കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പല കമ്പനികളും പൂട്ടിയതോടെ നിരവധി ആളുകള്‍ക്കാണ് തൊഴില്‍ നഷ്ടമായത്. കഴിഞ്ഞ മാസം വരെ പ്രമുഖ ഹോട്ടലുകളിലെ ജീവനക്കാരായിരുന്ന അരുണും ശ്രീകാന്തും ഇപ്പോള്‍ മീന്‍ വില്‍പ്പനക്കാരാണ്.
ഹോട്ടല്‍ ജോലി നഷ്ടമായപ്പോള്‍ മനസ്സു മടുത്ത് ഇരിക്കാതെ ഒരു ഓട്ടോ വാടകയ്ക്ക് എടുത്ത് മീന്‍ വില്‍പ്പന തുടങ്ങുകയായിരുന്നു ഇവര്‍.
കഴിഞ്ഞ ദിവസം കതൃക്കടവ് കലൂര്‍ സ്റ്റേഡിയം റോഡിനരികിലായി മീന്‍ വില്‍ക്കുന്ന അരുണിനെയും ശ്രീകാന്തിനെയും കണ്ട് ജനം അമ്പരന്നു. പാന്റ്സും ഇന്‍ചെയ്ത ഷര്‍ട്ടുമിട്ട് എക്സിക്യൂട്ടീവ് വേഷത്തിലായിരുന്നു പെട്ടി ഓട്ടോറിക്ഷയില്‍ എത്തി ഇരുവരും മീന്‍ വിറ്റത്.
ആവശ്യക്കാരെ വിളിക്കുന്നതും അയലയും ചാളയും തൂക്കി വില്‍ക്കുന്നതുമെല്ലാം അവര്‍ തന്നെയാണ്. പത്തനംതിട്ട കോന്നി തണ്ണിത്തോട് സ്വദേശിയാണ് അരുണ്‍ സാജന്‍.
അടൂര്‍ മണ്ണടി സ്വദേശിയാണ് എം.ശ്രീകാന്ത്. മെയ് ആദ്യം വരെ ഇരുവരും പ്രമുഖ ഹോട്ടലുകളിലെ ജീവനക്കാരായിരുന്നു.
ഒരു ഹോട്ടലിലെ ജനറല്‍ മാനേജര്‍ (സെയില്‍സ്) ആയിരുന്നു അരുണ്‍. ശ്രീകാന്ത് മറ്റൊരു പ്രമുഖ ഹോട്ടലില്‍ എക്സിക്യൂട്ടീവ് ഹൗസ് കീപ്പര്‍. കോവിഡ് പ്രതിസന്ധി ഇവരുടെ ജോലി ഇല്ലാതാക്കി.
ടൂറിസം ഹോസ്പിറ്റാലിറ്റി മേഖലയില്‍ കാല്‍ ലക്ഷത്തോളം പേര്‍ക്കെങ്കിലും കേരളത്തില്‍ ഇതിനോടകം തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഇവര്‍ പറയുന്നു.
ഹോട്ടല്‍ തൊഴില്‍ മേഖലയിലൂടെയാണ് ഇരുവരും പരിചയക്കാരായത്. പിന്നീട് ഇരുവര്‍ക്കും ജോലി ഇല്ലാതായതോടെ ഒറ്റക്കെട്ടായി മീന്‍ വില്‍പ്പനയിലേക്ക് ഇറങ്ങുകയായിരുന്നു.
കേരള ടൂറിസം എംപ്ലോയീസ് യൂണിയന്‍ ആറു മാസത്തേക്കു പലിശരഹിത വായ്പ നല്‍കി. അതുപയോഗിച്ചു പെട്ടി ഓട്ടോറിക്ഷ വാടകയ്ക്കെടുത്തു. ദിവസം 350 രൂപ.
അത്രയുംതന്നെ തുകയ്ക്കു ഡീസല്‍ അടിക്കും. ദിവസവും ഒരേ സ്ഥലത്തല്ല മീന്‍ വില്‍പന. അതതു സ്ഥലത്തു പതിവായി മീന്‍ വില്‍ക്കുന്നവരെ ബുദ്ധിമുട്ടിക്കാനില്ല. മൊത്തക്കച്ചവടക്കാരില്‍ നിന്ന് അതിരാവിലെ മീന്‍ വാങ്ങും.
11 മണിക്കുള്ളില്‍ വില്‍പന കഴിയും. ഇനി സ്വന്തം നാട്ടില്‍ പോയി ഈ ജോലി ചെയ്യാനാണു പരിപാടിയെന്നും ശ്രീകാന്ത് പറഞ്ഞു. എന്തായാലും ഇവരുടെ എക്‌സിക്യൂട്ടീവ് സ്റ്റൈലിലുള്ള മീന്‍ വില്‍പ്പന പലരെയും ഇരുത്തി ചിന്തിപ്പിക്കുകയാണ്.