മേലാറ്റൂരില്‍ എംഡിഎംഎയുമായി നാലു യുവാക്കളെ പിടികൂടിയ വന്‍ ട്വിസ്റ്റ്. പ്രസ്തുത കേസില്‍ യുവാക്കള്‍ 88 ദിവസം ജയിലില്‍ കിടന്നതിനു ശേഷം കെമിക്കല്‍ ലാബ് ഫലം വന്നപ്പോള്‍ പിടിച്ചത് എംഡിഎംഎ അല്ലെന്നാണ് റിപ്പോര്‍ട്ട്.
രണ്ടു ലാബുകളിലും ഫലം നെഗറ്റീവായതിനെത്തുടര്‍ന്ന് ഇനി മൂന്നാമതൊരു ലാബില്‍ക്കൂടി പരിശോധന നടത്താനാണ് പോലീസിന്റെ നീക്കം.
മലപ്പുറം മേലാറ്റൂര്‍ പോലീസെടുത്ത കേസിന് എതിരെ കുറുവ കരിഞ്ചാപ്പാടി സ്വദേശികളായ യുവാക്കളാണ് പരാതിയുമായി രംഗത്തെത്തിയത്.
വിപണിയില്‍ രണ്ടു ലക്ഷത്തോളം രൂപ വിലവരുന്ന മാരക മയക്കുമരുന്നുമായി ഇവരെ പിടികൂടിയെന്നായിരുന്നു പോലീസിന്റെ വാദം.
മണിയാണിരിക്കടവ് പാലത്തിനു സമീപം നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇവരെ അറസ്റ്റ് ചെയ്തത്. മലപ്പുറം കരിഞ്ചാപാടി സ്വദേശികളായ കരുവള്ളി ഷഫീഖ്, കരുവള്ളി മുബഷിര്‍, ഒളകര റിഷാദ്, മച്ചിങ്ങല്‍ ഉബൈദുള്ള എന്നിവരാണ് പിടിയിലായത്.
പിന്നീട് പരിശോധനയ്ക്കായി എംഡിഎംഎ അയച്ച കോഴിക്കോട് കെമിക്കല്‍ ലാബിലെ ഫലമാണ് ആദ്യം നെഗറ്റീവായത്. പിന്നാലെ തിരുവനന്തപുരം കെമിക്കല്‍ ലാബിലേക്ക് അയച്ചെങ്കിലും അതും നെഗറ്റീവായി.
ഇതോടെ നാലു പേര്‍ക്കും കോടതി ജാമ്യം അനുവദിച്ചു. മൂന്നാം വട്ട പരിശോധനക്കായി ഹൈദരാബാദിലെ ലാബിലേക്ക് കൂടി അയക്കാനൊരുങ്ങുകയാണ് കേരള പോലീസ്.
ലഹരി മരുന്നു കേസില്‍ ജയിലിലായതോടെ നാലു പേര്‍ക്കും ജോലി നഷ്ടമായെന്ന് ഇവര്‍ പറയുന്നു.
എംഡിഎംഎ കേസിലെ പ്രതി ചേര്‍ക്കപ്പെട്ട ഷഫീഖിനും മുബഷിര്‍ കരുവള്ളിക്കും ഗള്‍ഫിലെ ജോലി നഷ്ടമായി. പ്രതി ചേര്‍ക്കപ്പെട്ട മച്ചിങ്ങല്‍ ഉബൈദുല്ലയുടെ ഭാര്യ വിവാഹ ബന്ധം വേര്‍പെടുത്തി.
ഒരു ദിവസം ഞങ്ങള്‍ നാലു പേരും കൂടി ഒരു റസ്റ്ററന്റിലേക്കു പോകുമ്പോഴാണ് പൊലീസ് എത്തുന്നത്. അവര്‍ ഞങ്ങളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു.
ഞാന്‍ വണ്ടിയില്‍ കത്തിച്ച് പുകച്ച് ഉപയോഗിക്കുന്ന ഒരു സാധനമുണ്ട്. കുന്തിരിക്കം പോലുള്ള ഒരു സാധനമാണത്. നല്ല മണമുള്ള വസ്തുവാണ്.
അവര്‍ അത് എടുത്തു നോക്കിയിട്ട് ഇത് എംഡിഎംഎ അല്ലേയെന്നു ചോദിച്ചു. അല്ലെന്ന് എത്ര പറഞ്ഞിട്ടും അവര്‍ അംഗീകരിച്ചില്ല.
മുബഷിര്‍ ഗള്‍ഫില്‍നിന്നു വന്നപ്പോള്‍ ഒരു അറബി സമ്മാനമായി കൊടുത്തതാണ്. അത് വണ്ടിയില്‍ പുകച്ച് ഉപയോഗിച്ചാല്‍ നല്ല മണമാണ്.
അത് എംഡിഎംഎ ആണെന്ന് പരിശോധിച്ച് ഉറപ്പു വരുത്തിയെന്ന് പറഞ്ഞായിരുന്നു പിന്നീട് ഉപദ്രവമെന്ന് യുവാക്കള്‍ പറയുന്നു.