സുനറ്റ് കെ വൈ
പത്തനാപുരം: വനസംരക്ഷണം ഇനി വളയിട്ട കൈകളില്‍ ഭ്രദം. കടശേരിയില്‍ സ്ഥിതി ചെയ്യുന്ന പുന്നല മാതൃകാ ഫോറസ്റ്റ് സ്റ്റേഷനില്‍ എഴുപത്തിയഞ്ച് ശതമാനം ബി എഫ് ഓമാരും വനിതകളാണ്.
ഓഫീസ് കാര്യങ്ങളും വനപരിപാലനവുമൊക്കെ വീട്ടുകാര്യം പോലെ ഇവര്നോക്കിപ്പോള് അനായാസമാണ്. കേരളത്തില്‍ തന്നെ ഏറ്റവുമധികം വനിതകള്‍ ജോലി ചെയ്യുന്ന ഫോറസ്റ്റ് സ്റ്റേഷനും ഇതാണ്.
വനംവകുപ്പില്‍ ഫോറസ്റ്റ് ഓഫീസുകളില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ തസ്തികയിലേക്ക് സ്ത്രീകള്‍ കടന്നുവന്നിട്ട് അരപതിറ്റാണ്ട് മാത്രമേ ആകുന്നുള്ളൂ. സ്ത്രീകള്‍ ഈ മേഖലയിലേക്ക് എത്തുന്നതില്‍ പ്രതിഷേധങ്ങളും ആശങ്കകളും ഏറെയുണ്ടായിരുന്നു.
വന്യജീവി സംരക്ഷണവും വനാതിര്‍ത്തിയിലെ മനുഷ്യരുടെ ജീവന്റെ സുരക്ഷിതത്വവുമൊക്കെ വനപാലകരുടെ ദൗത്യമാണ്.
രാപകല്‍ ഭേദമില്ലാതെ വനത്തിനുള്ളിലെ ദുര്‍ഘടമായ കുന്നുകളും കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളുമൊക്കെ വന്യജീവികളുടെ ആക്രമണം മുന്നില്‍കണ്ടുകൊണ്ട് തരണം ചെയ്ത് തൊഴിലെടുക്കണമെന്നതിനാല് പുരുഷന്മാരുടെ കുത്തകയായിരുന്നു ഈ മേഖല.
അപകടം ഏറെയുള്ളതിനാല്‍ തന്നെയാണ് ഈ മേഖലയിലേക്കുള്ള സ്ത്രീകളുടെ കടന്നവരവ് ആശങ്കകള്‍ സൃഷ്ടിച്ചതും.
എന്നാല്‍ ആശങ്കകളെല്ലാം അസ്ഥാനത്തായിരുന്നുവെന്ന് ഈ വനിതകള്‍ തെളിയിച്ചു. ഇവിടെയുള്ള പതിനാറ് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരില്‍ പന്ത്രണ്ട് പേരും വനിതകളാണ്. അതും ബിരുദവും ബിരുദാനന്തരബിരുദവുമുള്പ്പെടെ യോഗ്യതയുള്ളവര്‍.
തിരുവനന്തപുരം, കൊല്ലം സ്വദേശിനികളാണ് പന്ത്രണ്ട് പേരും.കൊല്ലം നീണ്ടകര മുതല്‍ അച്ചന്‍കോവില്‍ വനമേഖലവരെ വ്യാപിച്ചുകിടക്കുന്ന വിശാലമായ അധികാര പരിധിയാണ് പുന്നല മോഡല്‍ സ്റ്റേഷനുള്ളത്.
ഏത് സമയത്തും യാതൊരു പരിഭവവുമില്ലാതെ ആത്മാര്‍ഥതയോടെ തൊഴിലെടുക്കുന്നവരാണിവരെന്ന് ഡെപ്യൂട്ടി റെയിഞ്ച് ഫോറസ്റ്റ് ഓഫീസര്‍ നിസാമും സാക്ഷ്യപ്പെടുത്തുന്നു.
പരിസ്ഥിതി പുനരുദ്ധാരണ പദ്ധതി, നഗരവനം, പ്ലാന്റേഷന് പ്രവര്‍ത്തനവുമൊക്കെ ഇവരുടെ കൈകളില്‍ ഭദ്രമാണ്. സ്റ്റേഷന് പരിസരത്ത് പരീക്ഷണാടിസ്ഥാനത്തില്‍ പച്ചക്കറി കൃഷിയും ഇവര്‍ ആരംഭിച്ചിട്ടുണ്ട്. ഈ വര്‍ഷം ഏറ്റവുമധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്ത ഫോറസ്റ്റ് ഓഫീസും പുന്നലയാണ്.
അര്‍ച്ചന രാജ്, സന്ധ്യ, സൗമ്യ, പാര്‍വതി, വിജി, രശ്മി, ശരണ്യ, പൂജ, സമീറ, അഞ്ജന, അമ്പിളി, ആര്യ എന്നിവരാണ് പുന്നല മാതൃകാ സ്റ്റേഷനിലെ വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാര്‍.