നടന്‍ ആമിര്‍ ഖാന്‍ അവതരിപ്പിച്ച സത്യമേവ ജയതേ എന്ന പരിപാടി വന്‍ഹിറ്റായിരുന്നു. ആ പരിപാടിയില്‍ പങ്കെടുത്തതിന്റെ വിശേഷങ്ങള്‍ ഇപ്പോള്‍ പങ്കുവച്ചിരിക്കുകയാണ് മുന്‍ പോലീസ് മേധാവി ജേക്കബ് പുന്നൂസ്. പരിപാടിയില്‍ പങ്കെടുക്കുന്നതിന് ആമിര്‍ ഒരു കോടി രൂപയാണ് തനിക്ക് ഓഫര്‍ ചെയ്തതെന്നും എന്നാല്‍ താനത് നിരസിക്കുകയായിരുന്നുവെന്നും ജേക്കബ് പുന്നൂസ് പറയുന്നു.
ഒരു ചാനലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ജേക്കബ് പുന്നൂസ് ഇക്കാര്യം തുറന്നുപറഞ്ഞത്.’താന്‍ റിട്ടയര്‍ ചെയ്ത് രണ്ട് വര്‍ഷം പിന്നിട്ട ശേഷമായിരുന്നു ആമിര്‍ഖാന്‍ തന്നെ ഇന്റര്‍വ്യു ചെയ്യാന്‍ ക്ഷണിച്ചത്. അന്ന് അദ്ദേഹം തനിക്ക് ഒരു കോടി രൂപയാണ് ഓഫര്‍ ചെയ്തതെന്നും എന്നാല്‍ അത് കേരളാ പൊലീസിന് കൊടുക്കാന്‍ താന്‍ നിര്‍ദ്ദേശിച്ചുവെന്നും ജേക്കബ് പുന്നൂസ് അഭിമുഖത്തില്‍ പറയുന്നു.
ജേക്കബ് പുന്നൂസിന്റെ വാക്കുകളിങ്ങനെ:
പണം കേരളാ പൊലീസ് വാങ്ങിക്കാത്തതു കൊണ്ട് അത് ഐ.ടി.ബി.പിക്ക് പോയി.അമീര്‍ഖാന് ഒരു ഫൗണ്ടേഷനുണ്ട്. സത്യമേവ ജയതേ ഫൗണ്ടേഷന്‍. ഓരോ എപ്പിസോഡിനും ഒരു നിശ്ചിത എമൗണ്ട്. അദ്ദേഹത്തിന്റെ ഓരോ പ്രോഗ്രാവും വെല്‍ റിസേര്‍ച്ച്ഡ് ആണ്. ഒരു റിസര്‍ച്ച് ടീമുണ്ട്. അവര്‍ ഇന്ത്യ മുഴുവന്‍ സന്ദര്‍ശിച്ചിട്ട് നല്ല കാര്യങ്ങളെ കുറിച്ച് പഠിക്കാന്‍ ടീമിനെ അയച്ചു. ഞാന്‍ അദ്ദേഹത്തോട് നേരിട്ട് ചോദിച്ചിരുന്നു. എന്തിനാണ് മിസ്റ്റര്‍ ഖാന്‍ എന്നെ ഇതിലേക്ക് തിരഞ്ഞെടുത്തതെന്ന്.
നിങ്ങള്‍ക്ക് എന്നെയും എനിക്ക് നിങ്ങളെയും അറിയില്ല. എന്നിട്ടും എന്തിനാണ് എന്നെ തന്നെ വിളിച്ചത്.അതിനുള്ള അദ്ദേഹത്തിന്റെ മറുപടി ഇതായിരുന്നു. മിസ്റ്റര്‍ പുന്നൂസ്, എനിക്കൊരു റിസര്‍ച്ച് ടീമുണ്ട്. നിങ്ങളടക്കമുള്ള ഒരുപാട് പൊലീസ് ഉദ്യോഗസ്ഥരുമായി അവര്‍ സംസാരിച്ചിരുന്നു. എല്ലാവര്‍ക്കും പറയാനുണ്ടായിരുന്നത് പ്രശ്‌നങ്ങളെ കുറിച്ചായിരുന്നു. നിങ്ങള്‍ മാത്രമാണ് അതിന്റെ പ്രതിവിധികള്‍ പറഞ്ഞത്. അതാണ് നിങ്ങളെ വിളിക്കാന്‍ കാരണം- ഇതായിരുന്നു അദ്ദേഹം പറഞ്ഞത്.