കൊച്ചി: ഫോർട്ടുകൊച്ചിയിൽ പട്ടാപ്പകൽ വീട് കൊള്ളയടിച്ച് 25 ലക്ഷം രൂപയും സ്വർണാഭരണങ്ങളും മറ്റ് വസ്തുക്കളും കവർന്ന കേസിൽ ഇനി പിടിയിലാകാനുള്ള സംഘാംഗങ്ങളായ അഞ്ചു പേരെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു. ഒളിവിൽ കഴിയുന്ന കൊച്ചി സ്വദേശികളായ ഇവരുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് വിവരം.
കേസിലെ മുഖ്യപ്രതി കരുവേലിപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന ചക്കിട്ടപറന്പ് മുജീബ് (44) ആണ് ഫോർട്ടുകൊച്ചി പോലീസിന്റെ പിടിയിലായത്. ഈ മാസം 26ന് രാവിലെ 7.30ന് ഫോർട്ടുകൊച്ചി ചിരട്ടപാലത്തുള്ള വീട്ടിലാണ് സംഘം മോഷണം നടത്തിയത്.
വീട്ടിലുള്ളവർ കലൂർ പള്ളിയിൽ ആരാധനയ്ക്കായി പോയ സമയം വീടിന്റെ ഒന്നാം നിലയിലെ വാതിൽ കുത്തി പൊളിച്ച് അകത്തു കടന്ന് ബെഡ്റൂമിലെ അലമാരയുടെ ലോക്ക് പൊളിച്ച് അതിൽ സൂക്ഷിച്ചിരുന്ന 25 ലക്ഷം രൂപയും രണ്ടു ലക്ഷം രൂപ വില വരുന്ന സ്വർണാഭരണങ്ങളും 35,000 രൂപ വില വരുന്ന ഡിജിറ്റൽ കാമറ ഉൾപ്പെടെ 27.5 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷ്ടിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരെ ഫോർട്ടുകൊച്ചിയിലെ എംഇഎസ് ക്വാട്ടേഴ്സ് പരിസരത്ത് നിന്നാണ് ഇയാൾ പിടിയിലായത്.
മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണർ കെ.ആർ.മനോജിന്റെ നിർദേശപ്രകാരം മട്ടാഞ്ചേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ത്രിദീപ് ചന്ദ്രന്റെ നേതൃത്വത്തിൽ ഫോർട്ടുകൊച്ചി പോലീസ് സ്റ്റേഷൻ എസ്ഐ മാരായ കെ.ആർ. രൂപേഷ്, വി.എസ്. സന്തോഷ് കുമാർ എന്നിവരടങ്ങുന്ന സംഘവും ക്രൈം സ്ക്വാഡും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതി തോപ്പുംപടി, മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിൽ മോഷണം, കവർച്ച എന്നീ തരത്തിലുള്ള കേസുകളിൽ ഉൾപ്പെട്ട ആളാണ്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.