ആലപ്പുഴ: ജില്ലയിലെ വിവിധ മത്സ്യ വിൽപന കേന്ദ്രങ്ങളിലേക്ക് മാരക രാസവസ്തുവായ ഫോർമാലിൻ കലർന്ന മത്സ്യം ഒഴുകുന്നു.
കാൻസറിനും മറ്റ് ധാരാളം ആരോഗ്യപ്രശ്നങ്ങൾക്കും വഴിവയ്ക്കുന്ന ഒന്നാണ് ഫോർമാലിൻ. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ പരിശോധന വല്ലപ്പോഴും മാത്രം നടക്കുന്നതും വിഷമത്സ്യ വിൽപനക്ക് വളംവച്ചു കൊടുക്കുന്നു.
മത്സ്യം ദീർഘനാൾ കേടാകാതെ പച്ചമത്സ്യമെന്നു തോന്നിക്കുന്ന രീതിയിൽ ഇരിക്കാനാണ് ഫോർമാലിൻ ലായനിയിലിടുന്നത്.
ഇന്നലെ വഴിച്ചേരി മത്സ്യമാർക്കറ്റിലും പരിസരത്തും ജില്ലാഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ റെയ്ഡിൽ ഫോർമാലിൻ ചേർന്നതുൾപ്പെടെ പഴകിയ 102.5 കിലോ മത്സ്യം പിടിച്ചെടുത്തു.
കേരയും തിലോപ്പിയയും
വഴിച്ചേരി മാർക്കറ്റിൽ മത്സ്യക്കച്ചവടം നടത്തുന്ന വഴിച്ചേരി തലപ്പറന്പ് ആയിഷകോട്ടേജിൽ അസീസ് മൻസിലിൽ അസീസ്, വഴിച്ചേരി പറന്പിത്തറ അലക്സാണ്ടർ എന്നിവരുടെ പക്കൽ നിന്നും ഫോർമാലിൻ ചേർന്ന പഴകിയ 92 കിലോ കേരയും ഏഴുകിലോ ചീഞ്ഞ തിലാപ്പിയയും പിടിച്ചെടുത്തു.
വഴിച്ചേരി പാലത്തിനു വടക്കുവശം മത്സ്യകച്ചവടം നടത്തുന്ന സക്കറിയാ വാർഡ് ലത്തീഫ് വക പുരയിടത്തിൽ പി. ഷാഹിറിന്റെ മത്സ്യത്തട്ടിൽ നിന്ന് ഫോർമാലിൻ കലർന്ന 3.5 കിലോ നെൻമീനാണ് പിടിച്ചത്.
ചൂണ്ടമീൻ എന്നപേരിലാണ് ഇയാൾ ഇത് വിൽപന നടത്തിയിരുന്നത്.
വാക്കേറ്റം
ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ റെയ്ഡിനെത്തിയതോടെ മത്സ്യവ്യാപാരികളുമായി ചെറിയതോതിൽ വാക്കേറ്റമുണ്ടായി.
ചില്ലറ വിൽപനക്കാരായ തങ്ങളുടെ അടുത്ത് റെയ്ഡിനു വന്നിട്ട് കാര്യമില്ലെന്നും മൊത്തക്കച്ചവടകേന്ദ്രങ്ങളിലാണ് റെയ്ഡ് നടത്തേണ്ടതെന്നും വിൽപനക്കാർ പറഞ്ഞു.
വഴിച്ചേരി മാർക്കറ്റിൽ കൊച്ചിൻ ഹാർബറിൽ നിന്നുള്ള മത്സ്യമെത്തിച്ചാണ് വിൽപന നടത്തുന്നത്. നേരത്തെ ഇവിടെ വിൽപന നടത്തിയിരുന്ന മത്സ്യത്തിലും ഫോർമാലിൻ കണ്ടതിനെതുടർന്ന് പടിച്ചെടുത്ത് നശിപ്പിച്ചിരുന്നു.
മുന്നറിയിപ്പ് വകവയ്ക്കാതെ
കൊച്ചിൻ ഹാർബറിൽ ഇവർക്ക് മത്സ്യം നൽകുന്ന ആളിൽ നിന്ന് മത്സ്യം വാങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
എന്നാൽ ഇതു വകവയ്ക്കാതെയാണ് ഇയാളിൽ നിന്നു തന്നെ ഫോർമാലിൻ കലർന്ന മത്സ്യം ഇവർ വീണ്ടും വിൽപനയ്ക്കെത്തിച്ചത്.
കൊച്ചിൻ സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസിനു കീഴിലാണ് കൊച്ചിൻ ഹാർബർ. ഇവർ പരിശോധിച്ച ഫോർമാലിൻ മുക്തമത്സ്യം ഇവിടെ വിൽപനയ്ക്ക് ലഭ്യമാണെങ്കിലും ലാഭം നോക്കിയാണ് പലരും അനധികൃത വിൽപനക്കാരിൽ നിന്നു കുറഞ്ഞവിലക്ക് മത്സ്യം വാങ്ങി ചില്ലറ വിൽപനയ്ക്കെത്തിക്കുന്നത്.
ഒരുലക്ഷം വരെ പിഴ
ഇന്നലെ രാവിലെ 9.30ന് ജില്ലാ ഭക്ഷസുരക്ഷാ വിഭാഗം സ്ക്വാഡ് ഒന്നിലെ അസിസ്റ്റന്റ് കമ്മീഷണർ രഘുനാഥകുറുപ്പ്, ഭക്ഷ്യസുരക്ഷാ ഓഫീസർ എം. മീരാ ദേവി, കുട്ടനാട് ഭക്ഷ്യസുരക്ഷാ ഓഫീസർ ചിത്രാ മേരി തോമസ്, ബിജുരാജ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
ഒരുലക്ഷം വരെ പിഴയീടാക്കാവുന്ന കുറ്റമാണിതെന്ന് ഭക്ഷ്യസുരക്ഷാ ഓഫീസർ എം മീരാ ദേവി രാഷ്ട്രദീപികയോടു പറഞ്ഞു.
ഭക്ഷ്യസുരക്ഷാവകുപ്പ് അസിസ്റ്റന്റ് കമ്മീഷണർ ഹിയറിംഗ് നടത്തിയ ശേഷമായിരിക്കും നഷ്ടപരിഹാരത്തുക നിശ്ചയിക്കുക.
പൊതു വിപണിയിൽ വിൽക്കാൽ പാടില്ലെന്നതിനാൽ പിടിച്ചെടുത്ത മത്സ്യം കുഴിച്ചു മൂടുകയായിരുന്നു.
സംഘർഷാവസ്ഥ കണക്കിലെടുത്ത് കൺട്രോൾ റൂം എഎസ്ഐ മാരായ ബിനു, റിച്ചാഡ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും റെയ്ഡിൽ പങ്കെടുത്തു.ആരോഗ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരമുള്ള റെയ്ഡ് ഒരാഴ്ച തുടരും.