തൃശൂര്‍: മലയാളിയുടെ ഏറ്റവും വലിയ ഉത്സവസീസണായ ഓണക്കാലം വിഷമയമാക്കാനൊരുങ്ങി തമിഴ്‌നാട്ടിലെ പാല്‍ക്കമ്പനികള്‍. വന്‍തോതിലുള്ള രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത കൃത്രിമപാല്‍ ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെത്തുമെന്നാണ് സൂചന. അണിയറനീക്കങ്ങള്‍ ധ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്നും വിവരമുണ്ട്. ഒരാഴ്ചയോളം കേടാകാതിരിക്കാനുള്ള രാസവസ്തുക്കളാണു പാലില്‍ കലര്‍ത്താറുള്ളതെന്നു കഴിഞ്ഞ ഓണക്കാലത്തു പിടിച്ചെടുത്ത പാലില്‍നിന്നു വ്യക്തമായിരുന്നു.
തമിഴ്നാട്ടിലെ പൊള്ളാച്ചിയില്‍നിന്നുള്ള പാലാണ് ജില്ലാതിര്‍ത്തിയിലെ മീനാക്ഷിപുരം ചെക്പോസ്റ്റില്‍ അന്നു പിടികൂടിയത്. െഹെഡ്രജന്‍ പെറോക്‌സൈഡ്, ഫോര്‍മാലിന്‍ എന്നിവയായിരുന്നു കലര്‍ത്തിയത്. കൂടുതല്‍ പാല്‍ എത്താറുള്ളത് ഈ ചെക്പോസ്റ്റ് കടന്നാണ്. തമിഴ്നാട്ടില്‍ ഏറ്റവും അധികം പാല്‍ ഉല്‍പ്പാദന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പൊള്ളാച്ചിയിലാണ്. പ്രതിദിനം 60 മുതല്‍ 70 വരെ പാല്‍ ലോറികളാണ് തൃശൂര്‍, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലേക്കു വരാറുള്ളത്.
സാധാരണ ദിവസങ്ങളില്‍ മൂന്നര ലക്ഷം ലിറ്റര്‍ പാലാണ് ഇതുവഴിയെത്തുന്നതെങ്കില്‍ ഓണക്കാലത്ത് ഇത് അഞ്ചു ലക്ഷം മുതല്‍ ആറു ലക്ഷം വരെ ലിറ്ററായി ഉയരാനിടയുണ്ട്. വാളയാര്‍ വഴിയുള്ള പാലിന്റെ അളവ് പ്രതിദിനം രണ്ടര ലക്ഷം ലിറ്ററാണ്. ഇത്തവണയും വിഷപ്പാല്‍ എത്താന്‍ സാധ്യതയുള്ളതിനാല്‍ പ്രധാന സംസ്ഥാനത്തെ ചെക്പോസ്റ്റുകളിലും ജില്ലാ കേന്ദ്രങ്ങളിലും പ്രത്യേക പരിശോധനാ ലാബുകള്‍ ആരംഭിക്കാന്‍ ഡയറിവകുപ്പും ഭക്ഷ്യസുരക്ഷാ വകുപ്പും ഒരുക്കമാരംഭിച്ചിട്ടുണ്ട്. എന്തായാലും മലയാളിയെ വിഷപ്പാല്‍ കുടിപ്പിക്കുന്നതില്‍ നിന്നും തമിഴ്‌നാട്ടുകാര്‍ പിന്മാറുന്ന ലക്ഷണമൊന്നും കാണുന്നില്ല.