കൊച്ചി: ഫോർട്ട് കൊച്ചിയിലെ പുതുവത്സര ആഘോഷങ്ങൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അനിയന്ത്രിതമായി ആളുകൾ കാർണിവലിന് എത്തുന്നതിന് നിയന്ത്രണം ഉണ്ടാകുമെന്ന് കൊച്ചി കോർപ്പറേഷനും പോലീസും അറിയിച്ചു. പപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് ഗ്രൗണ്ടിലും നിയന്ത്രണങ്ങൾ ഉണ്ടാകും.
കളമശ്ശേരി ദുരന്തങ്ങളുടെ പശ്ചാത്തലത്തിലാണ് കനത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. പപ്പാഞ്ഞിയെ കൊച്ചി പരേഡ് ഗ്രൗണ്ടിൽ മാത്രം കത്തിക്കണമെന്ന കടുത്ത നിലപാടിലാണ് അധികൃതർ. മാറ്റിടങ്ങളിൽ പപ്പാഞ്ഞിയെ കത്തിക്കാൻ അനുവദിക്കില്ലെന്ന് ആർഡിഒ വ്യക്തമാക്കി.
വൻ സുരക്ഷ സന്നാഹത്തിലാണ് ഇത്തവണ ഫോർട്ട് കൊച്ചിയിലെ പുതുവത്സര ആഘോഷങ്ങൾ നടക്കുക. പുതുവത്സര ആഘോഷത്തിനൊപ്പം ജനങ്ങളുടെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിയാണ് കാര്‍ണിവല്‍ നടത്തുക എന്ന് കൊച്ചി മേയർ എം അനിൽകുമാർ പറഞ്ഞു.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനു വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കും. നൂറിലധികം സിസിടിവി കാമറ, വാട്ടര്‍ ആംബുലന്‍സ് ഉള്‍പ്പെടെ ആവശ്യമായ മെഡിക്കല്‍ സംഘം, ഫസ്റ്റ് എയ്ഡ് സംവിധാനം, ബയോ ടോയ്ലറ്റ്, കുടിവെള്ള സൗകര്യം എന്നിവ ലഭ്യമാക്കും.