ഇരിട്ടി: ആറളം വന്യജീവി സങ്കേതത്തിനുള്ളിലെ നരിക്കടവ് ആന്റി പോച്ചിംഗ് ക്യാമ്പിൽ മോഷണം നടത്തി ഉപകരണങ്ങൾ നശിപ്പിച്ച കേസിൽ അറസ്റ്റിലായ സഹോദരങ്ങൾ റിമാൻഡിൽ. ആറളം ഫാം ബ്ലോക്ക് ഒന്‍പതിൽ താമസക്കാരായ പറമ്പത്ത് വീട്ടിൽ അനീഷ് (31), വിനോദ് ( 27) എന്നിവരാണ് റിമാൻഡിൽ ആയത്.
ഡിസംബർ രണ്ടിനും 11നും ഇടയിലാണ് കേസിനാസ്പദമായ സംഭവം. മീൻമുട്ടി വെള്ളച്ചാട്ടത്തിനു സമീപം വനംവകുപ്പിന്റെ ആന്റി കോച്ചിംഗ് ക്യാമ്പിൽ അതിക്രമിച്ചു കയറി പാത്രങ്ങൾ, ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിക്കുന്ന വസ്തുക്കൾ, സിസിടിവി, വയറിംഗ്, സോളാർ പാനൽ, സ്ലീപ്പിംഗ് ബെഡ്, വാതിലുകൾ എന്നിവ നശിപ്പിച്ചിരുന്നു.
സംഭവത്തിൽ വനം വകുപ്പ് ആറളം പോലീസിൽ പരാതി നൽകിയിരുന്നു. കോളനികളിലെ ഊരുമൂപ്പന്മാരിൽനിന്നു ലഭിച്ച രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കുറിച്ചുള്ള സൂചന പോലീസിനു ലഭിക്കുന്നത്. സംഭവത്തിനു ശേഷം ഇവർ ഒളിവിൽ ആയിരുന്നു.
കഴിഞ്ഞദിവസം രാത്രി ആറളം ഫാം ബ്ലോക്ക് ഒമ്പതിലെ വീടിനു സമീപം ഇവർ എത്തിയെന്ന രഹസ്യവിവരത്തുടർന്ന് പരിശോധന നടത്തിയ പോലീസ് പ്രതികളെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.