സാംപൗളോ : ആഗോള ഫുട്‌ബോള്‍ ലോകത്തിന് കറുത്ത ദിനം. വിമാനം തകര്‍ന്ന് മരിച്ച ബ്രസീിലിയന്‍ ക്ലബ്ബ് ടീമായ ചാപെകോയന്‍സിന്റെ താരങ്ങള്‍ക്കു വേണ്ടി ലോകമെങ്ങും പ്രാര്‍ഥനകള്‍ നടന്നു. കാല്‍പ്പന്തുകളിയിലെ ബ്രസീലിന്റെ ഇതിഹാസം പെലെയും ഇന്നത്തെ മുന്‍നിര താരങ്ങളായ ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, നെയ്മര്‍ തുടങ്ങിയ പ്രമുഖര്‍ മരിച്ചവര്‍ക്ക് അനുശോചനം രേഖപ്പെടുത്തി. ദുരന്തത്തില്‍ 71 പേര്‍ കൊല്ലപ്പെട്ടപ്പോള്‍ അവിശ്വസനീയമായി ആറു പേര്‍ രക്ഷപ്പെട്ടു. ശൂന്യതയില്‍ നിന്നും ഉയര്‍ന്നു വന്ന സംഘമായിരുന്നു ചാപെകോയന്‍സ്. ദക്ഷിണ അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ ക്ലബ് ടൂര്‍ണമെന്റായ കോപ്പ സുഡമേരിക്കാന (ദക്ഷിണ അമേരിക്കന്‍ കപ്പ്) ഫൈനല്‍ മത്സരത്തിനായി പോകവേയാണ് ലോകത്തെ നടുക്കിയ ദുരന്തമുണ്ടായത്. വൈദ്യുതി തകരാര്‍ മൂലം അടിയന്തര ലാന്‍ഡിംഗിനു ശ്രമിക്കുമ്പോള്‍ മെഡെലിന്‍ നഗരത്തിനു സമീപമാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്തിയിട്ടുണ്ട്. ടീമിനെ കൂടാതെ 20 ബ്രസീലിയന്‍ മാധ്യമ പ്രവര്‍ത്തകരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. രക്ഷപ്പെട്ട ഗോള്‍കീപ്പര്‍ ജാക്‌സണ്‍ ഫോള്‍മാന്റെ വലതു കാല്‍ മുറിച്ചുമാറ്റിയെന്ന് സാന്‍ വിതെന്റെ ആശുപത്രി അധികൃതര്‍ അറിയിച്ചു. ചാപെകോയന്‍സ് ടീം ഒരു കുടുബം പോലെയായിരുന്നു. സുഹൃത്തുക്കളുടെ ഒരു സംഘം. –ക്ലബ്ബിന്റെ ഉപദേശക സംഘത്തിന്റെ തലവന്‍ ലിനിയോ ഫിലോ പറഞ്ഞു.
ബൊളീവിയയില്‍നിന്നും ടീം വിമാനത്തില്‍ കയറുന്നതിനു മുമ്പുള്ള ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ചാപെകോയന്‍സിന്റെ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ മാര്‍ക്കോസ് ഡനീലോ പഡിയ ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. ദക്ഷിണ അമേരിക്കന്‍ കപ്പ് സെമി ഫൈനലില്‍ മാര്‍ക്കോസ് ഡനിലോ അവസാന മിനിറ്റില്‍ നടത്തിയ സേവാണ് ടീമിനെ ഫൈനലിലെത്തിച്ചത്.
