മഹാരാഷ്ട്രയില്‍ 50,000ത്തിലധികം കര്‍ഷകരെ ഒരു ചരടിലെന്ന പോലെ കോര്‍ത്തത് വിജു കൃഷ്ണന്‍ എന്ന മലയാളി, വന്‍ ശമ്പളം കിട്ടുന്ന ജോലി ഉപേക്ഷിച്ച് കര്‍ഷകരുടെ ഇടയിലേക്ക് ഇറങ്ങിയ മലയാളിയുടെ കഥ ഇങ്ങനെ

അവഗണിക്കപ്പെടുന്നതിന്റെ അമര്‍ഷം മനസില്‍ കിടന്നു പുകഞ്ഞപ്പോള്‍ അവര്‍ക്ക് 180 കിലോമീറ്റര്‍ നിസാര ദൂരം മാത്രമായിരുന്നു. ലോകശ്രദ്ധ പിടിച്ചുപറ്റിയ കിസാന്‍ സഭയുടെ സമരത്തില്‍ വിജയം കര്‍ഷകര്‍ക്കൊപ്പം നിന്നപ്പോള്‍ മനസു നിറഞ്ഞ സന്തോഷവുമായി ഒരാള്‍ ആരുടെയും ശ്രദ്ധയില്‍ പെടാതെ നിന്നു. മുന്‍ ജെഎന്‍യു വിദ്യാര്‍ഥിയായ വിജു കൃഷ്ണന് ഇത് ഫലേച്ഛയില്ലാത്ത കര്‍മം മാത്രമായിരുന്നു.

50000 കര്‍ഷകരെ പങ്കെടുപ്പിച്ച് സമരം നടത്തുക എന്ന ആശയം ഉരുത്തിരിഞ്ഞത് ഈ മലയാളിയുടെ തലയിലായിരുന്നു. ആഹാരത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി 1946 ഡിസംബര്‍ 20ന് കര്‍ഷകസംഘം അന്നത്തെ മലബാറിന്റെ ഭാഗമായ കരിവള്ളൂരില്‍ നടത്തിയ സമരത്തില്‍ നിന്നായിരുന്നു എല്ലാത്തിന്റെയും തുടക്കം. അന്ന് മലബാര്‍ സ്‌പെഷ്യല്‍ പോലീസിന്റെ വെടിയേറ്റ് തിടില്‍ കണ്ണന്‍,കീലേരി കുഞ്ഞമ്പു എന്നിങ്ങനെ രണ്ടു കര്‍ഷകരുടെ ജീവന്‍ പൊലിയുകയും ചെയ്തു.

അവിടെ നിന്ന് ഏഴു നൂറ്റാണ്ടിനിപ്പുറം അതേ ആവശ്യങ്ങളുമായി മഹാരാഷ്ട്രയിലെ 50000 കര്‍ഷകര്‍ മുംബൈയിലേക്ക് മാര്‍ച്ച് ചെയ്തപ്പോള്‍ ചുക്കാന്‍ പിടിച്ചത് ഒരു കരിവള്ളൂരുകാരനാണെന്നത് അദ്ഭുതകരമായ യാദൃശ്ചികതയായി.ജെഎന്‍യുവിലെ മുന്‍ യൂണിവേഴ്‌സിറ്റി യൂണിയന്‍ പ്രസിഡന്റും എസ്എഫ്‌ഐ നേതാവുമായിരുന്ന വിജൂ കൃഷ്ണന്‍ ഇന്ന് അഖിലേന്ത്യാ കിസാന്‍ സഭയുടെ ജോയിന്റ് സെക്രട്ടറിയാണ്.

നാസികില്‍ നിന്നും മുംബൈയിലേക്ക് നടത്തിയ കര്‍ഷക മാര്‍ച്ചിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ചതും വിജുവായിരുന്നു. സിപിഎം കേന്ദ്രകമ്മിറ്റിയിലെ ഏറ്റവും ചെറുപ്പക്കാരനായ അംഗമാണ് 44കാരനായ വിജു. അധ്യാപക ജീവിതത്തിനു ശേഷമാണ് വിജു മുഴുവന്‍ സമയ സാമൂഹിക പ്രവര്‍ത്തനത്തിലേക്കിറങ്ങുന്നത്.

കഴിഞ്ഞ രണ്ടു വര്‍ഷം കൊണ്ടു ശക്തിപ്രാപിച്ച സംഘടനയാണ് കിസാന്‍ സഭയെന്ന വിജു പറയുന്നു. കര്‍ഷകരുടെ ദുരിതാവസ്ഥ മഹാരാഷ്ട്രയിലെ മാത്രം കാര്യമല്ലെന്നാണ് വിജു ചൂണ്ടിക്കാണിക്കുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്,കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും സമാനമായ സ്ഥിതിവിശേഷമാണുള്ളത്.

രാജസ്ഥാനിലും കിസാന്‍സഭയ്ക്ക് ഏകദേശം 50000 അംഗങ്ങള്‍ ഉണ്ടെന്നും ഇദ്ദേഹം പറയുന്നു. ഈ സമരത്തിന്റെ വിജയം കിസാന്‍സഭയുടെ ശക്തിയെന്താണെന്ന് ഇന്ത്യ മുഴുവന്‍ ബോധ്യപ്പെടുത്തിയെന്നും വിജു വ്യക്തമാക്കുന്നു.

ഇത് അതിജീവനത്തിന്റെ സമരമായിരുന്നെന്നും ഇതിന് പ്രത്യേക രാഷ്ട്രീയ അജണ്ട ഒന്നുമില്ലായിരുന്നെന്നും പറയുന്ന വിജു ബിജെപിയെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന ആളുകളുടെ പിന്തുണ സമരത്തെ ശക്തിപ്പെടുത്തിയെന്നും പറയുന്നു.

ബിജെപിയും കോണ്‍ഗ്രസും നവലിബറല്‍ നയം പിന്തുടരുന്നവരാണെന്നും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മാത്രമല്ല കോണ്‍ഗ്രസ് ഭരിക്കുന്ന കര്‍ണാടകത്തിലും ഇത്തരം സമരപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് വിജു പറയുന്നു.

ജന്മനാടായ കരിവള്ളൂരിലെ സമരവും കയ്യൂര്‍,പുന്നപ്ര വയലാര്‍ സമരങ്ങളും രാജ്യത്തെ കര്‍ഷകര്‍ക്ക് ആകമാനം ഊര്‍ജം പകര്‍ന്ന സമരങ്ങളാണെന്നു പറയുന്ന വിജു. കിസാന്‍ സഭയുടെ പ്രവര്‍ത്തനം രാജ്യമാകമാനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കുന്നു.

 

Related posts