അസ്താന: ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ കസാക്കിസ്ഥാനിലെ മുൻ ധനകാര്യ മന്ത്രിയെ കോടതി 24 വർഷത്തെ തടവ് ശിക്ഷയ്ക്ക് വിധിച്ചു. 44 കാരനായ കുവാണ്ടിക് ബിഷിംബയേവിനാണു ശിക്ഷ.
വിചാരണ വേളയിൽ സിസിടിവി ദൃശ്യങ്ങൾ പ്രദർശിപ്പിച്ചിരുന്നു. ബിഷിംബയേവ് തന്റെ ഭാര്യയായ സാൽറ്റാനത്ത് നുകെനോവ(31)യെ തല്ലുകയും ചവിട്ടുകയും ചെയ്യുന്നതും മുടിയിൽ പിടിച്ച് വലിച്ചിഴച്ച് മുറിയിലേക്ക് കൊണ്ടുപോകുന്നതും വീഡിയോയിൽ വ്യക്തമാണ്.
2023 നവംബർ ഒൻപതിന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. ബോധം നഷ്ടപ്പെടുന്നതിന് മുമ്പുള്ള അവസാന മണിക്കൂറുകളിൽ, നുകെനോവയ്ക്ക് മുറിവേറ്റിട്ടുള്ളതും ശരീരത്തിൽ നിറയെ രക്തം പുരണ്ടതുമായ ദൃശ്യങ്ങൾ ബിഷിംബയേവിന്റെ മൊബൈൽ ഫോണിൽനിന്നു കണ്ടെത്തിയിരുന്നു.
2016 ഡിസംബർ മുതൽ രാജ്യത്തിന്റെ ധനകാര്യ മന്ത്രിയായി ബിഷിംബായേവ് സേവനമനുഷ്ഠിച്ചിരുന്നു. 2018ൽ കൈക്കൂലി കേസിൽ ശിക്ഷിക്കപ്പെട്ട് 10 വർഷം ഇയാൾ തടവിന് ശിക്ഷിക്കപ്പെട്ടു. എന്നാൽ മൂന്ന് വർഷത്തിനുള്ളിൽ ജയിൽ മോചിതനായി.