വടക്കഞ്ചേരി: ആനകൂട്ടങ്ങൾ വിഹരിക്കുന്ന വനത്തിനകത്തെ തളികക്കല്ല് ആദിവാസി കോളനിയിലെ ആംഗൻവാടി ടീച്ചർ (വർക്കർ)ക്ക് ഒരു ദിവസം കോളനിയിലേക്കും തിരിച്ച് വീട്ടിലേക്കുമായി യാത്ര ചെയ്യേണ്ടത് 52 കിലോമീറ്റർ ദൂരം.
വണ്ടാഴി പാലമൊക്കിലുള്ളയാളെയാണ് ഇപ്പോൾ പ്രമോഷനോടെ മംഗലംഡാം കടപ്പാറക്കടുത്തുള്ള തളികകല്ലിൽ അങ്കണവാടി വർക്കറായി നിയമിച്ചിട്ടുള്ളത്.
പത്ത് വർഷമായി അങ്കണവാടിയിൽ ഹെൽപ്പറായി സേവനം ചെയ്തിരുന്ന ഇവരെ പ്രമോഷൻ നൽകി അയച്ചിട്ടുള്ളത് ദുർഘട കാനന വഴികൾ താണ്ടിയെത്തേണ്ട മലമുകളിലെ തളികകല്ലിലേക്ക്.
വർക്കറുടെ നിയമന വ്യവസ്ഥ പ്രകാരം ദിവസവും കോളനിയിലെത്തി കുട്ടികളെ കണ്ട് വിവരങ്ങൾ തിരക്കണം. എന്നാൽ ഇത് പ്രായോഗികമല്ല.
പാലമൊക്കിൽ നിന്നും വണ്ടാഴിയിലെത്തി അവിടെ നിന്നും മംഗലംഡാം വഴി പൊൻകണ്ടം കടപ്പാറയെത്തണം. കടപ്പാറയിൽ നിന്നും അഞ്ച് കിലോമീറ്ററോളം ദൂരം കുത്തനെയുള്ള കാട്ടുവഴികളും ആളൊഴിഞ്ഞ വനപ്രദേശത്തുകൂടി നടന്നു വേണം കോളനിയിലെത്താൻ.
രാവിലെ പുറപ്പെട്ടെങ്കിലെ ഉച്ചയോടെ കോളനിയിലെത്തു. തിരിച്ചു പോരാനും ഈ മുന്നൊരുക്കങ്ങളെല്ലാം നടത്തണം. ഏറെ സാഹസികവും ഭീതിജനകവുമായ ജോലിയാകും ദിവസവും കോളനിയിൽ പോയി തിരിച്ചെത്തുക എന്നത്.
അങ്കണവാടി തസ്തികകളിലേക്കുള്ള നിയമന വ്യവസ്ഥകളിൽ നിലനിൽക്കുന്ന നൂലാമാലകളാണ് ഇത്തരത്തിൽ സംഭവിക്കാനിടയാകുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട അധികാരികളുടെ വിശദീകരണം.
അങ്കണവാടിയിലേക്ക് വർക്കറെ നിയമിക്കുന്പോൾ സീനിയോറിറ്റി, യോഗ്യത, പരിചയം, പ്രമോഷൻ, ആശ്രിത നിയമനം എന്നിവ പരിഗണിക്കേണ്ടതുണ്ടെന്ന് ഐ സി ഡി എസ് വണ്ടാഴി സൂപ്പർവൈസർ സുധ പറഞ്ഞു.
ഇത്രയും ദൂരം യാത്ര ചെയ്ത് കാട്ടിനുള്ളിലെ കോളനിയിൽ പോയി സേവനം ചെയ്യുക എന്നത് സ്ത്രീകളെ സംബന്ധിച്ചിടത്തോളം വലിയ പരീക്ഷണം തന്നെയാണ്.
മതിയായ യോഗ്യതയുള്ള കോളനിയിലെ തന്നെ രജിത എന്നയാളെയാണ് വർക്കർ (ടീച്ചർ) തസ്തികയിൽ വെച്ചിരുന്നത്.
എന്നാൽ അത് താല്ക്കാലികമായിരുന്നു. നിലവിലെ നിയമന ഉത്തരവുകൾ പ്രകാരം അവരെ സ്ഥിരപ്പെടുത്താൻ കഴിയില്ല. അത് മാനദണ്ഡങ്ങൾക്ക് വിരുദ്ധമാകുമെന്നതിനാലാണ് ഈ രീതിയിലുള്ള പോസ്റ്റിംഗ് നടന്നതെന്ന് സൂപ്പർവൈസർ പറയുന്നു.
എസ് എസ് എൽ സിയാണ് വർക്കറുടെ വിദ്യാഭ്യാസ യോഗ്യത. നിയമനത്തിനു ശേഷം പിന്നീട് മൂന്ന് മാസത്തെ പരിശീലനം നൽകിയാണ് വർക്കറെ ജോലിക്ക് പ്രാപ്തയാക്കുന്നത്. മാസം 12,000 രൂപയാണ് വർക്കറുടെ ഓണറേറിയം.8000 രൂപയാണ് ഹെൽപ്പറുടെ പ്രതിഫലം.
കോളനിയിൽ തന്നെ എസ് എസ് എൽ സി കഴിഞ്ഞവർ പത്ത് പേരുണ്ട്.ബിരുദ വിദ്യാർത്ഥികളുമുണ്ട്.തങ്ങൾക്കിടയിൽ നിന്നു തന്നെ യോഗ്യതയുള്ള ഒരാളെയെടുത്ത് വർക്കറായി സ്ഥിര നിയമനം നൽകണമെന്നാണ് കോളനിക്കാരുടെ ആവശ്യം.
കുട്ടികൾക്കും വീടുകളിലേക്കുമുള്ള പോഷകാഹാര വിതരണവും സുഗമമാകാനും പ്രദേശവാസികളുടെ നിയമനത്തിലൂടെ സാധിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
കോളനിയിൽ 58 കുടുംബങ്ങളുണ്ട്. കുറച്ചു കുടുംബങ്ങൾ സ്ഥിരമായി ഉൾക്കാടുകളിലും കഴിയുന്നുണ്ടെന്ന് പറയുന്നു.
സുരക്ഷിതമായ കെട്ടിടത്തിന്റെ അഭാവവും കോവിഡ് മഹാമാരിയുമായി കോളനിയിലെ അങ്കണവാടിയുടെ ഉദ്ദേശലഷ്യങ്ങൾ വേണ്ട വിധം നിറവേറ്റപെടാത്ത സ്ഥിതിയാണ്.
എന്നാൽ ഇപ്പോൾ 20 ലക്ഷം രൂപ ചെലവിൽ അങ്കണവാടി കെട്ടിടത്തിന്റെ നിർമ്മാണം പുരോഗമിക്കുന്നുണ്ട്. കെട്ടിടവും പുതിയ സംവിധാനങ്ങളുമായി അങ്കണവാടിയുടെ പ്രവർത്തനം പ്രയോജനപ്പെടണമെന്നാണ് കോളനിക്കാർ ആവശ്യപ്പെടുന്നത്.