സിപിഎം സഹയാത്രികരായ ദീപ നിശാന്തും എം. ജെ ശ്രീചിത്രനും ഉള്പ്പെട്ട കവിത മോഷണക്കേസ് ഓരോ ദിവസം കഴിയുമ്പോഴും പുതിയ പുതിയ വഴിത്തിരിവിലേക്കെത്തപ്പെടുകയാണ്. കവിത മോഷണക്കേസില് ഇരുവരും കവിതയുടെ യഥാര്ഥ ഉടമയായ കലേഷിനോടു മാപ്പപേക്ഷിച്ചിരുന്നു. എന്നാല് സംഭവത്തില് ക്ഷമാപണം നടത്തി ദീപ നിശാന്ത് ഫേസ്ബുക്കില് പോസ്റ്റ് ചെയ്ത കുറിപ്പിലും കലേഷിനെ കൂടുതല് അപമാനിക്കുകയാണ്. കലേഷ് കവിത മോഷ്ടിച്ചതല്ല എന്ന് തനിക്ക് ഇന്നലെ ബോധ്യപ്പെട്ടുവെന്നും അതേവരികള് തന്റെ പേരില് വന്നത് എങ്ങനെയെന്ന് വിശദീകരിക്കാനാകില്ലെന്നും ഉരുണ്ട് കളിക്കുകയാണ് ദീപ ഈ പോസ്റ്റിലും.
2011ല് കലേഷ് എഴുതിയ കവിത ദീപയെക്കുറിച്ച് താനെഴുതിയത് എന്ന മട്ടില് എം.ജെ. ശ്രീചിത്രന്, ദീപയ്ക്ക് വാട്സ്ആപ്പില് അയച്ചുകൊടുക്കുകയായിരുന്നു എന്നാണ് വിഷയമറിയാവുന്ന ചിലര് ഉറപ്പിച്ചു പറയുന്നത്. ഒരു വര്ഷം മുന്പാണിത്. കവിത സൂക്ഷിച്ച് വച്ചിരുന്ന ദീപ ഈയടുത്ത് അത് സ്വന്തം പേരില് എകെപിസിടിഎ മാഗസിന് പ്രസിദ്ധീകരണത്തിന് നല്കി. ദീപ തന്നെ നേരിട്ടാണ് കവിത നല്കിയതെന്ന് മാഗസിന് എഡിറ്ററും എകെപിസിടിഎ ഭാരവാഹികളും വ്യക്തമാക്കിയതോടെ അവരുടെ പിടിച്ചുനില്ക്കാനുള്ള അടവുകളെല്ലാം പരാജയപ്പെടുകയായിരുന്നു. ഇതോടെയാണ് കവിത കലേഷിന്റേതു തന്നെയെന്ന് സമ്മതിച്ച് ക്ഷമാപണക്കുറിപ്പ് പോസ്റ്റ് ചെയ്തത്. ശ്രീചിത്രന് തനിക്കുവേണ്ടി എഴുതിയത് എന്ന ഉറച്ച വിശ്വാസത്തിലായിരുന്നു ദീപ കവിത സ്വന്തമാക്കിയതെന്നാണ് സാഹിത്യലോകം പറയുന്നത്.
സംഘപരിവാറിനെ കടന്നാക്രമിക്കുന്നതിലൂടെ ശ്രദ്ധ നേടിയ ദീപയും ശ്രീചിത്രനും അടുത്ത കാലത്തായി സിപിഎം വേദികളിലെ സ്ഥിരം സാന്നിധ്യങ്ങളാണ്. കവിതാ മോഷണത്തിലൂടെ ഇരുവരുടെയും തനിനിറം വെളിപ്പെട്ടതോടെ ഇരുവര്ക്കുമെതിരേ ഇടതു സാംസ്കാരിക പ്രവര്ത്തകരിലും അമര്ഷം പുകയുകയാണ്.
അതിനിടെ എം.ജെ. ശ്രീചിത്രന് ഗജഫ്രോഡെന്ന് വ്യക്തമാക്കി, അധ്യാപകനും ഇടത് സഹയാത്രികനുമായ വിജു നായരങ്ങാടി രംഗത്തെത്തി. പി.പി. രാമചന്ദ്രന്റെ കവിത പകര്ത്തി സ്വന്തമെന്ന പേരില് തന്നെ കാണിച്ചയാളാണ് ശ്രീചിത്രനെന്ന് അദ്ദേഹം പറയുന്നു. ഡിഗ്രിക്ക് ഇംഗ്ലീഷില് തോറ്റിട്ടും രണ്ടാം റാങ്കെന്ന് നുണപ്രചാരണം നടത്തി. കലേഷിന്റെ വിവാദ കവിത നിന്നെക്കുറിച്ചെഴുതിയത് എന്ന് പറഞ്ഞ് ഒരു കൊല്ലം മുമ്പ് വാട്സാപ്പില് അയച്ചുകൊടുത്തതില് അത്ഭുതമില്ലെന്നും അധ്യാപകന് ഫേസ്ബുക്കിലെ പോസ്റ്റില് പറയുന്നു. അയാളോളം വലിയ ഗജഫ്രോഡിനെ ഞാനീ ജീവിതത്തില് കണ്ടിട്ടില്ല. അയാള് ആരെയും വിഴുങ്ങും, അയാള്ക്ക് പ്രയോജനപ്പെടാന് പാകത്തില്.എന്നാണ് അധ്യാപകന്റെ പോസ്റ്റ് അവസാനിക്കുന്നത്.
