സിനിമ ഒരു ഭാഗ്യമാണ്. ആ ഭാഗ്യം തേടി ധാരാളം ആളുകള്‍ എത്തുന്നു. ഒട്ടുമിക്ക ആളുകളും വീഴുന്നു, അപൂര്‍വം ചിലര്‍ വാഴുന്നു. മറ്റു ചിലര്‍ പ്രതീക്ഷകളുമായി കാലങ്ങളോളം സിനിമാ മേഖലയില്‍ തുടരുന്നു. അത്തരമൊരാളായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച സംവിധായകന് കോഴിക്കോട് മുകളേല്‍ കെ.മുരളീധരന്(62).
35 കൊല്ലം ജീവിതം സിനിമയ്ക്കായി ഒഴിഞ്ഞുവയ്ക്കുകയും 20ല്‍ പരം സിനിമകളുടെ സംവിധായകന് ആവുകയും ഒടുവില്‍ മൂന്നു സിനിമകള്‍ സംവിധാനം ചെയ്യുകയും ചെയ്ത അദ്ദേഹത്തിന്റെ മരണം പക്ഷെ മലയാള സിനിമാ ലോകത്തുള്ളവര്‍ പോലും കണ്ടില്ലെന്നു നടിച്ചു. ഒരു ഒറ്റക്കോളം വാര്‍ത്തയാക്കി ഒതുക്കി മലയാള മാധ്യമങ്ങളും ആ കലാകാരനെ അവഹേളിച്ചു. സിനിമ സ്വപ്നം കണ്ട് അതിനായി പരിശ്രമിച്ചയാള്‍ക്ക് പക്ഷേ വിധി കാത്തുവെച്ചത് പരാജയങ്ങള്‍ മാത്രമായിരുന്നു. അദ്ദേഹത്തിന്റെ സുഹൃത്തെഴുതിയ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സുഹൃത്തിന്റെ കുറിപ്പ് ഇങ്ങനെ…
അസോസിയേറ്റ് മുരളി . കൂടുതല്‍ പേര് അറിയുന്നത് അങ്ങനെ പറഞ്ഞാലാണ്. 35 കൊല്ലക്കാലം സിനിമാരംഗത്ത് സജീവമായിരുന്നു. ഒട്ടേറെ സംവിധായകരുടെ കൂടെ അസോസിയേറ്റായി വര്‍ക്ക് ചെയ്തിട്ടുണ്ട്. സമ്മര്‍ പാലസ്,ആറാം വാര്‍ഡില്‍ ആഭ്യന്തര കലഹം, ചങ്ങാതിക്കൂട്ടം എന്നീ സിനിമകള്‍ സംവിധാനം ചെയ്തു . അത്രയൊന്നും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും പിന്നേയും തീവ്ര ശ്രമത്തിലായിരുന്നു. ഏതാണ്ട് പത്തുകൊല്ലം മുമ്പ് റിയാന്‍ സ്റ്റുഡിയോയില്‍ ഞാന്‍ കഥ പറയാന്‍ ചെല്ലുമ്പോഴാണ് അദ്ദേഹത്തെ പരിചയപ്പെടുന്നത്.
നാട്യങ്ങളില്ലാത്ത ഒരു സാധാരണ സിനിമക്കാരന്. പക്ഷെ എന്തുകൊണ്ടോ ആ പ്രൊജക്ട് നടന്നില്ല. എങ്കിലും പലപ്പോഴും എവിടെയെങ്കിലും വച്ചു കാണുമ്പോള്‍ അദ്ദേഹം പറയുമായിരുന്നു നമുക്കൊരു ഹിറ്റ് സിനിമ ചെയ്യണം.പിന്നീട് അദ്ദേഹത്തെക്കുറിച്ച് ഒരു വിവരവും ഇല്ലായിരുന്നു. രണ്ടു മൂന്നു മാസങ്ങള്‍ക്കുമ്പാണ് അറിഞ്ഞത്ഏതോ സ്ഥാപനത്തില്‍ സെക്യുരിറ്റിയായി ജോലി ചെയ്യുന്നുണ്ട് എന്ന്. പിന്നീട് അതും ഉപേക്ഷിച്ച് കല്ലു ചുമക്കാനും വര്‍ക്കപ്പണി ചെയ്യാനും തുടങ്ങി.
ഇതിനിടയില്‍ അറ്റാക്കും മറ്റു പല അസുഖങ്ങളും വന്നു കൂടി.പുതിയ സിനിമയുടെ ഡിസ്കഷനു വേണ്ടി കഴിഞ്ഞ ആഴ്ചയാണ് അടിമാലിയിലെ ഒരു ലോഡ്ജില്‍ മുറിയെടുത്തത്.ഒരു നെഞ്ചുവേദന. കൃത്യസമയത്തു തന്നെ ആശുപത്രിയിലും എത്തിച്ചു. മരണത്തിന് എന്ത് ഹിറ്റ് ? പരാജയപ്പെട്ട മൂന്നു സിനിമകള്‍ക്കൊപ്പം പരാജയപ്പെട്ട ജീവിതവും ! ഒരു ചാനലിലും ഫ്ളാഷ് ന്യൂസ് വന്നില്ല. ഒരിടത്തും അനുശോചന യോഗങ്ങളും നടന്നില്ല കാരണം അതൊരു പ്രമുഖന്റെ മരണമായിരുന്നില്ല. സുഹൃത്ത് വാക്കുകള്‍ അവസാനിപ്പിക്കുന്നു.