അന്പലപ്പുഴ: പഴകിയ മത്സ്യ വിൽപന വീണ്ടും വ്യാപകമാകുന്നു. നടപടിയെടുക്കാതെ അധികൃതർ. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ ഏതാനും മാസമായി പഴകിയ മത്സ്യങ്ങളാണ് വിൽക്കുന്നത്. കൂടുതലും വഴിയോര വിൽപന ശാലകളിലാണ് ഇത്തരത്തിൽ വിൽപന വ്യാപകമായിരിക്കുന്നത്.
അന്യ സംസ്ഥാനങ്ങളിൽ നിന്നെത്തിക്കുന്ന വലിയ മത്സ്യങ്ങൾ വഴിയോര വിൽപനശാലകളിൽ മുറിച്ച ശേഷം ആഴ്ചകൾ കൊണ്ടാണ് വിറ്റുതീർക്കുന്നത്. ഇവ കേടാകാതിരിക്കാൻ ഫോർമാലിൻ ഉൾപടെയുള്ള മാരക വസ്തുക്കളാണ് മീനിൽ ഉപയോഗിക്കുന്നത്. ഒരു വർഷം മുന്‍പ് പഴകിയ മത്സ്യ വിൽപനക്കെതിരെ സംസ്ഥാനത്തെങ്ങും കർശന പരിശോധന നടന്നിരുന്നു.
എന്നാൽ പരിശോധന നിർജീവമായതോടെ മായം കലർന്ന മത്സ്യ വിൽപന വീണ്ടും സജീവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം കാക്കാഴത്തു വഴിയോര വിൽപന ശാലയിൽനിന്നു പ്രദേശവാസിയായ ഒരാൾക്ക് ലഭിച്ചത് ആഴ്ചകൾ പഴകിയ മീനായിരുന്നു. ഇതു സംബന്ധിച്ച് ഇദ്ദേഹം അധികൃതർക്ക് പരാതി നൽകാനൊരുങ്ങുകയാണ്.
ഇത്തരത്തിൽ നിരവധി പരാതികൾ ലഭിച്ചിട്ടും അന്വേഷണം നടത്തേണ്ട ഭക്ഷ്യ സുരക്ഷാ വിഭാഗവും ആരോഗ്യ വകുപ്പും ഒരു നടപടിയും സ്വീകരിക്കാത്തത് മായം കലർന്ന മത്സ്യ വിൽപന വർധിക്കാൻ കാരണമാകുന്നുണ്ട്. പരിശോധനക്കുള്ള സ്ട്രിപ്പ് ലഭിക്കുന്നില്ല എന്ന കാരണമാണ് അധികൃതർക്ക് പറയാനുള്ളത്.
വലിയ ഇൻസുലേറ്റഡ് വാഹനങ്ങളിൽ ടണ്‍ കണക്കിന് വലിയ മത്സ്യമാണ് ജില്ലയുടെ പ്രധാന മാർക്കറ്റുകളിലും വഴിയോര വിൽപന ശാലകളിലുമെത്തിക്കുന്നത്. അന്യസംസ്ഥാനങ്ങളിൽ നിന്ന് മായം കലർത്തിയ മീൻ ദിവസങ്ങൾ കഴിഞ്ഞാണ് ജില്ലയിലെത്തുന്നത്.
പിന്നീട് ഇവ കേടുകൂടാകാതിരിക്കാൻ മാരക രാസവസ്തുക്കൾ ചേർക്കുന്നതും പതിവാണ്. കൂടുതൽ ഉദ്യോഗസ്ഥരെ നിയോഗിച്ച് ഇത്തരം മത്സ്യ വിൽപന കർശനമായി തടയാൻ ജില്ലാ ഭരണകൂടം അടിയന്തര ഇടപെടൽ നടത്തണമെന്നാണ് ആവശ്യം.