വാട്സ്ആപ്പില് കിട്ടിയ പ്രണയലേഖനം സ്വന്തം പേരില് കവിതയാക്കിയ ദീപ നിശാന്തും കാണിച്ചത് വലിയ നെറികേടാണെന്നും ഇരുവരും ഉരുണ്ടുകളിക്കാതെ കലേഷിനോട് മാപ്പ് പറയണമെന്നുമാണ് സമൂഹ മാധ്യമങ്ങളില് നൂറ് കണക്കിനാളുകള് ആവശ്യപ്പെടുന്നത്. ദീപ മാപ്പപേക്ഷിച്ചു ഫേസ്ബുക്കില് കുറിച്ച വാക്കുകള് അവസാനിപ്പിച്ചത് ഇങ്ങനെയായിരുന്നു. സോഷ്യല് മീഡിയ ഇപ്പൊളും പൊങ്കാല തുടരുന്നു.
ഇപ്പോള് നടന്നത് ഏറെ ദു:ഖകരമായ കാര്യമാണ്. ഒരു സര്വ്വീസ് സംഘടനയുടെ മാഗസിനില് മറ്റൊരാളുടെ വരികള് എന്റെ പേരില് പ്രസിദ്ധീകരിക്കപ്പെട്ടതു കൊണ്ട് എനിക്ക് ഒരു ലാഭവുമില്ല എന്നും കാര്യമായ നഷ്ടമേ സാദ്ധ്യതയുള്ളൂ എന്നും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി എനിക്കുണ്ട്. നിങ്ങളോരോരുത്തര്ക്കുമുണ്ട്. അത്രമാത്രം സോഷ്യല് ഓഡിറ്റിംഗ് നേരിടുന്ന വ്യക്തിയാണ് ഞാന്. ഞാന് പറയുന്ന ഓരോ വാക്കിലും എഴുതുന്ന ഓരോ വരിയിലും ജാഗ്രതക്കണ്ണുകള് ചുറ്റുമുണ്ടെന്ന മിനിമം ബുദ്ധിയെങ്കിലും എന്നില് നിന്നും നിങ്ങള് പ്രതീക്ഷിക്കണം.
പിന്നെയെങ്ങനെ ഇതു സംഭവിച്ചു എന്നു ചോദിച്ചാല് മുഴുവന് കാര്യങ്ങളും പറയാനാവാകാത്ത ചില പ്രതിസന്ധികള് അതിലുണ്ട് എന്നുമാത്രമേ എനിക്കു പറയാനാവൂ. ആ പ്രതിസന്ധികള് കാലം തെളിയിക്കും. ഞാനായി ഒരാളെയും തകര്ക്കാന് ഉദ്ദേശിക്കുന്നില്ല. അങ്ങനെ നേടുന്ന ഒന്നിലും എനിക്ക് വിശ്വാസവുമില്ല. കലേഷിന്റെ സങ്കടവും രോഷവും ഒരു എഴുത്തുകാരി എന്ന നിലക്കും അദ്ധ്യാപിക എന്ന നിലക്കും മറ്റാരേക്കാളും കുറയാത്ത നിലയില് എനിക്കു മനസ്സിലാവും. അക്കാര്യത്തില് ഞാനും പ്രകടിപ്പിക്കാനാവാത്ത വിധം ദുഃഖിതയാണ്. എന്റെ പേരില് വരുന്ന ഓരോ വാക്കിനും ഞാന് ഉത്തരവാദിയായതു കൊണ്ടുതന്നെ ഇക്കാര്യത്തില് ഞാന് ക്ഷമചോദിക്കുന്നു. ഇവിടെ ഇതവസാനിക്കും എന്നു പ്രതീക്ഷിക്കുന്നു.
പ്ലേജറിസം സാമൂഹികമാദ്ധ്യമങ്ങളിലെ തുടര്ക്കഥയാണ്. ഒരാളുടെ ആശയം, വരികള് തുടങ്ങി എന്തും എപ്പോഴും മോഷ്ടിക്കപ്പെടാവുന്ന അവസ്ഥയുമുണ്ട്. അതിനെതിരെ എന്നും സംസാരിച്ചിട്ടും എനിക്കു നേരെ തന്നെ ഇത്തരമൊന്ന് സംഭവിച്ചതിലാണ് എറ്റവും വിഷമം. പ്രതിയോഗികള്ക്ക് കിട്ടിയൊരു സുവര്ണ്ണാവസരമായി ഇക്കാര്യം ഉപയോഗപ്പെടുന്നതിലും വിഷമമുണ്ട്. ഇനിയും കലേഷിനും എനിക്കും എഴുതാനാവും. താല്പര്യമുള്ളവര് അതു വായിക്കുകയും ചെയ്യും. വേണ്ടത് എടുക്കാനും തള്ളേണ്ടത് തള്ളാനുമുള്ള ശേഷി വായനക്കാര്ക്കുണ്ടെന്നുംഅവര് അതു നിര്വ്വഹിക്കുമെന്നും ഞാന് വിശ്വസിക്കുന്നു.