക്ഷേപിക്കുന്നതു പതിവായിരിക്കുകയാണ്.
ഇത്തരത്തില്‍ നിക്ഷേപിച്ച പ്ലാസ്റ്റിക്ക് കുപ്പികളും പ്ലാസ്റ്റിക് കവറുകളും മറ്റ് അജൈവ മാലിന്യങ്ങളും വനമേഖലയില്‍ നിന്നും ശേഖരിച്ച് സംസ്കരിക്കുകയായിരുന്നു.
വന മേഖലയില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്തുന്നതിനു നീരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതിനു നടപടി സ്വീകരിക്കണമെന്ന് വകുപ്പിനോട് ആവശ്യപ്പെട്ടിട്ടുള്ളതായും ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ ഉണ്ടാവുമെന്നും സെക്ഷന്‍ ഫോറസ്റ്റര്‍ സജീവ് പറഞ്ഞു.