ചാരുംമൂട്: പുത്തൻ ഉടുപ്പിട്ട് ബാഗും കുടയും പിടിച്ച് ഇന്ന്സ്കൂളിലേക്കു പോകുന്നതിന്റെ ആഹ്ളാദത്തിലാണ് നാൽവർ സംഘം.
ഒന്നിച്ചു ജനിച്ച നാലു പെൺ കുരുന്നുകളാണ് ഇന്നു മുതൽ അക്ഷരമുറ്റത്ത് അറിവു നേടാൻ എത്തുന്നത്.
നൂറനാട് പണയിൽ പറങ്കാംവിളയിൽ രതീഷിന്റെയും സൗമ്യയുടെയും മക്കളായ അദ്രിക, അനാമിക,ആത്മിക, അവനിക എന്നിവരാണ് നൂറനാട് ഇടിഞ്ഞയ്യത്ത് എസ്കെവിഎൽപി സ്കൂളിലെ എൽകെജിയിൽ ഇന്ന് മുതലെത്തുന്നത്.
സുരക്ഷയൊരുക്കി പോലീസ്
ആലപ്പുഴ: വേനലവധിക്കുശേഷം ഇന്ന് സ്കൂൾ തുറക്കുന്പോൾ കുട്ടികൾക്ക് സുരക്ഷയൊരുക്കി പോലീസ്.
എല്ലാവർഷങ്ങളിലെയും പോലെ സ്കൂൾ കുട്ടികളുടെ സുരക്ഷയ്ക്കായി സുരക്ഷാക്രമീകരണങ്ങൾ സ്വീകരിച്ചതായി ജില്ലാ പോലീസ് മേധാവി ജി. ജയ്ദേവ് പറഞ്ഞു.
ബസ് സ്റ്റാൻഡുകളിൽ പോലീസ് സാന്നിധ്യം
എല്ലാ ബസ് സ്റ്റാൻഡുകളിലും പോലീസ് സാന്നിധ്യമുണ്ടാകും. സ്കൂള്‍ വാഹനങ്ങളിലും വിദ്യാര്‍ഥികള്‍ കയറുന്ന മറ്റു വാഹനങ്ങളിലും പരിശോധന നടത്തും.
മഴക്കാലത്തുണ്ടാകുന്ന റോഡപകടങ്ങളും മരം വീഴുന്നതുൾപ്പെടെയുള്ള മറ്റ് അപകട സാധ്യതകളും കുറയ്ക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചു.
സ്കൂളിനു സമീപമുള്ള കടകളില്‍ പരിശോധന നടത്തി പുകയില ഉത്പന്നങ്ങളും വിദ്യാര്‍ഥികള്‍ക്ക് ഹാനികരമായ വസ്തുക്കളും വിൽപ്പന നടത്തുന്നില്ലെന്ന് ഉറപ്പുവരുത്തും.
ബസ് ജീവനക്കാരുടെയും മറ്റും സഭ്യമല്ലാത്തതായ പെരുമാറ്റങ്ങൾ അനുവദിക്കില്ല. കുട്ടികൾ റോഡ് മുറിച്ചു കടക്കുന്ന സമയത്ത് അപകടങ്ങള്‍ ഒഴിവാക്കാന്‍ പോലീസിന്റെയും സ്റ്റുഡന്റ്സ് പോലീസിന്റെയും സഹായം ഉറപ്പാക്കും.
കുട്ടികളെ കൊണ്ടുപോകുന്നതിനുള്ള സ്കൂള്‍ ബസുകൾ മറ്റ് വാഹനങ്ങൾ എന്നിവയുടെ ഡ്രൈവർമാർക്ക് പ്രത്യേക ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിച്ചു.
സ്കൂള്‍ മേഖലയില്‍ വാഹനങ്ങളുടെ വേഗത നിശ്ചയിച്ചിരിക്കുന്ന പരിധി കടക്കുന്നില്ലെന്ന് ഉറപ്പുവരുത്തും.
തിരക്കുള്ള റോഡുകള്‍ക്കു സമീപമുള്ള സ്കൂളുകള്‍ക്കു മുന്പില് സ്പീഡ് ലിമിറ്റ് ബോര്‍ഡുകള്‍ പിറ്റിഎയുടേയും ബന്ധപ്പെട്ട വകുപ്പുകളുടെയും സഹായത്തോടെ സ്ഥാപിക്കും.
സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന സമയക്രമം ടിപ്പര്‍ ലോറികള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പരിസരത്ത് ഗതാഗതനിയന്ത്രണത്തിന് സഹായിക്കുന്നതിനായി പരിസരത്തുള്ള സ്വഭാവ ശുദ്ധിയുള്ള ഓട്ടോ, ടാക്സി ഡ്രൈവേഴ്സ്, യൂണിയന് തൊഴിലാളികള്‍, റസിഡന്റ്സ് അസോസിയേഷന് അംഗങ്ങള്‍ എന്നിവരുടെ സേവനം വിനിയോഗിക്കും.
എല്ലാ സ്കൂളുകളുടെ പരിസരങ്ങളിലും സ്കൂള്‍ സമയങ്ങളില്‍ പോലീസിന്റെ സേവനം ഉണ്ടാവും.
എല്ലാ സ്കൂളുകളിലും സ്കൂള്‍ പ്രെട്ടക്ഷന് ഗ്രൂപ്പ് രൂപീകരിക്കും. സ്കൂള്‍ സമയങ്ങളില്‍ സ്കൂളിനു മുന്‍വശമുള്ള ട്രാഫിക്ക് നിയന്ത്രണങ്ങള്‍ക്കും മറ്റുമായി ഇവരുടെയും എസ്പിസി കേഡറ്റുകളുടെയും സേവനം ഉപയോഗിക്കും.
മാതാപിതാക്കള്‍ നിയോഗിക്കുന്ന പല സ്വകാര്യ വാഹനങ്ങളിലും കുട്ടികളെ അനിയന്ത്രിതമായി കുത്തിനിറച്ച് സ്കൂളുകളിലേക്ക് കൊണ്ടുവരാൻ അനുവദിക്കില്ല.
സ്കൂൾ കെട്ടിടങ്ങളുടെയും മതിലുകളുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് സംബന്ധിച്ചും സ്കൂളിന് അപകടകരമായി നിൽക്കുന്ന മരങ്ങൾ, ശിഖരങ്ങൾ എന്നിവ മുറിച്ചു മാറ്റുന്നതിനുമുള്ള നിർദേശങ്ങൾ സ്കൂൾ അധികൃതർക്ക് നൽകി.
വിദ്യാർഥികൾക്ക് യാത്രാ സൗകര്യത്തിനായി ഏർപ്പെടുത്തുന്ന സ്കൂൾ ബസുകൾ, മറ്റ് വാഹനങ്ങൾ എന്നിവർ യഥാസമയം ഫിറ്റ്നസ് ഉൾപ്പടെയുള്ള പരിശോധനകൾ നടത്തണം.
ഈ വാഹനങ്ങളിലെ ഡ്രൈവർമാർ നിശ്ചിത യോഗ്യതയുള്ളവരാണെന്നും സ് കൂൾ ബസുകളിൽ അറ്റന്റർമാരെ നിയമിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തും.
സ്കൂൾ വാഹനങ്ങളിലെ ഡ്രൈവർമാർ മദ്യപിച്ച് വാഹനം ഓടിക്കരുത്. ഇവർ പോക്സോ കേസുകളിൽ ഉൾപ്പെട്ടിണ്ടോയെന്നു പരിശോധിച്ച് അത്തരക്കാരെ ജോലികളിൽനിന്ന് ഒഴിവാക്കും.
സ്കൂള്‍ കുട്ടികള്‍ക്കിടയിലുള്ള പുകയില ഉത്പന്നങ്ങളുടെ ഉപയോഗം തടയുന്നതിനായി ക്ലീന്‍ കാമ്പസ്, സേഫ് കാമ്പസ് പദ്ധതി എല്ലാ സ്കൂളുകളിലും ഫലപ്രദമായി നടപ്പിലാക്കും.
ഇതു കൂടാതെ പിങ്ക് പോലീസും, പ്രത്യേക ബൈക്ക് പട്രോളിംഗ് യൂണിറ്റും നിരത്തിലുണ്ടാകുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.