കൊച്ചിയില്‍ നടന്ന വാഹനാപകടത്തില്‍ 2019 ലെ മിസ് കേരള അന്‍സി കബീര്‍, മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജന്‍ എന്നിവര്‍ കൊല്ലപ്പെട്ട സംഭവം ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.
ഇന്നു പുലര്‍ച്ചെ ഒരുമണിയോടെ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ബൈക്കില്‍ ഇടിച്ച് നിയന്ത്രണം വിട്ട് മറിയുക ആയിരുന്നു.എറണാകുളം വൈറ്റിലയിലായിരുന്നു അപകടം.
യുവതികള്‍ രണ്ടും സംഭവസ്ഥലത്തു വച്ചു തന്നെ മരിച്ചു. മരണത്തിലേക്കുള്ള യാത്രയ്ക്കു മുമ്പ് അന്‍സി കബീര്‍ കുറിച്ച വാക്കുകള്‍ അറം പറ്റിയതിന്റെ ആഘാതത്തിലാണ് സുഹൃത്തുക്കളും ബന്ധുക്കളും.
‘പോകാനുള്ള സമയമായി’ (It’s time to go) എന്നാണ് അന്‍സി കബീര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. യാത്ര പോയ സ്ഥലത്തെ ചെറു വീഡിയോയ്ക്ക് ഒപ്പമായിരുന്നു ആന്‍സിയുടെ ഒറ്റവരി പോസ്റ്റ്.
പച്ചപ്പ് നിറഞ്ഞ സ്ഥലത്തുകൂടി നടക്കുന്ന വീഡിയോ പങ്കുവെച്ചാണ് അന്‍സി ഇങ്ങനെ കുറിച്ചത്. വിശ്വസിക്കാനാകുന്നില്ലെന്ന് ഈ വീഡിയോക്ക് താഴെ സുഹൃത്തുക്കള്‍ കുറിച്ചു.
മരണത്തിലേക്കുള്ള യാത്ര ഒരുപാടു നേരത്തെയായി. അന്‍സി മരണം മുന്‍കൂട്ടി കണ്ടതുപോലെ എന്നാണ് ചിലരുടെ പ്രതികരണം.
ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെ അന്‍സിയും അഞ്ജനയും സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് മരത്തില്‍ ഇടിക്കുകയായിരുന്നു.
മുന്നിലെ ബൈക്കിനെ മറികടക്കുന്നതിനിടെ കാര്‍ ബൈക്കില്‍ തട്ടി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു.
ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്ന രണ്ടു പേര്‍ പരിക്കുകളോടെ ആശുപത്രിയിലാണ്. 2019ലെ മിസ് കേരളയായിരുന്ന അന്‍സി കബീര്‍ തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനിയാണ്. 2019ലെ തന്നെ മിസ് കേരള റണ്ണറപ്പായ അഞ്ജന ഷാജന്‍ തൃശൂര്‍ സ്വദേശിനിയാണ്.
https://www.instagram.com/p/CVqPrdVBIb6/
അതേസമയം അന്‍സി കബീറും അഞ്ജന ഷാജനും വാഹനാപകടത്തില്‍ പെട്ടത് ഫോര്‍ട്ട് കൊച്ചിയിലെ ഡിജെ പാര്‍ട്ടി കഴിഞ്ഞ് മടങ്ങവെയെന്നാണ് പോലീസിനു ലഭിച്ച വിവരം.
കൊച്ചിയില്‍ നിന്ന് തൃശൂരിലേക്കുള്ള യാത്രക്കിടെ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ഹോട്ടലിനു മുന്നില്‍ വച്ചായിരുന്നു അപകടം.
ഇരുവര്‍ക്കും പുറമേ പുറമെ സുഹൃത്തുക്കളും തൃശൂര്‍ സ്വദേശികളുമായ മുഹമ്മദ് ആഷിക്, അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് കാറില്‍ ഉണ്ടായിരുന്നത്. ഇതില്‍ അബ്ദുള്‍ റഹ്മാനാണ് കാര്‍ ഓടിച്ചിരുന്നതെന്നാണ് വിവരം.മുഹമ്മദ് ആഷിഖിന്റെ നില ഗുരുതരമായി തുടരുകയാണ്.
അര്‍ധരാത്രിയോടെ പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘത്തിന്റെ കാര്‍ അമിത വേഗതയിലായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞതായി പോലീസ് വ്യക്തമാക്കി.