പത്തനംതിട്ട: മലയോര മേഖലയിലെ പട്ടയ ഭൂമിയില്‍ നട്ടുവളര്‍ത്തിയ മരങ്ങള്‍ മുറിക്കുന്നതിനുപോലും വനംവകുപ്പ് തടസം നില്‍ക്കുകയും അനധികൃതമായി വീടുകളില്‍ കടന്നുകയറി പരിശോധനകള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് പരസ്യ പ്രതിഷേധവുമായി രംഗത്തുവന്നതെന്ന് സിപിഎം നേതാക്കള്‍. ഇതുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്ക്കിടെയുള്ള പ്രതികരണങ്ങള്‍ സ്വാഭാവികമാണെന്നും നേതാക്കള്‍ പറഞ്ഞു.
വനപാലകര്‍ വീടുകളില്‍ കയറി പരിശോധിക്കുകയും കര്‍ഷക ദ്രോഹ നടപടികള്‍ തുടരുകയും ചെയ്താല്‍ സമരം ശക്തിപ്പെടുത്താനാണ് സിപിഎം തീരുമാനം.
ഇന്നലെ സീതത്തോട് കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് സിപിഎം നടത്തിയ മാര്‍ച്ചിനിടെ നേതാക്കള്‍ പ്രകോപനപരമായി പ്രസംഗിച്ചതു വിവാദമായതിനു പിന്നാലെയാണ് പ്രതികരണം.
അനാവശ്യ ഇടപെടലുകള്‍ നടത്തുന്ന വനം ഉദ്യോഗസ്ഥരുടെ കാലുമാത്രമല്ല കയ്യും വെട്ടുമെന്ന് പെരുനാട് ഏരിയാ കമ്മിറ്റി അംഗം ജയ്സണ്‍ ജോസഫ് പ്രസംഗിച്ചതും ഉദ്യോഗസ്ഥര്‍ ഒറ്റക്കാലില്‍ നടക്കാന്‍ പരിശീലിക്കണമെന്നാണ് ഡിവൈഎഫ്ഐ സംസ്ഥാന സമിതി അംഗം ജോബി ടി. ഈശോ ഭീഷണിപ്പെടുത്തിയതുമാണ് പുതിയ വിവാദങ്ങള്‍ക്കു കാരണമായത്.
തടി പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞതിന്റെ പേരില്‍ സിപിഎം പ്രാദേശിക നേതാവടക്കം 12 പേര്‍ക്കെതിരേ കേസെടുത്തതില്‍ പ്രതിഷേധിച്ചായിരുന്നു സീതത്തോട് കൊച്ചുകോയിക്കല്‍ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടന്നത്.
കഴിഞ്ഞയാഴ്ച കൊച്ചുകോയിക്കലില് മുറിച്ചിട്ട പാഴ് മരങ്ങള്‍ പരിശോധിക്കാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരുമായി സിപിഎം നേതാവ് ജേക്കബ് വളയംപള്ളിയുടെ നേതൃത്വത്തില്‍ വാക്കേറ്റവും തര്‍ക്കങ്ങളുമുണ്ടായി.
തങ്ങളെ കൈയേറ്റം ചെയ്തതായി ആരോപിച്ച് വനപാലകര്‍ പോലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. തണ്ണിത്തോടേ അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിനു സമീപം സ്ഥാപിച്ച സിഐടിയു കൊടിമരം നീക്കിയതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ കഴിഞ്ഞദിവസം നടന്ന പ്രതിഷേധത്തിനിടെ ഫോറസ്റ്റ് ഉദ്യോഗസ്ഥന്റെ കൈവെട്ടുമെന്ന് ലോക്കല്‍ സെക്രട്ടറി പരസ്യമായി പ്രഖ്യാപനം നടത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട് പോലീസ് കേസും വനപാലകരുടെ പ്രതിഷേധവും ഉയര്‍ന്നതിനു പിന്നാലെയാണ് ഇന്നലെ സീതത്തോട്ടില്‍ വീണ്ടും പ്രകോപനപരമായ പ്രസ്താവനകളുമായി നേതാക്കള്‍ രംഗത്തിറങ്ങിയത്.
സീതത്തോട് ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് ജോബി ടി.ഈശോയാണ് ഉദ്യോഗസ്ഥരുടെ കാല്‍വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയത്. പാര്‍ട്ടി പ്രവര്‍ത്തരെയടക്കം പ്രതിയാക്കി ചിറ്റാര്‍ പോലീസ് കേസ് എടുത്തതില്‍ പരാതിക്കാരനായ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍ സുരേഷിനോടായിരുന്നു ഡിവൈഎഫ്ഐ നേതാവിന്റെ അമര്‍ഷം. സുരേഷിന്റെ പേര് എടുത്തു പറഞ്ഞായിരുന്നു ജോബിയുടെ ഭീഷണി.
ബൂട്ടിട്ട് വീടുകളില്‍ പരിശോധനയ്ക്കു വരുന്ന ഉദ്യോഗസ്ഥര്‍ ഒറ്റക്കാലില്‍ നടക്കാനുള്ള അഭ്യാസം കൂടി പഠിച്ചിട്ടുവേണം ഇനി ഈ പണിക്ക് ഇറങ്ങാനെന്നും കൊലപാതക ശ്രമത്തിന് ഇനി കേസുകള്‍ കൊടുക്കേണ്ടിവരുമെന്നും ഭീഷണി തുടര്‍ന്നു.കള്ളക്കേസുകളിലൂടെ അഴിഞ്ഞാടാന്‍ തുടങ്ങിയാൽ ജനാധിപത്യം വിപ്ലവം മാത്രമല്ല, സായുധ വിപ്ലവം നടത്താന്‍ കൂടി തങ്ങള്‍ക്കറിയാമെന്നു പറഞ്ഞു തുടങ്ങിയ സിപിഎം പെരുനാട് ഏരിയാ കമ്മിറ്റിയംഗം ജെയ്സണ്‍ ജോസഫ് കൈവെട്ടാനും മടിയില്ലെന്ന തരത്തില്‍ പ്രകോപന പ്രസംഗം നടത്തി.
തണ്ണിത്തോട്ടിലെ ലോക്കല്‍ സെക്രട്ടറി പറഞ്ഞത് കാലുവെട്ടാമെന്നാണെങ്കില് കൈയും വെട്ടി വനപാലകരുടെ അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ തങ്ങള്‍ മടിക്കില്ലെന്നും ജയ്സണ്‍ പറഞ്ഞു.