കോട്ടയം: ഒരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം വ്യാപകമാവുന്നു. കേരളത്തെ പ്രളയം വിഴുങ്ങിയതോടെ
ഓപ്പറേഷന് സാഗര്‍ റാണിയെന്ന പേരില്‍ മായം കലര്‍ന്ന മത്സ്യം കണ്ടെത്താനുള്ള നടപടി അകാല ചരമം പ്രാപിച്ചതോടെ കേരളത്തിലേക്ക് വീണ്ടും വലിയ തോതില്‍ മായം കലര്‍ന്ന മത്സ്യം വരുമോ എന്ന ആശങ്കയിലാണ് ഏവരും.
പ്രളയക്കെടുതിയും ശബരിമല പ്രശ്നവും കത്തി നില്ക്കുന്ന അവസ്ഥയില്‍ സര്‍ക്കാരിന്റെയും മാധ്യമങ്ങളുടേയും കണ്ണുവെട്ടിച്ച് മായം കലര്‍ന്ന മത്സ്യം വിപണിയില്‍ സജീവമാകുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഭക്ഷ്യവസ്തുക്കളില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയും ഉദ്യോഗസ്ഥരും ഉറപ്പ് പറഞ്ഞിരുന്നുവെങ്കിലും ഒന്നും പ്രാവര്‍ത്തികമായിട്ടില്ല.കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ മാര്‍ക്കറ്റില്‍ കിലോ കണക്കിന് മായം കലര്‍ന്ന മത്സ്യമാണ് പിടിച്ചെടുത്തത്.സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉയോഗിച്ചുള്ള പ്രാഥമിക പരിശോധനയിലാണ് മത്സ്യത്തില്‍ മായം കലര്‍ന്ന വിവരം പുറത്ത് വന്നത്.
കേരളത്തിലെ മാര്‍ക്കറ്റുകളില്‍ ഫോര്‍മാലിന്‍ കലര്‍ന്ന മത്സ്യം അമിതമായി എത്തുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി പരിശോധന കര്‍ശനമാക്കിയിരുന്നു. തമിഴ്നാട്ടില്‍ നിന്നുള്‍പ്പടെ വന്ന മത്സ്യ ലോറികളില്‍ നിന്നും ഫോര്‍മാലിന്‍ വലിയ അളവില്‍ കലര്‍ന്ന മത്സ്യമാണ് പിടിച്ചെടുത്ത്. എന്നാല്‍ പ്രളയവും തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളും ഓപ്പറേഷന് സാഗര്റാണിയെന്ന പദ്ധതി ഉപേക്ഷിക്കുന്നതിലേക്ക് സര്‍ക്കാരിനെ നയിച്ചു.
ഏറ്റവും കൂടുതല്‍ മായം കലര്‍ന്നതായി കണ്ടെത്തിയ മത്സ്യമാര്‍ക്കറ്റുകളില്‍ ആഴ്ചയിലൊരിക്കല്‍ പരിശോധന നടത്താന്‍ അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ക്കു നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉദ്യോഗസ്ഥരും വ്യാപാരികളും ഒത്തുകളിച്ചാണു പരിശോധന നിലച്ചത്. മൃതദേഹങ്ങള്‍ കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിന്‍ മത്സ്യക്കച്ചവടക്കാര് ഉപയോഗിക്കുന്നതായി തെളിഞ്ഞതിനെ ത്തുടര്‍ന്നാണ് പരിശോധന വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്.
മല്‍സ്യത്തില്‍ ഫോര്‍മാലിന്‍ മാരകമായ അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു.മനുഷ്യശരീരം കേടുകൂടാതെ സൂക്ഷിക്കാനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. വിവിധ ശരീരഭാഗങ്ങള്‍ പതോളജി പരിശോധനയ്ക്കായി അയയ്ക്കുന്നത് 10 ശതമാനം വീര്യമുള്ള ഫോര്‍മാലിന്‍ ലായനിയിലാണ്. മൃതദേഹം എംബാം ചെയ്യാനായി ഉപയോഗിക്കുന്നതും ഫോര്‍മാലിനാണ്. ഇവ അടങ്ങിയ മത്സ്യം കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നുറപ്പാണ്.