പുതിയ ഫോര്‍ച്യൂണര്‍, നിരത്തിലെ പടക്കുതിര

അജിത് ടോം
2016nov27fortune
മുടക്കുന്ന പണത്തിന് മൂല്യമൊത്ത വാഹനങ്ങളാണ് ടൊയോട്ട ഇന്നോളം നല്കിയിട്ടുള്ളത്. ടൊയോട്ടയില്‍നിന്ന് മുഖം മിനുക്കിയോ, പുതുക്കിയോ പുറത്തിറക്കുന്ന ഏത് വാഹനവും ചൂടപ്പംപോലെയാണ് വിപണിയില്‍ വിറ്റഴിക്കപ്പെടുന്നത്. ജനങ്ങള്‍ നല്കിയ ഈ വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിനാണ് ഡെസേര്‍ട്ട് ഡൈവ്രുകളുടെയും ഓഫ് റോഡുകളുടെയും ഇഷ്ടതോഴനും നിരത്തിലെ പടക്കുതിരയുമായ ഫോര്‍ച്യൂണറിന്റെ പുതിയ പതിപ്പ് നിരത്തിലെത്തിച്ചിരിക്കുന്നത്.

ഒന്നും ഒറ്റവാക്കില്‍ പറഞ്ഞുതീര്‍ക്കാന്‍ കഴിയാത്തതരത്തിലുള്ള മാറ്റങ്ങള്‍ വാഹനത്തിന് നല്കിയിട്ടുണ്ട്. വെറുമൊരു മാറ്റമല്ല, മറിച്ച് ടു വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനങ്ങളോടെ പുതിയ ഒരു എസ്യുവിയായാണ് ഫോര്‍ച്യൂണറിനെ ഒറ്റനോട്ടത്തില്‍ ആരും കാണുക.

എക്സ്റ്റീരിയര്‍

ഓഫ് റോഡ് െ്രെഡവുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കുന്നതുകൊണ്ടാവാം അപ്രോച്ച് ആംഗിള്‍ കൂടുതല്‍ ഉയര്‍ത്തിയിട്ടുണ്ട്. കൂടാതെ മുഖത്തിലും ഏറെ പുതുമ വരുത്തി. പുതിയ ഡിസൈനിംഗില്‍ ക്രോം ഫിനീഷിംഗ് ഗ്രില്ലുകളും പഴയ മോഡലിനു വിപരീതമായ എല്‍ഇഡി പാര്‍ക്ക് ലൈറ്റുകളും ബൈ–ബീം എല്‍ഇഡി പ്രൊജക്ഷന്‍ ലാമ്പുകളുമുള്ള ചെറിയ ഹൈഡ്‌ലൈറ്റാണുള്ളത്. കൂടാതെ, ബംപറിന്റെ താഴെയായി ത്രികോണാകൃതിയില്‍ ക്രോം ഫിനീഷിംഗുള്ള സ്ഥലത്താണ് ഫോഗ് ലാമ്പ്. ഈ സവിശേഷതകള്‍ ഫോര്‍ച്യൂണറിന് ആഡംബര രൂപം നല്കുന്നു.

ബ്ലാക്ക് ഫിനീഷിംഗ് ക്ലാഡിംഗുകളുള്ള വീല്‍ ആര്‍ച്ച്, ക്രോം ഫിനീഷിംഗ് ഡോര്‍ ഹാന്‍ഡില്‍ എന്നിവയ്ക്കു പുറമേ ഡോറുകളിലൂടെ കടന്നു പോകുന്ന ക്രോം ഫിനീഷിംഗ് ഡോര്‍ലൈനുകളുമാണ് വശങ്ങളുടെ ഭംഗി. 4795 എംഎം നീളവും 1855 എംഎം വീതിയും 1845 എംഎം ഉയരത്തിനുമൊപ്പം 18 ഇഞ്ച് വലുപ്പമുള്ള അലോയി വീലുകളും നല്കിയിരിക്കുന്നത് വാഹനത്തിന്റെ വലുപ്പം ഉയര്‍ത്തിക്കാട്ടുന്നു.

ടൊയോട്ടയുടെ ലെക്‌സസിനോടും ക്രിസ്റ്റയോടും നേരിയ സാമ്യം പുലര്‍ത്തുന്ന രൂപകല്പനയാണ് പിന്‍ഭാഗത്തിന്. എന്നാല്‍, ടെയില്‍ ലാമ്പിന്റെ കാര്യത്തില്‍ ഹ്യുണ്ടായിയുടെ ടുസോണിനോടും സാദൃശ്യമുണ്ട്. എന്‍ഇഡി ലൈറ്റുകളും ലൈറ്റിലെ ബ്ലാക്ക് ഷേഡും ഇരുവശത്തെയും ടെയില്‍ ലാമ്പുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ക്രോം സ്ട്രിപ്പും പിന്‍ഭാഗത്തിന്റെ മാറ്റുകൂട്ടുന്നു. കൂടാതെ ബാക്ക് ഡോര്‍ ഫുള്ളി ഓട്ടോമാറ്റിക് ആണ്.

ഇന്റീരിയര്‍

ഇന്റീരിയറില്‍ അടിമുടി മാറ്റം വരുത്തിയിട്ടുണ്ട്. സോഫ്റ്റ് ടച്ച് ഡാഷ്‌ബോര്‍ഡില്‍ ലെതര്‍ ഫിനീഷിംഗുള്ള സെന്റര്‍ കണ്‍സോളും വശങ്ങളിലെ വലിയ എസി വെന്റുകളും വുഡന്‍ ഫിനീഷിംഗിലുള്ള ഗിയര്‍ പാനലും ലെതര്‍ സീറ്റുകളും ചേര്‍ന്നതാണ് ഈ മാറ്റം.

