കോഴിക്കോട്: തുടർച്ചയായി ജോലി ചെയ്യുന്ന വനംവകുപ്പിലെ വനസംരക്ഷണ വിഭാഗം ജീവനക്കാർക്കു ജോലിക്ക് ആനുപാതികമായി ഇനി മുതൽ വിശ്രമിക്കാം. ജീവനക്കാരുടെ സംഘടനകളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് സർക്കാർ ഈ വിഷയത്തിൽ തീരുമാനമെടുത്തത്.
24 മണിക്കൂറും ഫോറസ്റ്റ് സ്റ്റേഷൻ/സെക്ഷൻ ആസ്ഥാനത്ത് താമസിച്ചുകൊണ്ട് തുടർച്ചയായി ആറുദിവസം വരെ ജോലി നോക്കുന്ന വനസംരക്ഷണ വിഭാഗം ജീവനക്കാർക്കാണ് തൊട്ടടുത്ത മൂന്നു ദിവസം അവധി ലഭിക്കുക.
ആറുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാണു നടപടി.അതിനു ശേഷം നേട്ടങ്ങളും കോട്ടങ്ങളും അവലോകനം ചെയ്ത് തുടർ നടപടി സ്വീകരിക്കും.
വനംവകുപ്പിലെ പ്രത്യേക സാഹചര്യത്തിൽ നിലവിൽ ജീവനക്കാർക്കു മതിയായ വിശ്രമം ലഭിക്കുന്നില്ല. കുടുംബപരവും വ്യക്തിപരവുമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയുന്നില്ലെന്ന് ജീവനക്കാരുടെ സംഘടനാ പ്രതിനിധികൾ വനംവകുപ്പ് മേധാവിയെ നേരിൽക്കണ്ടു ധരിപ്പിക്കുകയും ചെയ്തിരുന്നു.