കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയിലേക്ക് ചേക്കേറിയ വനിതാ നേതാവിനെ ‘ഐറ്റം’ എന്നു വിളിച്ച സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ്.
ആര്‍ക്കെങ്കിലും തന്റെ പരാമര്‍ശം അവഹേളനമായി തോന്നിയെങ്കില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കൂടിയായ കമല്‍നാഥ് പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറി ബിജെപിയിലെത്തുകയും വരുന്ന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിത്വം ഉറപ്പിക്കുകയും ചെയ്ത ഇമര്‍തി ദേവിയ്‌ക്കെതിരേയായിരുന്നു കമല്‍നാഥിന്റെ വിവാദ പരാമര്‍ശം.
‘ഞാന്‍ അവഹേളിക്കുന്ന പരാമര്‍ശമാണ് നടത്തിയതെന്ന് അവര്‍ (ബിജെപി) പറയുന്നു. ഏത് പരാമര്‍ശം. ഞാന്‍ സത്രീകളെ ബഹുമാനിക്കുന്നു.
ഇത് അവഹേളനമാണെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ ഞാന്‍ ഖേദം പ്രകടിപ്പിക്കുന്നു.’ കമല്‍നാഥ് പറഞ്ഞു. ജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍ ശ്രദ്ധ തിരിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന് തന്റെ പ്രസ്താവനയെ ന്യായീകരിച്ചുകൊണ്ട് കമല്‍നാഥ് പറയുകയും ചെയ്തു.
ദാബ്രയില്‍ നടന്ന യോഗത്തിനിടെ ബിജെപി സ്ഥാനാര്‍ത്ഥിയായ ഇമര്‍തി ദേവിയെ ‘ഐറ്റം’ എന്ന് വിശേഷിപ്പിച്ച കമല്‍നാഥിന്റെ പരാമര്‍ശം വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചിരുന്നു.
ഒരു ‘ഐറ്റ’മായ എതിര്‍സ്ഥാനാര്‍ത്ഥിയെ പോലെയല്ല തങ്ങളുടെ സ്ഥാനാര്‍ത്ഥിയെന്നും അദ്ദേഹം എളിയവനാണെന്നുമായിരുന്നു കമല്‍നാഥിന്റെ വാക്കുകള്‍.
‘ഞാന്‍ എതിര്‍സ്ഥാനാര്‍ത്ഥിയുടെ പേര് പറയണ്ട ആവശ്യമില്ലല്ലോ, എന്നേക്കാള്‍ നന്നായി നിങ്ങള്‍ക്കേവര്‍ക്കും അവരെ അറിയാം. എന്തൊര് ഐറ്റമാണത്’ കമല്‍ നാഥ് പറഞ്ഞു.
ഇതിനിടെ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പ്രവര്‍ത്തകര്‍ ഇമര്‍തി ദേവി എന്ന് വിളിച്ചു പറയുകയും ചെയ്തിരുന്നു. നവംബറിലാണ് മധ്യപ്രദേശില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുക.