തലശേരി: ഫോര്‍മലിന്‍ പ്രചരണത്തെ തുടര്‍ന്ന് മത്സ്യവില്പനയില് ഉണ്ടായിട്ടുള്ള വന്‍ ഇടിവ് മത്സ്യ മേഖലയെ പ്രതിസന്ധിയിലാക്കി. കോടികളുടെ നഷ്ടമാണ് മത്സ്യമേഖലയില്‍ ഉണ്ടാകുന്നത്. കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് മത്സ്യമേഖല പ്രയാസമനുഭവിക്കുന്നതിനിടയിലാണ് ഫോര്‍മലിന്‍ കലര്‍ന്ന മത്സ്യം രംഗത്തുവന്നത്. ഇതുസംബന്ധിച്ച റിപ്പാര്‍ട്ടുകള്‍ പുറത്തുവന്നതോടെ മത്സ്യ വില്പന കുത്തനെ ഇടിഞ്ഞു.
നത്തല്,വേളൂരി, മത്തി തുടങ്ങിയ ചെറുമത്സ്യങ്ങള്‍ മാത്രമാണ് ഇപ്പോള്‍ വിപണിയിലുള്ളത്. അയക്കൂറ, ആവോലി,തെരണ്ടി, സ്രാവ് തുടങ്ങിയ മത്സ്യങ്ങളുടെ വില്പനയില് വന്‍ ഇടിവാണ് സംഭവിച്ചിട്ടുള്ളത്. തമിഴ്നാട്ടില്‍ നിന്ന് ഉള്‍പ്പെടെയുള്ള മത്സ്യങ്ങളുടെ വരവിലും ഗണ്യമായ കുറവാണ് സംഭവിച്ചിട്ടുള്ളത്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വലിയ മത്സ്യങ്ങള്‍ വരുത്തുന്നത് നിര്ത്തിയിരിക്കുയാണെന്നാണ് വിതരണക്കാര്‍ പറയുന്നത്.
തോണിയില്‍ പോയി മല്‍സ്യബന്ധനം നടത്തുന്നവര്‍ കൊണ്ടുവരുന്ന ചെറുമത്സ്യങ്ങളെ കൊണ്ട് മാത്രം ഈ രംഗത്ത് പിടിച്ചുനില്ക്കാന് സാധിക്കാത്ത സ്ഥിതിയാണുള്ളതെന്ന് വില്പനക്കാര് പറയുന്നു. മത്സ്യക്ഷാമം രൂക്ഷമായതോടെ വന്‍ വില വര്‍ധനയും ഉണ്ടായിട്ടുണ്ട്. മത്തി കിലോഗ്രാമിന് 200 രൂപയ്ക്ക് വരെ വില്‍ക്കുന്ന സ്ഥിതിയാണുള്ളത്.
ഫോര്‍മലിന്‍ കലര്‍ന്ന മത്സ്യം പിടികൂടിയ ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ മത്സ്യമേഖലയെ പൂര്‍ണമായും തകര്‍ക്കുന്ന പ്രചാരണമാണ് നവ മാധ്യമങ്ങളിൽ ഉള്‍പ്പെടെ നടക്കുന്നതെന്ന് ഈ മേഖലയിലുള്ളവര്‍ ചൂണ്ടിക്കാട്ടുന്നു. നിരവധി കുടുംബങ്ങളാണ് ഈ പ്രചരണങ്ങളെ തുടര്‍ന്ന് പട്ടിണിയിലായിട്ടുള്ളത്.ഫോര്‍മലിന്‍ കലര്‍ന്നിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ ആരോഗ്യവകുപ്പിന് കൃത്യമായ സംവിധാനങ്ങളുണ്ട്.
ഉദ്യോഗസ്ഥര്‍ ഇത്തരത്തിലുള്ള പരിശോധനകള്‍ നടത്തുകയും മത്സ്യ മേഖലയിലുള്ളവര്‍ ഇതിനോട് പൂര്‍ണമായും സഹകരിക്കുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ മറിച്ചുള്ള പ്രചരണങ്ങളില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് ഓള് കേരള ഫിഷ് മര്‍ച്ചന്റ് ആൻഡ് കമ്മീഷന് ഏജന്റ് കണ്ണൂര്‍ ജില്ലാ സെക്രട്ടറി ഫൈസല്‍ പുനത്തില്‍, പി.പി.എം.റിയാസ്, പി.വി.നസീബ്, എച്ച്.എച്ച്.ഖാലിദ്, എച്ച്.എച്ച് ഹനീഫ എന്നിവര്‍ ആവശ്യപ്പെട്ടു.