കല്ലട ബസില് യാത്രക്കാരായ മൂന്നു യുവാക്കളെ തല്ലിച്ചതച്ച കേസില് നാലു ബസ് ജീവനക്കാര് പിടിയിലായി. സോഷ്യല് മീഡിയയുടെ ഇടപെടലാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്. ഞായറാഴ്ചയാണ് സംഭവം നടന്നത്. അന്നു തന്നെ ദൃശ്യങ്ങള് സോഷ്യല് മീഡിയയില് എത്തിയെങ്കിലും മുന്നിര ചാനലുകളും പത്രങ്ങളും ഇത് വാര്ത്തയാക്കിയില്ലയെന്നത് ശ്രദ്ധേയമായി. എന്നാല് സോഷ്യല് മീഡിയയുടെ കടന്നാക്രമണം കല്ലട ഉടമകളുടെ കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചു. ജനരോഷം ശക്തമായതോടെയാണ് പ്രതികള്ക്കെതിരേ നടപടിയെടുക്കാന് പോലീസ് നിര്ബന്ധിതരായത്.
ഒന്നാം പ്രതി ചിറയിന്കീഴ് മടവൂര് ജയേഷ് ഭവനത്തില് ജയേഷ് (25), രണ്ടാം പ്രതി കൊടകര ആനന്ദപുരം ആലത്തൂര് മണപ്പിള്ളില് ജിതിന് (25), ആലപ്പുഴ സ്വദേശി രാജേഷ് (26), പുതുച്ചേരി കാരയ്ക്കല് സ്വദേശി അന്വര് (38) എന്നിവരാണ് അറസ്റ്റിലായത്. കൂടാതെ 3 പേരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. മൂന്നാം പ്രതി കൊല്ലം സ്വദേശി ഗിരിലാലിനോടു കീഴടങ്ങാന് ആവശ്യപ്പെട്ടു. വധശ്രമം, പിടിച്ചുപറി, സംഘം ചേര്ന്ന് ആക്രമിക്കല് തുടങ്ങിയ വകുപ്പുകള് പ്രകാരമാണു മരട് പൊലീസ് കേസെടുത്തിരിക്കുന്നത്. പരാതി കിട്ടിയപ്പോള് സ്റ്റേഷന് ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയത്. ഇത് അറിഞ്ഞതോടെയാണ് സോഷ്യല് മീഡിയയില് പ്രതിഷേധം ശക്തമായത്. കല്ലടയിലെ ക്രൂരതകളെ കുറിച്ച് കുറിപ്പുകള്ഫേസ്ബുക്കിലെത്തി. ഇതോടെ സംഭവത്തില് ഗതാഗത കമ്മിഷണറോടു റിപ്പോര്ട്ട് തേടിയെന്നു മന്ത്രി എ.കെ. ശശീന്ദ്രന് കോഴിക്കോട്ട് അറിയിച്ചു.
പിടിച്ചെടുത്ത ബസ് മരട് സ്റ്റേഷനില് എത്തിച്ചു. ഡ്രൈവറുടെ ലൈസന്സ് സസ്പെന്ഡ് ചെയ്തു. ‘സുരേഷ് കല്ലട’യുടെ കേരളത്തിലെ എല്ലാ ഓഫിസുകളും ഇന്നലെ പൂട്ടിയതായി പൊലീസ് അറിയിച്ചു. ‘സുരേഷ് കല്ലട’ ബസിന്റെ പെര്മിറ്റ് റദ്ദാക്കുമെന്നു ഗതാഗത കമ്മിഷണര് എഡിജിപി: സുധേഷ് കുമാര് അറിയിച്ചു. അങ്ങനെ എല്ലാം വേഗത്തിലായി. സുരേഷ് കല്ലട ബസിന്റെ ഉടമയെ വിളിച്ചു വരുത്താന് ദക്ഷിണ മേഖലാ എഡിജിപി: മനോജ് ഏബ്രഹാമിനു ഡിജിപി: ലോക്നാഥ് ബെഹ്റ നിര്ദ്ദേശം നല്കി. തിരുവനന്തപുരത്തെ മാനേജര് മനുവിനെ പൊലീസ് ആസ്ഥാനത്തു വരുത്തി ചോദ്യം ചെയ്തു. അക്രമത്തിന്റെ വിഡിയോ ഫേസ് ബുക്കില് പങ്കുവച്ച ജേക്കബ് ഫിലിപ്പിനെ ഫോണില് വിളിച്ച് ഡിജിപി വിവരങ്ങള് ചോദിച്ചറിഞ്ഞു.
