ഭാര്യയെ തല്ലിയതിന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിയ്ക്കെതിരേ കേസ്. മദ്യലഹരിയില്‍ ഭാര്യയുടെ തലയില്‍ അടിച്ചെന്ന പരാതിയെത്തുടര്‍ന്നാണ് മുംബൈ പോലീസ് കാംബ്ലിയ്ക്കെതിരേ കേസെടുത്തത്.
ബാന്ദ്രയിലെ ഫ്ളാറ്റില്‍വച്ച് വെള്ളിയാഴ്ച വിനോദ് മര്‍ദിച്ചെന്ന് ഭാര്യ ആന്‍ഡ്രിയ ഹെവിറ്റിന്റെ പരാതിയില്‍ പറയുന്നു. ഐപിസി സെക്ഷന്‍ 324, 504 വകുപ്പുകള്‍ ചുമത്തിയാണ് കേസെന്ന് പൊലീസ് അറിയിച്ചു.
പാചകത്തിനു ഉപയോഗിക്കുന്ന പാനിന്റെ ഹാന്‍ഡില്‍ വിനോദ് ആന്‍ഡ്രിയയ്ക്കു നേരെ എറിഞ്ഞെന്നും, അങ്ങനെയാണു തലയ്ക്കു പരുക്കേറ്റതെന്നും പരാതിയില്‍ പറയുന്നു.
താരം ബാറ്റ് ഉപയോഗിച്ച് ആക്രമിച്ചതായും പരാതിയിലുണ്ട്. സംഭവത്തില്‍ താരത്തെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ മദ്യപിച്ചു വീട്ടിലെത്തിയ വിനോദ് കാംബ്ലി ഭാര്യയെ അസഭ്യം പറയുകയായിരുന്നു.
12 വയസ്സുകാരനായ മകന് കാംബ്ലിയെ തടയാന്‍ നോക്കിയെങ്കിലും, അടുക്കളയിലേക്കു പോയ താരം കുക്കിങ് പാന്‍ ഉപയോഗിച്ച് ഭാര്യയെ ആക്രമിക്കുകയായിരുന്നു.
ബാബ ആശുപത്രിയില്‍ ചികിത്സ തേടിയ ആന്‍ഡ്രിയ, പിന്നീടു പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഒരു കാരണവുമില്ലാതെ വിനോദ് കാംബ്ലി തന്നെയും മകനെയും അപമാനിച്ചതായും ആന്‍ഡ്രിയയുടെ പരാതിയില്‍ പറയുന്നു.
താമസിക്കുന്ന പ്രദേശത്തെ ഹൗസിങ് സൊസൈറ്റിയുടെ ഗേറ്റ് തകര്‍ത്തതിന് കാംബ്ലിയെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.