കുട്ടികള്‍ വീട്ടില്‍ നിന്ന് ഒളിച്ചോടുന്നത് എല്ലാനാട്ടിലും നടക്കാറുള്ള സംഭവമാണെങ്കിലും വീട്ടുകാരുടെ നിയന്ത്രണങ്ങളില്‍ മനംമടുത്ത് വെക്കേഷന് ആഘോഷിക്കാന്‍ ഒളിച്ചോടുന്നത് അപൂര്‍വമായിരിക്കും.
ഉത്തര്‍പ്രദേശിലെ ലക്ഷ്മിപൂര്‍ഖേരിയിലുള്ള നാല് പെണ്‍കുട്ടികളാണ് ഒളിച്ചോടി വിനോദയാത്രയ്ക്ക് പോയത്. പെണ്‍കുട്ടികളെ ഉത്തരാഖണ്ഡിലെ ടേരി ഗര്‍വാലില്‍ നിന്നാണ് പൊലീസ് കണ്ടെത്തുന്നത്.
വീട്ടുകാര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കുട്ടികള്‍ക്കായി അന്വേഷണം ആരംഭിച്ചത്. ബുധനാഴ്ച്ചയാണ് പെണ്‍കുട്ടികളെ കാണാതാകുന്നത്.
സ്കൂളിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് നാല് പേരും വീട്ടില്‍ നിന്നും ഇറങ്ങിയത്. ഒരാള്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനിയാണ്. വീട്ടില്‍ മാതാപിതാക്കളുടെ കടുത്ത നിയന്ത്രണങ്ങള്‍ സഹിക്കാതായതോടെയാണ് ഒളിച്ചോടിയതെന്ന് പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു.
നിയന്ത്രണങ്ങള്‍ മടുത്തെന്നും ഒരു വെക്കേഷന് വേണമെന്നും തോന്നിയതോടെ എല്ലാവരും ചേര്‍ന്ന് പദ്ധതിയിടുകയായിരുന്നുവെന്ന് കുട്ടികള്‍ പറയുന്നു.
നാലു പേരും വീട്ടില്‍ നിന്നും അത്യാവശ്യം പണവും എടുത്താണ് യാത്ര പുറപ്പെട്ടത്. പ്ലസ് ടു വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടി 25,000 രൂപ എടുത്താണ് വീട്ടില്‍ നിന്നും പുറപ്പെട്ടത്.
ഉത്തരാഖണ്ഡില്‍ ഒരു റിസോര്‍ട്ടില്‍ മുറിയെടുത്ത് താമസിക്കുന്നതിനിടയിലാണ് പൊലീസ് ഇവരെ കണ്ടെത്തുന്നത്.
പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് റിസോര്‍ട്ടില്‍ നാല് പേരും ഉണ്ടെന്ന് മനസ്സിലായത്. നാല് പേരുടേയും മൊഴി രേഖപ്പെടുത്തിയതിന് ശേഷം വീട്ടുകാര്‍ക്കൊപ്പം വിട്ടയയ്ക്കുമെന്ന് പോലീസ് അറിയിച്ചു.