വടകര: തമിഴ്നാട്ടിലെ നാഗപട്ടണത്തു നിന്ന് കേരളത്തിലേക്ക് വിൽപ്പനയ്ക്കായി കൊണ്ടുവന്ന ഫോർമാലിൻ കലർത്തിയ ആറായിരം കിലോ മത്സ്യം ഭക്ഷ്യസുരക്ഷ വകുപ്പ് പിടിച്ചെടുത്തു. വടകരയ്ക്കടുത്ത് പുതുപ്പണത്ത് നടത്തിയ പരിശോധനയിലാണ് മത്സ്യം പിടിച്ചത്.
രാവിലെ പത്തോടെയാണ് പരിശോധന തുടങ്ങിയത്. വടക്കൻ ജില്ലകളിലെ വിവിധ പ്രദേശങ്ങളിൽ വിൽപ്പനയ്ക്കായി കണ്ടെയ്നർ ലോറിയിലാണ് മത്സ്യം കൊണ്ടുവന്നത്. മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനയിൽ ദുർഗന്ധം വമിച്ച മത്സ്യം കണ്ടതോടെ വിവരം ഭക്ഷ്യസുരക്ഷ വകുപ്പിനെ അറിയിക്കുകയായിരുന്നു.
തുടർന്ന് ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിലാണ് ഫോർമലിൻ ചേർത്ത മീനാണ് കൊണ്ടുവന്നിരിക്കുന്നതെന്ന് വ്യക്തമായത്. പിടിച്ചെടുത്ത മീൻ നശിപ്പിച്ചു കളയുമെന്ന് അധികൃതർ അറിയിച്ചു.