മാന്നാർ: ബുധനൂരിൽ പ്രവർത്തിക്കുന്ന പരാശക്തി ബാലികാ സദനത്തിൽനിന്ന് മതിൽ ചാടി രക്ഷപ്പെട്ട നാലു പെൺകുട്ടികൾ വാൻ ഡ്രൈവറുടെ സമയോചിതമായ ഇടപെടലിൽ പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടോടെയാണ് 16,17 വയസ് വീതമുള്ള നാലു പെൺകുട്ടികൾ ബാലികാസദനത്തിലെ മതിൽചാടിക്കടന്നു രക്ഷപ്പെട്ടത്.
രാത്രിയിൽ മാന്നാർ ടൗണിൽ എത്തിയ കുട്ടികൾ പിക്കപ്പ് വാൻ കണ്ടപ്പോൾ കൈകാണിച്ചു. വണ്ടി നിർത്തിയ ഡ്രൈവർക്ക് ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നി.
വാഹനത്തിൽ കയറ്റിയ ഇവരെ ഡ്രൈവർ പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. അമ്പലപ്പുഴ, കുമ്പഴ നൂറനാട്, ഹരിപ്പാട് എന്നിവിടങ്ങളിൽനിന്നുള്ള കുട്ടികളാണ് ബാലികാ സദനത്തിൽ നിന്നു രക്ഷപ്പെട്ടത്.
തങ്ങൾക്ക് ബാലികാസദനത്തിൽ കഴിയാൻ ഇഷ്ടമില്ലാത്തതുകൊണ്ടാണ് രക്ഷപ്പെട്ടത് എന്ന് കുട്ടികൾ പറഞ്ഞതായാണ് ആദ്യവിവരം. കുട്ടികളെ കാണാതായത് സംബന്ധിച്ച് മാന്നാർ പോലീസ് കേസെടുത്തിരുന്നു.
മാന്നാറിൽ നിന്നു വനിതാപോലീസ് എത്തി കുട്ടികളെ ഏറ്റെടുത്തു. കുട്ടികളെ കൗൺസലിംഗിനു വിധേയമാക്കിയ ശേഷമേ രക്ഷപ്പെടാൻ ഉണ്ടായ കാരണം വ്യക്തമാവുകയുള്ളൂവെന്ന് പോലീസ് പറഞ്ഞു.