ശനിയാഴ്ച രാത്രി തിരുവനന്തപുരത്തു നിന്നു ബെംഗളൂരുവിലേക്കു പുറപ്പെട്ട യാത്രക്കാരായ അജയഘോഷ്, സച്ചിന്, അഷ്കര് എന്നിവര്ക്കാണു ക്രൂരമര്ദനമേറ്റത്. അജയഘോഷ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവര് തമിഴ്നാട് ഈറോഡിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഹരിപ്പാട് വച്ച് കേടായ ബസിനു പകരം ബസ് ഏര്പ്പാടാക്കാത്തതു യുവാക്കള് ചോദ്യം െചയ്തിരുന്നു. ഇതിനു പ്രതികാരമായാണ് ആക്രമണം നടത്തിയതെന്നു പൊലീസ് അറിയിച്ചു. സോഷ്യല് മീഡിയ കൃത്യമായി ഇടപെട്ടതാണ് പ്രതികളെ പിടിക്കാന് കാരണം. സംഭവത്തിലെ ഗൂഢാലോചനയില് കല്ലട സുരേഷ് ബസ് മുതലാളി സുരേഷിനും പങ്കുണ്ടെന്ന് വ്യക്തമാണ്. ഇയാളുടെ അറിവോടെയാണ് അക്രമം നടന്നതെന്നാണ് സൂചന. എന്നാല് മുതലാളിയെ പൊലീസ് കേസില് പ്രതിചേര്ക്കില്ല. ഇതിനുള്ള കള്ളക്കളികള് അണിയറയില് പുരോഗമിക്കുകയാണ്.
യാത്രക്കാര്ക്കു നേരെയുണ്ടായ അതിക്രമത്തില് ഖേദം പ്രകടിപ്പിച്ച് ട്രാവല്സ് രംഗത്തു വന്നു. ജീവനക്കാരെ സസ്പെന്ഡ് ചെയ്തുവെന്നും അവര് ആരോപിച്ചു.എന്നാല്, ബസ് ജീവനക്കാര്ക്ക് നേരയും ആക്രമണം ഉണ്ടായതായി അവര് വിശദീകരണക്കുറിപ്പില് ആരോപിച്ചു. ബസില് യാത്രക്കാരാണ് ആദ്യം അക്രമത്തിന് മുതിര്ന്നതെന്നാണ് കല്ലട ട്രാവല്സ് ആരോപിക്കുന്നത്. വൈറ്റിലയില്വച്ച് യാത്രക്കാര്ക്ക് മര്ദ്ദനമേറ്റ സംഭവത്തിലാണ് ഖേദ പ്രകടനവുമായി ബസ് ഉടമകള് രംഗത്തെത്തിയിട്ടുള്ളത്. ദൃശ്യങ്ങള് പ്രചരിച്ചശേഷമാണ് സംഭവത്തെപ്പറ്റി അറിഞ്ഞതെന്ന് വിശദീകരണക്കുറിപ്പില് അവകാശപ്പെടുന്നു. ഇത് കേസില് പ്രതിയാകാതിരിക്കാനുള്ള മുതലാളിയുടെ തന്ത്രമാണ്. കഴിഞ്ഞ ദിവസം വൈറ്റിലയില്വെച്ച് പതിനഞ്ച് അംഗസംഘം ബസിലേക്ക് ഇരച്ചുകയറി യുവാക്കളെ മര്ദ്ദിച്ച സംഭവം വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. യാത്രക്കാരെ ബസ്സില്നിന്ന് ഇറക്കിവിടുകയും അക്രമണത്തെ പ്രതിരോധിക്കാന് ശ്രമിച്ചവരെ മര്ദ്ദിക്കുകയും ചെയ്തുവെന്നാണ് ആരോപണം. യാത്രക്കാരെ ക്രൂരമായിമര്ദ്ദിക്കുന്ന ദൃശ്യങ്ങള് പുറത്തു വന്നതിനേത്തുടര്ന്നാണ് സംഭവത്തില് കൂടുതല് നടപടികളിലേക്ക് പൊലീസ് കടന്നത്.
