തമിഴ്നാട് ഗവര്ണര് ആര്.എന് രവിക്കും നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദറിനുമെതിരെ അസഭ്യ പരാമര്ശം നടത്തിയതിന് ഡിഎംകെയില് നിന്ന് പുറത്തായ പ്രവര്ത്തകന് അറസ്റ്റില്.
ഇന്നലെയാണ് ശിവാജി കൃഷ്ണമൂര്ത്തി എന്ന പ്രവര്ത്തകനെ പാര്ട്ടി പുറത്താക്കിയത്. വൈകിട്ട് അറസ്റ്റു രേഖപ്പെടുത്തി. ഇയാളുടെതായി സ്ഥിരീകരിക്കാത്ത വീഡിയോ പുറത്തുവന്നിരുന്നു.
ജനുവരിയില് ഗവര്ണറെ ഭീഷണിപ്പെടുത്തിയ കേസും ഇയാള്ക്കെതിരേ ഉണ്ടായിരുന്നു. തുടര്ന്ന് പാര്ട്ടി സസ്പെന്റ് ചെയ്തിരുന്നു.
തനിക്കെതിരായ പരാമര്ശം ഖുശ്ബു മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തിരുന്നു.
‘നിങ്ങളുടെ കുടുംബത്തിലുള്ള സ്ത്രീകള്ക്കെതിരേയാണ് ഇത്തരം പരാമര്ശമെങ്കില് അംഗീകരിക്കുമോ’ എന്നായിരുന്നു ഖുശ്ബുവിന്റെ ചോദ്യം.
‘എന്നെ മാത്രമല്ല, നിങ്ങളെയും നിങ്ങളുടെ പിതാവിനെ പോലെ മഹാനായ നേതാവിനെയുമാണ് ഇയാള് അപമാനിച്ചിരിക്കുന്നതെന്ന് എന്തുകൊണ്ടാണ് മനസ്സിലാക്കാത്തത്. ഇയാള്ക്ക് കൂടുതല് അവസരം നല്കിയാല് നിങ്ങള്ക്ക് കൂടുതല് രാഷ്ട്രീയ ഇടം നഷ്ടപ്പെടും. നിങ്ങളുടെ പാര്ട്ടി മര്യാദയില്ലാത്ത തെമ്മാടികളുടെ സുരക്ഷിത സ്വര്ഗമാണ്. ഇത് എത്ര നാണക്കേടാണ്’ഖുശ്ബു ട്വിറ്ററില് കുറിച്ചു.
ശിവാജി കൃഷ്ണമൂര്ത്തിയ്ക്കെതിരേ ബിജെപി അധ്യക്ഷന് കെ.അണ്ണാമലൈയും രംഗത്തെത്തി. കൃഷ്ണമൂര്ത്തി സ്ഥിരം കുറ്റവാളിയാണെന്ന് അദ്ദേഹം പറഞ്ഞു.
ജനുവരിയില് ഗവര്ണര്ക്കെതിരേ ഭീഷണിയും ഇയാള് മുഴക്കിയിരുന്നു. നിയമസഭയില് അംബേദ്കറുടെ പേര് പ്രസംഗത്തില് ഗവര്ണര് പരാമര്ശിച്ചില്ലെങ്കില് അയാളെ മര്ദ്ദിക്കാന് തനിക്ക അവകാശമില്ലേയെന്നായിരുന്നു ശിവാജിയുടെ പരാമര്ശം.
സര്ക്കാര് നല്കുന്ന പ്രസംഗത്തിന് പുറമേ നിന്ന് വായിച്ചാല്, അയാള്ക്ക് കാശ്മീരിലേക്ക് പോകേണ്ടിവരും. അവിടെ അയാള് ഭീകരരുടെ വെടിയേറ്റു മരിക്കുമെന്നുമെന്നുമായിരുന്നു ശിവാജിയുടെ പരാമര്ശം.