ചെന്നൈ:നാമക്കലില്‍ മുന്‍ നഴ്സ് അമുദയെയും ഭര്‍ത്താവ് രവിചന്ദ്രനെയും പോലീസ് അറസ്റ്റു ചെയ്തതിലൂടെ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. നാമക്കല്‍ ജില്ലയിലെ നാമക്കല്‍ ജില്ലയിലെ രാശിപുരത്ത് 30 വര്‍ഷമായി കുട്ടികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന റാക്കറ്റ് പ്രവര്‍ത്തിക്കുന്നതായാണ് വെളിപ്പെട്ടത്. പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന സ്ത്രീയുടെ ഫോണ്‍ സംഭാഷണത്തിലൂടെയാണു നാടിനെ നടുക്കുന്ന വിവരങ്ങള്‍ പുറത്തായത്. സ്ത്രീയും കുട്ടികളെ വാങ്ങാന്‍ ആഗ്രഹിക്കുന്ന ആളും തമ്മിലുള്ള സംഭാഷണമാണു സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ഇതേത്തുടര്‍ന്നാണ് മുന്‍ നഴ്സിനെയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റു ചെയ്തത്.
30 വര്‍ഷമായി കുട്ടികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നുണ്ടെന്നാണു ഇവര്‍ ശബ്ദരേഖയില്‍ പറയുന്നത്. മൂന്നു കുട്ടികളെ വിറ്റതായി ഇവര്‍ പൊലീസിനോടു സമ്മതിച്ചു. സംസ്ഥാനത്താകെ കണ്ണികളുള്ള വന്‍ റാക്കറ്റാണ് ഇതിനു പിന്നിലെന്നു പൊലീസ് സംശയിക്കുന്നു. സംസ്ഥാന ആരോഗ്യ സെക്രട്ടറിയുടെ നിര്‍ദേശത്തെത്തുടര്‍ന്നു ജില്ലാ കലക്ടര്‍ പ്രത്യേക അന്വേഷണം പ്രഖ്യാപിച്ചു. നഴ്സായി ജോലി ചെയ്തിരുന്ന താന്‍ ബിസിനസ് നടത്താനായി സ്വയം വിരമിക്കുകയായിരുന്നുവെന്നു അമുദ ശബ്ദ രേഖയില്‍ പറയുന്നുണ്ട്. കുട്ടികളുടെ ലിംഗം, നിറം, തൂക്കം എന്നിവയെല്ലാം നോക്കിയാണു വില നിര്‍ണയിക്കുന്നത്. കോര്‍പറേഷനില്‍ നിന്നു ജനന സര്‍ട്ടിഫിക്കറ്റ് ശരിയാക്കി നല്കുന്നതിനു 75000 രൂപ വേറെ നല്‍കണമെന്നും പറയുന്നുണ്ട്.
ഒന്നിലേറെ കുട്ടികളുള്ള പാവപ്പെട്ട കുടുംബങ്ങള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയ സ്ത്രീകള്‍,ഗര്‍ഭിണികളായ അവിവാഹിതര്‍ എന്നിവരെയാണു അമുദയും സംഘവും നോട്ടമിടുന്നതെന്നു പൊലീസ് പറഞ്ഞു. സര്‍ക്കാരിന്റെ ദത്തെടുക്കല്‍ നിയമങ്ങള്‍ കര്‍ശനമായതിനാല്‍ കുട്ടികളെ ആവശ്യമുള്ള ദമ്പതികളെ കണ്ടെത്തി സമീപിക്കും. എന്നാല്‍ ഇത്രയും സങ്കീര്‍ണമായ കാര്യങ്ങള്‍ അമുദയ്ക്കു ഒറ്റയ്ക്ക് ഇതു ചെയ്യാനാവില്ലെന്നും സംസ്ഥാനത്തു പല ഭാഗത്തും ഇവര്‍ക്കു ഏജന്റുമാരുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പെടെ ഇവര്‍ കുട്ടികളെ തട്ടിക്കൊണ്ടുവരാറുണ്ടെന്ന പരാതിയും പൊലീസിനു ലഭിച്ചിട്ടുണ്ട്.
നിയമപരമായി ദത്തെടുക്കല്‍ അതി സങ്കീര്‍ണമായ നടപടിയാണെന്നു പറഞ്ഞാണു അമുദ കുഞ്ഞിനെ വാങ്ങാന്‍ ഫോണ്‍ വിളിച്ചയാളെ പ്രലോഭിക്കുന്നത്. അപേക്ഷ നല്കി ആറു മാസമെങ്കിലും കാത്തിരിക്കണം. അമുദയും കുട്ടിയെ വാങ്ങാന്‍ ആഗ്രഹിക്കുന്ന ആളും തമ്മിലുള്ള ഫോണ്‍ സംഭാഷണം കഴിഞ്ഞ ദിവസങ്ങളില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് അന്വേഷണം ആരംഭിക്കുന്നതും ഇവരെ കുടുക്കുന്നതും.
ധര്‍മപുരി സ്വദേശിയായ ആള് വിവാഹം കഴിഞ്ഞ് ഏഴു വര്‍ഷമായിട്ടും കുഞ്ഞുങ്ങളില്ലെന്നു പറഞ്ഞാണു അമുദയുമായുള്ള സംഭാഷണം തുടങ്ങുന്നത്. എതു കുഞ്ഞിനെയാണ് വേണ്ടതെന്നു വിശദമാക്കണമെന്ന് ഇയാളോട് പറയുന്ന അമുദ പെണ്‍കുട്ടിയാണെങ്കില്‍ 2.5 ലക്ഷമെന്നും കുട്ടിയ്ക്ക് മൂന്നു കിലോ തൂക്കമുണ്ടെങ്കില്‍ മൂന്നു ലക്ഷം വിലയാകുമെന്നും പറയുന്നു. കറുത്ത ആണ്‍കുട്ടികള്‍ക്ക് 3.50 ലക്ഷം മുതല്‍ 3.75 ലക്ഷം വരെയാണ് വില. നല്ല കളറൊക്കെയുള്ള കുട്ടികളാണെങ്കില്‍ 4.5.വരെയാകുമെന്നും അമുദ പറയുന്നു.
ആദ്യം അഡ്വാന്‍സ് തന്നാല്‍ മതിയെന്നും കുട്ടിയെ വാങ്ങാനെത്തുമ്പോള്‍ മുഴുവന്‍ തുകയും കൈമാറണമെന്നും സംഭാഷണത്തിലുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ അനുമതി കിട്ടുമോ? മറ്റു പ്രശ്നങ്ങളുണ്ടാകുമോ? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് 30 വര്‍ഷമായി താന്‍ ഈ ബിസിനസ് ചെയ്യുന്നുവെന്നും ഇതുവരെ ഒരു പ്രശ്നവുമുണ്ടായിട്ടില്ലെന്നും മുനിസിപ്പാലിറ്റിയില്‍ നിന്ന് ഒറിജിനല്‍ ജനന സര്‍ട്ടിഫിക്കറ്റ് ഉള്‍പ്പെടെ ലഭിക്കുമെന്നും അതിനു 70000 രൂപ വേറെ നല്‍കണമെന്നും അമുദ പറയുന്നു. മുന്‍സിപ്പാലിറ്റിയില്‍ നിന്നുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്. നിങ്ങള്‍ക്കു കുട്ടിയെ വിദേശത്തേക്കു വരെ കൊണ്ടുപോകാമെന്നും സംഭാഷണത്തില്‍ ഉറപ്പു നല്‍കുന്നുണ്ട്.