കോഴിക്കോട്: മന്ത്രി എ.കെ. ശശീന്ദ്രനെ നോക്കുകുത്തിയാക്കി വനംവകുപ്പില്‍ രാഷ്ട്രീയ ഇടപെടല്‍ ശക്തം. അച്ചടക്ക നടപടികളിലും സ്ഥലംമാറ്റത്തിലുമടക്കമുള്ള പാര്‍ട്ടി നേതൃത്വത്തിന്റെ ഇടപെടല്‍ ഉദ്യോഗസ്ഥരില്‍ കടുത്ത എതിര്‍പ്പിന് ഇടയാക്കുന്നു.വലിയ പൊട്ടിത്തെറിയുടെ വക്കിലാണ് ഇപ്പോള്‍ വനംവകുപ്പ്.
തെരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ വനംവകുപ്പില്‍ അടുത്ത ദിവസങ്ങളിലുണ്ടായ രാഷ്ട്രീയ ഇടപെടല്‍ വലിയ എതിര്‍പ്പിനു വഴിവച്ചിട്ടുണ്ട്. വയനാട് സുഗന്ധഗിരി മരം മുറിയില്‍ കുറ്റക്കാരായ മൂന്ന് ഓഫീസര്‍മാരെ സസ്പെന്‍ഡ് ചെയ്ത് 24 മണിക്കൂറിനകം ഉത്തരവ് മരവിപ്പിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
സൗത്ത് വയനാട് ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍ എ. ഷജ്ന, കല്‍പ്പറ്റ ഫ്ളയിംഗ് സ്ക്വാഡ് റേഞ്ച് ഓഫീസര്‍ എം. സജീവന്, ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ ബീരാന്‍കുട്ടി എന്നിവര്‍ക്കെതിരായ നടപടിയാണ് ഉത്തരവിറക്കി മണിക്കൂറിനകം മരവിപ്പിച്ചത്. നടപടിക്രമങ്ങള്‍ പാലിക്കാതെ സസ്പെന്ഷന് ഉത്തരവ് പുറപ്പെടുവിച്ചതാണ് അതു മരവിപ്പിക്കാന്‍ കാരണമെന്നാണ് മന്ത്രി എ.കെ. ശശീന്ദ്രന് പറയുന്നത്.
നടപടിക്കു വിധേയരായ ഉദ്യോഗസ്ഥര്‍ ട്രൈബ്യൂണലില്‍ പേയാല്‍ നടപടി റദ്ദാക്കാനുള്ള സാധ്യത ഏറെയാണ്. അതു മുന്നില്‍ കണ്ടാണ് ഉത്തരവ് മരിവിപ്പിച്ചത്. നടപടിക്രമങ്ങള്‍ പാലിച്ചശേഷം പുതിയ ഉത്തരവ് ഇറങ്ങുമെന്ന് മന്ത്രി പറയുന്നു. എന്‍സിപി സംസ്ഥാന ഉന്നതനേതാവിന്റെ ഇടപെടലാണ് ഉത്തരവു മരവിപ്പിക്കുന്നതിലേക്ക് നയിച്ചതെന്ന് പാര്‍ട്ടി കേന്ദ്രങ്ങള്‍ സൂചിപ്പിക്കുന്നു.
ലക്ഷദ്വീപിലെ എന്‍സിപി ക്കരാനായ എംപിയുടെ അടുത്ത സുഹൃത്താണ് നടപടിക്കു വിധേയായ ഡിഎഫ്ഒ. അദ്ദേഹമാണ് സംസ്ഥാനത്തെ ഉന്നതനേതാവിൽ സമ്മര്‍ദം ചെലുത്തിയതെന്നാണ് വിവരം. ഉത്തരവു നടപ്പാക്കിയാല്‍ വടകരയില്‍ ഡിഎഫ്ഒയുടെ കുടുംബത്തിന്റെ വോട്ട് നഷ്ടപ്പെടുമെന്ന സിപിഎംകാരുടെ നിലപാടും മാറിചിന്തിക്കാന്‍ സര്‍ക്കാറിെന പ്രേരിപ്പിച്ചു. സുഗന്ധഗിരിയില്‍ 20 മരങ്ങള്‍ മുറിക്കാനുള്ള അനുമതിയുടെ മറവിലാണ് 108 മരങ്ങള്‍ മറിച്ചത്.