പാറ്റ്ന: ബിഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തയാള്‍ അറസ്റ്റില്‍. സിവാന്‍ ജില്ലയിലാണ് സംഭവം. 11കാരിയായ പെണ്‍കുട്ടിയെ വിവാഹം ചെയ്ത മഹേന്ദ്ര പാണ്ഡെ(40) ആണ് പിടിയിലായത്. കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
വായ്പ വാങ്ങിയ തിരിച്ചടയ്ക്കാത്തതിനെ തുടർന്ന് മഹേന്ദ്ര പാണ്ഡെ തന്റെ മകളെ ബലമായി വിവാഹം ചെയ്തതാണെന്ന് പെൺകുട്ടിയുടെ അമ്മ ആരോപിച്ചു.
എന്നാൽ, തന്നിൽ നിന്ന് പണം തട്ടിയെടുക്കാൻ പെൺകുട്ടിയുടെ അമ്മ ഒരുക്കിയ കെണിയാണെന്ന് ഇതെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മഹേന്ദ്ര പാണ്ഡെ പറയുന്നു.
പെൺകുട്ടിയുടെയും അമ്മയുടെയും സമ്മതത്തോടെയാണ് താൻ വിവാഹം കഴിച്ചത്. ഇപ്പോൾ പെൺകുട്ടിയുടെ അമ്മ പണത്തിനായി എന്നെ ഭീഷണിപ്പെടുത്തുകയാണ്. അവർ പണം ആവശ്യപ്പെടാൻ തുടങ്ങി. ഞങ്ങൾക്കിടയിൽ പണമിടപാടുകൾ ഒന്നുമില്ല. ചില മാധ്യമ പ്രവർത്തകർ തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മഹേന്ദ്ര പാണ്ഡെയെ അമ്മ കള്ളക്കേസിൽ കുടുക്കുകയാണെന്ന് പെൺകുട്ടിയും പറയുന്നു. ഞങ്ങൾ രണ്ടുപേരും അമ്മയുടെ സമ്മതത്തോടെയാണ് വിവാഹം കഴിച്ചത്. ഞങ്ങൾക്ക് ഒരുമിച്ച് ജീവിക്കണം. ഇപ്പോൾ ഞങ്ങളെ രണ്ടുപേരെയും അവർ കുടുക്കുകയാണെന്ന് പെൺകുട്ടി പറയുന്നു.
പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ മൈർവ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും പ്രതി മഹേന്ദ്രകുമാറിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയുമായിരുന്നു.