കൊട്ടാരക്കര: മാരക രാസവസ്തുക്കൾ ചേർത്ത മത്സ്യവ്യാപാരത്തെക്കുറിച്ച് വ്യാപക പരാതി ഉയർനന്നതോടെ സംസ്ഥാനമെന്പാടും പരിശോധനകൾ തുടരുന്പോൾ കൊട്ടാരക്കരയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന് അനക്കമില്ല. ഭക്ഷ്യസുരക്ഷാ ഓഫീസിന്റെ തൊട്ടടുത്തുള്ള കൊട്ടാരക്കര ചന്തയിൽപോലും പേരിനെങ്കിലും പരിശോധന നടത്താൻ ഉദ്യോഗസ്ഥർ തയറായിട്ടില്ല. മത്സ്യവ്യാപാരത്തെ ചൊല്ലി ഏറ്റവും അധികം പരാതികൾ ഉയരുന്ന ചന്തകളിൽ ഒന്നാണ് നഗരഹൃദയത്തിലുള്ളത്.
മാലിന്യവും ദുർഗന്ധവും മൂലം പരിസരമലിനീകരണം പോലും സൃഷ്ടിക്കുന്ന മത്സ്യവ്യാപാരകേന്ദ്രമാണിത്. അഴുകിയതും കാലപ്പഴക്കം ചെന്നതും രാസവസ്തുക്കൾ ചേർന്നതുമായ മത്സ്യം ഇവിടെ വിൽക്കപ്പെടുന്നതായി വളരെ നേരത്തെ തന്നെ പരാതികൾ ഉയർന്നിരുന്നു. മൂന്നുവർഷം മുന്‍പ് വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധനയും അഴുകിയതും പുഴു അരിച്ചതുമായ മത്സ്യം ഇവിടെ നിന്നും പിടികൂടിയിരുന്നു.
ചന്തയ്ക്കുള്ളിൽ ഉണ്ടായിരുന്ന ഫ്രീസറുകൾ നീക്കം ചെയ്യുകയും കുറ്റക്കാരായ വില്പന്നക്കാരുടെ പേരിൽ കേസെടുക്കുയും ഉണ്ടായി. എന്നാൽ ദിവസങ്ങൾക്കകം ഈ ഫ്രീസറുകൾ തിരികെ വരുകയും മത്സ്യവ്യാപാരം പഴയപടി ആവുകയും ചെയ്തു. തുടർ പരിശോധനകൾ ഇല്ലാത്തതുമൂലം ഇവിടുത്തെ മത്സ്യവ്യാപാരം പഴയപടി തന്നെ തുടരുകയാണ് ഇപ്പോൾ. താലൂക്ക് ആസ്ഥാനത്തുള്ള ചന്തയായതിനാൽ ദിനം പ്രതി നൂറുകണക്കിനാളുകളാണ് ഇവിടെ മത്സ്യം വാങ്ങാൻ എത്തുന്നത്.
പുലർച്ചമുതൽ രാത്രിവരെ വ്യാപാരം നടന്നു വരുന്നു. ഗുണനിലവാരമില്ലാത്ത മത്സ്യം വാങ്ങി ഉപയോഗിക്കുന്നവർക്ക് ആരോഗ്യ പ്രശ്നം ഉണ്ടാകുമെന്ന ആശങ്ക അസ്ഥാനത്തല്ല. മുൻസിപ്പാലിറ്റിയുടേതാണ് ചന്തയെങ്കിലും മുൻസിപ്പാലിറ്റിയുടെ ആരോഗ്യവിഭാഗവും ഇവിടെ പരിശോധനയ്ക്ക് എത്താറില്ല. താലൂക്കിലെ മറ്റ് പ്രധാന മത്സ്യ വിൽപ്പന കേന്ദ്രങ്ങളായ പുത്തൂർ, എഴുകോണ്‍, ഓടനാവട്ടം, വെളിയം, നെടുമണ്‍കാവ്, കലയപുരം എന്നിവിടങ്ങളിലെ സ്ഥിതിയും വ്യത്യസ്തമല്ല.
ഇവിടങ്ങളിലും ഭക്ഷ്യ സുരക്ഷാ വിഭാഗം ഇതുവരെ എത്തിനോക്കിയിട്ടില്ല. പഞ്ചായത്തുകളിലെ ആരോഗ്യവിഭാഗവും പരിശോധനകൾക്ക് തയാറായിട്ടില്ല. തമിഴ്നാട് മത്സ്യമാണ് കിഴക്കൻ മേഖലയിൽ പ്രധാനമായും എത്തിച്ചേരുന്നത്. മത്സ്യ ബന്ധനം നടത്തുന്ന ബോട്ടിൽ വച്ചും തുറമുഖത്തുവച്ചും വിൽപ്പനയ്ക്കായി കൊണ്ടുവരുന്പോഴും രാസപ്രയോഗം നടത്തിവരുന്നതായാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ തന്നെ സൂചന നൽകുന്നത്. <br> കൂടാതെ ചന്തകളിൽ ദിവസങ്ങളോളം സൂക്ഷിച്ച് വിൽപ്പന നടത്തുന്പോഴും രാസപ്രയോഗം നടത്തിവരുന്നു.
അന്തി ചന്തകളിൽ കൊല്ലം വാടിയിലേയും, നീണ്ടകരയിലേയും മത്സ്യമാണ് എത്തിചേരുന്നത്. ജനങ്ങൾക്ക് ഈ മത്സ്യത്തിൽ വിശ്വാസവുംമായിരുന്നു. എന്നാൽ അടുത്തിട ശാസ്താംകോട്ടയിലെ ഒരു ചന്തയിൽ നിന്നും ഫോർമാലിൻ കലർന്ന മത്സ്യം പരിശോധന വിഭാഗം പിടികൂടിയിരുന്നു. വാടിയിലെ മത്സ്യമാണെന്നും രാസവസ്തു ചേർത്തിട്ടില്ലെന്നുമായിരുന്നു വ്യാപാരിയുടെ അവകാശ വാദം.
പരിശോധനയിൽ ഫോർമാലിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ മത്സ്യബന്ധനത്തിനു പോകുന്ന ബോട്ടിൽ ഫോർമാലിൻ കലർത്തിയതാണെന്ന നിഗമനത്തിലാണ് ഇപ്പോൾ ഉദ്യോഗസ്ഥർ. വിഷമത്സ്യം വ്യാപകമായിട്ടും കൊട്ടാരക്കരയിലെ ഭക്ഷ്യസുരക്ഷാ വിഭാഗം കാട്ടുന്ന അലംഭാവത്തിൽ പ്രതിഷേധത്തിലാണ് നാട്ടുകാർ.