ലോകമെങ്ങും നിന്ന് കണ്ണീരില്‍ കുതിര്‍ന്ന അനുശോചന പ്രവാഹങ്ങളാണ് എത്തുന്നത്. ബ്രസീലയന്‍ ഫുട്‌ബോള്‍ തേങ്ങുകയാണ്. അത്രയും വലിയ ദുരന്തമാണിത് –ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെ ട്വിറ്ററില്‍ കുറിച്ചു. ഫുട്‌ബോളില്‍ ശക്തരാവുന്നതിലേക്കുള്ള വഴിയിലാണ് അവരെ നഷ്ടമായിരിക്കുന്നത്. അവര്‍എടുത്തത് തെറ്റായ വിമാനമായിപ്പോയി. അര്‍ജന്റീനയുടെ മുന്‍ സൂപ്പര്‍താരം ഡിയേഗോ മാറഡോണ ഫേസ്ബുക്കില്‍ കുറിച്ചു.
സ്‌പെയിനില്‍ പരിശീലനം ആരംഭിക്കുന്നതിനു മുമ്പ് റയല്‍ മാഡ്രിഡും ബാഴ്‌സലോണയും ഒരു നിമിഷത്തെ നിശബ്ദ പ്രാര്‍ഥന നടത്തി. അര്‍ജ ന്റീനിയന്‍ താരം ലയണല്‍ മെസിയും ഉറുഗ്വെ താരം ലൂയിസ് സ്വാരസും ബ്രസീലിയന്‍ താരം നെയ്മറും മരിച്ചവരുടെ കുടുബത്തെ അനുശോചനം അറിയിച്ചു.
ദക്ഷിണ അമേരിക്കന്‍ കപ്പ് ചാപെകോയന്‍സിനു നല്‍കണമെന്നാവശ്യം
ബ്രസീലിയന്‍ ക്ലബ് ചാപെകോയന്‍സിനു ദക്ഷിണഅമേരിക്കന്‍ കപ്പ് നല്‍കണമെന്ന് അത്‌ലറ്റിക്കോ നാഷണല്‍ ക്ലബ്ബ് ദക്ഷിണ അമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനോട് അഭ്യര്‍ഥിച്ചു. കോപ്പ് സുഡമേരിക്കാന 2016ന്റെ ചാമ്പ്യന്‍സ് ചാപെകോയന്‍സാണ്. അത്‌ലറ്റിക്കോ നാഷണല്‍ സ്‌െ്രെടക്കര്‍ എസക്കിയേല്‍ റസ്്കാല്‍ഡാനി പറഞ്ഞു.
സ്‌നേഹസ്പര്‍ശവുമായി ബ്രസീല്‍ ക്ലബ്ബുകള്‍
വിമാനാപകടത്തില്‍ കളിക്കാരെ നഷ്ടപ്പെട്ട ചാപെകോയന്‍സിനു താരങ്ങളെ വായ്പ അടിസ്ഥാനത്തില്‍ ഒരു തുകയും വാങ്ങിക്കാതെ നല്‍കാന്‍ തയാറാണെന്ന് ബ്രസീലിലെ വിവിധ ക്ലബ്ബുകള്‍ അറിയിച്ചു. കൊറിന്ത്യന്‍സ്, ഫ്‌ളെമെംഗോ, ഫ്‌ളൂമിനന്‍സ്, സാന്റോസ്, സാംപൗളോ തുടങ്ങിയവരാണ് ചാപെകോയന്‍സ് ക്ലബ്ബിനെ നിലനിര്‍ത്താനായി കളിക്കാരെ വിട്ടുകൊടുക്കാന്‍ സന്നദ്ധത അറിയിച്ചത്. സീസണിലെ അവസാന മാച്ചില്‍ ചാപെകോയന്‍സിന്റെ ജേഴ്‌സി ധരിക്കാന്‍ അനുവദിക്കണമെന്ന് ബ്രസീലിയന്‍ ലീഗ് ചാമ്പ്യന്‍സായ പാല്‍മെയിറസ് അഭ്യര്‍ഥിച്ചു. ഒന്നാം ഡിവിഷന്‍ ലീഗില്‍ തന്നെ ചാപെക്കോയന്‍സിനെ നിലനിര്‍ത്തണമെന്നും ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനോട് വിവിധ ക്ലബ്ബുകള്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.