ആര്യനാട്: വെള്ളായണിയിലെ ആശുപത്രിയില്‍ വച്ച് രാമസ്വാമിയുടെ ജീവന്‍ പൊലിഞ്ഞുവെങ്കിലും അദ്ദേഹം പോയത് ഈ മാലാഖ പെണ്‍കുട്ടികളെ മനസു നിറഞ്ഞ് അനുഗ്രഹിച്ചതിനു ശേഷമായിരിക്കും. പുരുഷ കേസരികള്‍ ചുറ്റും കാഴ്ചക്കാര്‍ മാത്രമായപ്പോള്‍ നെഞ്ചുവേദനയില്‍ പിടഞ്ഞ സ്വാമിക്കു തുണയാകാനും വെള്ളം കൊടുക്കാനും ആശുപത്രിയിലെത്തിക്കാനും ഈ കൂട്ടുകാരും നന്‍മനിറഞ്ഞ അവരുടെ മനസ്സിന്റെ കരുത്തും മാത്രമല്ലേ ഉണ്ടായിരുന്നുള്ളു. നീറമണ്‍കരയിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ രാമസ്വാമി വേദനയില്‍ പുളയുമ്പോള്‍ കാഴ്ചക്കാരായി യുവാക്കളടക്കം പുരുഷന്‍മാര്‍ പലരുണ്ടായിരുന്നു.
ഇവരൊക്കെ ആ പിടച്ചില്‍ കണ്ടു നിന്നപ്പോള്‍ മനസ്സില്‍ കാരുണ്യം നിറഞ്ഞതും അത് രക്ഷാപ്രവര്‍ത്തനം വരെ എത്തിക്കണമെന്നു നിശ്ചയിച്ചതും നിറമണ്‍കര എന്‍എസ്എസ് കോളജിലെ ഡിഗ്രി ഫിലോസഫി മൂന്നാം വര്‍ഷ വിദ്യാര്‍ഥിനികളായ നാലുപേര്‍ മാത്രമാണ്. പി.എസ്.ജ്യോത്സ്‌ന, ജെ.എസ്.ദീപീക, എസ്.എസ്.ശ്രുതി, എം.ശ്രീലക്ഷ്മി എന്നിവര്‍. അവശനായ രാമസ്വാമിയോട് അവര്‍ വിവരം തിരക്കി. നെഞ്ചുവേദനയാണെന്നു പറഞ്ഞപ്പോള്‍ ശുശ്രൂഷിച്ചു, കയ്യിലിരുന്ന വെള്ളം നല്‍കി. വീണ്ടും ചോദിച്ചപ്പോള്‍ സമീപത്തെ ബേക്കറിയില്‍ നിന്നു വെള്ളം വാങ്ങി നല്‍കി. തീരെ അവശനായതോടെ ആശുപത്രിയിലെത്തിക്കാനായി ശ്രമം.
അതുവഴിയെത്തിയ ആംബുലന്‍സ് അവര്‍ കൈകാണിച്ചു നിര്‍ത്തി. രാമസ്വാമിയെ കയറ്റിയപ്പോഴും പുരുഷന്‍മാരാരും വാഹനത്തില്‍ കയറാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍, വിദ്യാര്‍ഥിനികള്‍ തന്നെ സ്വാമിയെ വെള്ളായണി ശാന്തിവിളയിലെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന്റെ മൊബൈലില്‍ നിന്ന് വിദ്യാര്‍ഥിനികള്‍ ബന്ധുക്കളെ വിളിച്ചു. അതോടെ കുടുംബാംഗങ്ങളെത്തി. പക്ഷേ കുട്ടികളുടെ പരിശ്രമത്തിന് അധികം ആയുസ്സുണ്ടായില്ല. ആശുപത്രിയിലെത്തി അല്‍പസമയത്തിനുള്ളില്‍ രാമസ്വാമി മരിച്ചു.
തിരക്കിനിടയില്‍ വൈകിയേ എത്തൂ എന്ന വിവരം വീട്ടുകാരെ ധരിപ്പിക്കാന്‍ പെണ്‍കുട്ടികള്‍ വിട്ടുപോയിരുന്നു. പെണ്‍കുട്ടികള്‍ വീട്ടിലെത്താഞ്ഞതില്‍ പരിഭ്രാന്തരായ വീട്ടുകാര്‍ വൈകിയാണ് വിവരമറിഞ്ഞത്. വിവരമറിഞ്ഞപ്പോള്‍ അവര്‍ക്കും അഭിമാനമായി. ഒപ്പം രാമസ്വാമിയുടെ മരണത്തിലുള്ള സങ്കടവും. ആര്യനാട് ആനന്ദേശ്വരം സ്വദേശിനികളായ ദീപികയെയും ജ്യോത്സ്‌നയെയും കാട്ടാക്കട വലിയറത്തല സ്വദേശിനി ശ്രുതിയെയും കാട്ടാക്കട സ്വദേശിനി ശ്രീലക്ഷ്മിയെയും രക്ഷിതാക്കള്‍ എത്തിയാണു കൂട്ടിക്കൊണ്ടുപോയത്. ഇത്ര നല്ല മനസ്സുള്ളവരുടെ കൂടി ലോകത്തു നിന്നു പോകേണ്ടി വന്നതില്‍ രാമസ്വാമി ഖേദിക്കുന്നുണ്ടാവണം.