തിരുവനന്തപുരത്തുനിന്ന ബംഗളൂരുവിലേക്ക് പോയ കല്ലട സുരേഷ് ട്രാവല്സിന്റെ ബസ്സിലാണ് യാത്രക്കാര് മര്ദ്ദനത്തിന് ഇരയായത്. ബസ് ഹരിപ്പാട്ടെത്തിയപ്പോള് തകരാറിലായി. ഏറെനേരം കഴിഞ്ഞിട്ടും ബസ് പുറപ്പെടാതിരുന്നപ്പോള് യാത്രക്കാരായ യുവാക്കള് ചോദ്യം ചെയ്തു. ഇത് തര്ക്കത്തിന് കാരണമായി. ഹരിപ്പാട് പൊലീസെത്തിയാണ് പ്രശ്നങ്ങള് പരിഹരിച്ച് മറ്റൊരു ബസ് എത്തിച്ച് യാത്ര തുടരാന് സൗകര്യം ഒരുക്കിയത്. അപ്പോഴേക്കും രണ്ടര മണിക്കൂര് പിന്നിട്ടിരുന്നു. ബസ് വൈറ്റിലയിലെത്തിയപ്പോള് ബസ് ഏജന്സിയുടെ വൈറ്റിലയിലെ ഓഫീസിലെ മൂന്ന് ജീവനക്കാരെത്തി ബസില് കയറി യുവാക്കളെ മര്ദ്ദിക്കുകയും ഇറക്കി വിടുകയുമായിരുന്നു.
ക്രൂരമര്ദനമേറ്റ് അവശനിലയില് തമിഴ്നാട് ഈറോഡിലെ സ്വകാര്യ ആശുപത്രിയില് ചികിത്സയിലാണ് അഷ്കര്, സച്ചിന് എന്നീ ബിടെക് വിദ്യാര്ത്ഥികള്. ഹരിപ്പാടിനടുത്തു വച്ച്, വാക്തര്ക്കത്തിനു ശേഷം പുതിയ ബസില് യാത്ര തുടര്ന്ന ഞങ്ങള് നല്ല ഉറക്കത്തിലായിരുന്നു. ഞായറാഴ്ച പുലര്ച്ചെ അഞ്ചോടെ, ബഹളം കേട്ടാണു കണ്ണു തുറന്നത്. ബസ് വൈറ്റിലയില് നിര്ത്തിയിരിക്കുകയായിരുന്നു അപ്പോള്. മുന് സീറ്റിലുണ്ടായിരുന്ന അജയ്ഘോഷിനെ മര്ദിച്ച ശേഷം, വലിച്ചു പുറത്തിടുന്നതാണു കണ്ടത്. പിന്നീടു ഞങ്ങളുടെ നേരെയാണു വന്നത്. 1012 പേര് ബസിലേക്കു ചാടിക്കയറി ഞങ്ങളെ തല്ലാന് തുടങ്ങി. അവരെല്ലാം മദ്യപിച്ചിട്ടുണ്ടായിരുന്നു. ഞങ്ങളെയും വലിച്ചു ബസിനു പുറത്താക്കിയെന്ന് അഷ്കര് പറയുന്നു. കല്ലടയ്ക്കെതിരേ ആരോപണവുമായി നിരവധി പേരാണ് ഇപ്പോള് രംഗത്തു വരുന്നത്.