ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലര വയസുകാരന് സഹപാഠിയായ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയെന്ന് വാര്‍ത്ത.പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പ്രശസ്തമായ ഒരു സ്വകാര്യ സ്കൂളിലാണ് നാടിനെ ഞെട്ടിച്ച ‘മാനഭംഗം’ അരങ്ങേറിയത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പോലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. എന്നാല്‍ ആരോപണ വിധേയനെതിരെ എന്തു നടപടിയെടുക്കുമെന്ന് അറിയാതെ ആശയക്കുഴപ്പത്തിലാണ് പോലീസ്.
പെണ്‍കുട്ടി അടിവയറ്റില്‍ വേദന അനുഭവപ്പെടുന്നു എന്നു പറഞ്ഞ് കരഞ്ഞതോടെയാണ് ‘പീഡനവിവരം’ വീട്ടുകാര്‍ അറിഞ്ഞത്. ആണ്‍കുട്ടി കൈവിരലുകൊണ്ടും കൂര്‍പ്പിച്ച പെന്‍സില്‍ കൊണ്ടും പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് സ്പര്‍ശിച്ചുവെന്നാണ് പരാതി. ക്ലാസ്മുറിയില്‍ മറ്റാരുമില്ലാത്തപ്പോള്‍ അവന് തന്റെ സ്വകാര്യഭാഗത്ത് സ്പര്‍ശിച്ചെന്നും പിടിച്ചുമാറ്റാന്‍ ശ്രമിച്ചപ്പോള്‍ കഴിഞ്ഞില്ലെന്നും പെണ്‍കുട്ടി പറയുന്നു. പെണ്‍കുട്ടിയുടെ സ്വകാര്യ ഭാഗത്ത് മുറിവുള്ളതായി വൈദ്യ പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്.
കുട്ടിക്ക് സ്കൂളിലുണ്ടായ അനുഭവത്തെ കുറിച്ച് ക്ലാസ് ടീച്ചറെ വിവരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് അമ്മ പറയുന്നു. കുട്ടികളെ അധ്യാപകരോ ആയമാരോ ശ്രദ്ധിക്കാറില്ലെന്നും അവര്‍ പരാതിപ്പെട്ടു. എന്നാല്‍ ഈ ആരോപണം സ്കൂള്‍ അധികൃതര്‍ നിഷേധിച്ചു. അതേസമയം, ഏഴു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കെതിരെ പ്രോസിക്യുഷന് നടപടികള്‍ സ്വീകരിക്കുന്നതിന് ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ പല നൂലാമാലകളുമുണ്ട്. ഈ സാഹചര്യത്തില്‍ ‘പ്രതി’ക്കെതിരെ എന്തു നടപടി സ്വീകരിക്കണമെന്നതാണ് പോലീസിനെ കുഴയ്ക്കുന്നത്.