കടയില്‍ നിന്നു സാധനങ്ങള്‍ മോഷ്ടിച്ചുവെന്നാണ് ആരോപിച്ച് പാക്കിസ്ഥാനില്‍ നാല് സ്ത്രീകളെ നഗ്നരാക്കി നടത്തി.
ഒരു കൗമാരക്കാരിയടക്കമുള്ളവരോടാണ് ഈ ക്രൂരത. തിങ്കളാഴ്ച പഞ്ചാബ് പ്രവിശ്യയില്‍ പെടുന്ന ഫൈസാലാബാദിലാണ് ഈ സംഭവം.
സംഭവത്തിന്റെ വീഡിയോ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തു. സ്ത്രീകള്‍ക്കു ചുറ്റും ആളുകള്‍ നില്ക്കുന്നതും നഗ്നത മറയ്ക്കാന്‍ ഒരു തുണ്ട് വസ്ത്രത്തിനായി അവര്‍ യാചിക്കുന്നതും വീഡിയോയില്‍ കാണാം.
എന്നാല്‍ വസ്ത്രം നല്കുന്നതിനു പകരം ജനക്കൂട്ടം അവരെ വടികൊണ്ട് അടിക്കുകയാണ് ചെയ്യുന്നത്.
പോകാന്‍ അനുവദിക്കണമെന്ന് സ്ത്രീകള്‍ കരഞ്ഞുകൊണ്ട് പറയുന്നതും കാണാം. എന്നാല്‍ ഇത് ചെവിക്കൊള്ളാതെ ജനക്കൂട്ടം അവരെ ഒരു മണിക്കൂറോളം നഗ്നരാക്കി നടത്തി.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് പോലീസ് കേസെടുത്തത്. അഞ്ചു പേര് ഇതിനകം അറസ്റ്റിലായെന്ന് പഞ്ചാബ് പോലീസ് വക്താവ് അറിയിച്ചു.
പോലീസ് അന്വേഷണം തുടരുകയാണെന്നും കുറ്റക്കാരെയെല്ലാം നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും പോലീസ് വ്യക്തമാക്കി.
പഴയ സാധനങ്ങള്‍ പെറുക്കി വിറ്റ് ഉപജീവനം നടത്തുന്നവരാണ് ഈ സ്ത്രീകള്‍. ഫൈസലാബാദിലെ ബാവ ചൗക് മാര്‍ക്കില്‍ പഴയ സാധനങ്ങള്‍ ശേഖരിക്കാന്‍ പോയപ്പോഴായിരുന്നു ഈ സംഭവം.