ഡാഷ്‌ബോര്‍ഡിന്റെ മുകളിലായി ഇന്റര്‍കൂളിംഗ് സംവിധാനമുള്ള ഗ്ലൗ ബോക്‌സുമുണ്ട്. സെന്റര്‍ കണ്‍സോളിലേക്ക് വരുമ്പോള്‍ സാറ്റലൈറ്റ് നാവിഗേഷന്‍, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ ആപ്ലിക്കേഷനുകളും ഡിവിഡി, ബ്ലൂടൂത്ത്, ഓക്‌സിലറി തുടങ്ങിയ സംവിധാനവും ഒരുക്കിയിരിക്കുന്ന ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും അതിനു താഴെയായി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോളിംഗ് യൂണിറ്റും നല്കിയിരിക്കുന്നു. ഇവയ്ക്കു പുറമേ മറ്റൊരു യൂണിറ്റുകൂടി സെന്റര്‍ കണ്‍സോളില്‍ നല്കിയിട്ടുണ്ട്– 2 വീല്‍ െ്രെഡവ്, 4 വീല്‍ െ്രെഡവ് എന്നീ സംവിധാനങ്ങള്‍. വാഹനം ഓടുന്ന സ്ഥലത്തിനു യോഗ്യമായ രീതിയില്‍ മോഡ് മാറ്റുന്നതിനായി ഇലക്ട്രോണിക് െ്രെഡവ് കണ്‍ട്രോള്‍ നോബും ഡൗണ്‍ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ സ്വിച്ചുമാണ് ഇവിടെ നല്കിയിരിക്കുന്നത്.

മ്യൂസിക് സിസ്റ്റം, ഫോണ്‍ കണ്‍ട്രോള്‍ യൂണിറ്റ്, ക്രൂയിസ് കണ്‍ട്രോള്‍ സ്വിച്ചുകളും സ്റ്റിയറിംഗിലുണ്ട്. ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് സ്റ്റിയറിംഗ് വീലിന്റെ താഴെയായി പാഡില്‍ ഷിഫ്റ്റ് ലിവറും നല്കിയിരിക്കുന്നു. കൂടാതെ ടില്‍റ്റ്, ടെലിസ്‌കോപിക് എന്നീ രീതിയില്‍ സ്റ്റിയറിംഗ് ക്രമീകരിക്കാനാവും. എട്ടു രീതിയില്‍ ഇലക്ട്രിക് അഡ്ജസ്റ്റ്‌മെന്റ് സൗകര്യമുള്ള െ്രെഡവര്‍ സീറ്റിനു പുറമേ ലതര്‍ ഫിനീഷിംഗ് സീറ്റുകളാണ് എല്ലാ വേരിയന്റുകളിലും നല്കിയിരിക്കുന്നത്. വണ്‍ ടച്ച് സംവിധാനത്തിലൂടെ അനായാസം സീറ്റ് മടക്കാന്‍ സാധിക്കുമെന്നതും പുതുമയാണ്.

സുരക്ഷ

ഏഴ് എസ്ആര്‍എസ് എയര്‍ബാഗുകള്‍, എബിഎസ്, ഇബിഡി, ബ്രേക്ക് അസിസ്റ്റന്‍സ്, വെഹിക്കിള്‍ സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ എന്നിവ കൂടാതെ ഓട്ടോമാറ്റിക് മോഡലുകളില്‍ ഹില്‍ അസിസ്റ്റ് കണ്‍ട്രോളും ഡൗണ്‍ഹില്‍ അസിസ്റ്റ് കണ്‍ട്രോള്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്.

എന്‍ജിന്‍

ഓട്ടോമാറ്റിക്, മാന്വവല്‍ ഗിയര്‍ബോക്‌സുകളില്‍ 2.8 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലും മാന്വല്‍ ഗിയര്‍ ബോക്‌സില്‍ 2.7 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലുമാണ് പുതിയ ഫോര്‍ച്യുണര്‍ പുറത്തിറങ്ങുന്നത്. 2755 സിസി ഡീസല്‍ എന്‍ജിന്‍ മാന്വല്‍ മോഡല്‍ 420 എന്‍എം ടോര്‍ക്കില്‍ 177 പിഎസ് പവറും ഓട്ടോമാറ്റിക് മോഡല്‍ 450 എന്‍എം ടോര്‍ക്കില്‍ 177 പിഎസ് കരുത്തുമാണ് ഉത്പാദിപ്പിക്കുന്നത്. 2694 സിസി പെട്രോള്‍ എന്‍ജിന്‍ 245 എന്‍എം ടോര്‍ക്കില്‍ 166 പിഎസ് പവറും ഉത്പാദിപ്പിക്കുന്നു.

ഫോര്‍ച്യൂണറിന്റെ പെട്രോള്‍ മോഡലുകള്‍ കേരള ഷോറൂമുകളില്‍ എത്തിത്തുടങ്ങിയിട്ടില്ല.

ടെസ്റ്റ് ഡ്രൈവ്:  നിപ്പോണ്‍ ടൊയോട്ട,കോട്ടയം, 9847086007

Related posts