കോഴിക്കോട് : ഫുട്ബോളില്‍ കോഴിക്കോടന്‍ പെരുമയെ വാനോളമുയര്‍ത്തിയ കേരളത്തിലെ ആദ്യകാല വനിതാ ഫുടബോള്‍ താരവും പരിശീലകയുമായ ഫൗസിയ മാമ്പറ്റ അന്തരിച്ചു.
അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കോഴിക്കോട് നടക്കാവ് ജിവിഎച്ച്എസ്എസിലെ ഫുട്ബോള്‍ ടീം പരിശീലകയാണ്. ഖബറടക്കം ഈസ്റ്റ് വെള്ളിമാട്കുന്ന് ജുമാമസ്ജിദില്‍ നടത്തി.
കായികമേഖലയില്‍ പെണ്‍കുട്ടികളുടെ സാന്നിധ്യമില്ലാതിരുന്ന കാലഘട്ടത്തിലായിരുന്നു ഫൗസിയ കളിക്കളത്തിലേക്ക് ഫുട്ബോളുമായെത്തിയത്.
നടക്കാവ് സ്കൂളില്‍ പഠിക്കുന്നതിനിടെയാണ് കായിക താരമായി മാറിയത്. തുടക്കം ഹാന്‍ഡ് ബോളിലായിരുന്നു. പിന്നീട് പല കായിക ഇനങ്ങളിലും വ്യക്തിമുദ്രപതിപ്പിച്ചു.
വെയ്റ്റ് ലിഫ്റ്റിംഗില്‍ സംസ്ഥാനചാമ്പ്യന്‍, പവര്‍ ലിഫ്റ്റിംഗില്‍ സൗത്ത് ഇന്ത്യയില്‍ മൂന്നാംസ്ഥാനം, ഹാന്‍ഡ് ബോള്‍ സംസ്ഥാന ടീമംഗം, ജൂഡോയില്‍ സംസ്ഥാനതലത്തില്‍ വെങ്കലം, ഹോക്കി, വോളിബോള്‍ എന്നിവയില്‍ ജില്ലാ ടീമംഗം എന്നീ മേഖലകളില്‍ നിറസാന്നിധ്യമായുണ്ടായി.
പിന്നീട് ഫുട്ബോളില്‍ തന്നെ ശ്രദ്ധകേന്ദ്രീകരിച്ചു. ദേശീയ ഗെയിംസ് വനിതാ ഫുട്ബോളില്‍ കേരളത്തിന്റെ വലകാത്തത് ഫൗസിയയായിരുന്നു. കൊല്‍ക്കത്തയില്‍ നടന്ന അഖിലേന്ത്യാ വനിതാ ജൂനിയര്‍ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിലും കേരളത്തിന്റെ ഗോള്‍ കീപ്പറായി.
2003 ല്‍ കോഴിക്കോട് നടക്കാവ് സ്കൂളിലെ ഫുട്ബോള്‍ ടീം പരിശീലകയായി ചുമതലയേറ്റ വര്‍ഷം തന്നെ കേരളാടീമിലേക്ക് ജില്ലയില്‍ നിന്ന് നാലുപേരെയാണ് ഫൗസിയ നല്‍കിയത്.
2005 മുതല്‍ 2007 വരെ സംസ്ഥാന സബ്ജൂനിയര് ജൂനിയര്‍ ടൂര്‍ ണമെന്റില് റണ്ണര്‍ അപ്പായ കോഴിക്കോട് ടീമിനെ പരിശീലിപ്പിച്ചതും ഫൗസിയ തന്നെയായിരുന്നു.
2005 ല്‍ മണിപ്പുരില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളം മൂന്നാംസ്ഥാനം നേടിയപ്പോള്‍ ടീമിന്റെ പരിശീലകയായിരുന്നു. 2006ല്‍ ഒഡിഷയില്‍ നടന്ന ദേശീയ സീനിയര്‍ ചാമ്പ്യന്‍ ഷിപ്പില്‍ റണ്ണറപ്പായ കേരളത്തിന്റെ അസിസ്റ്റന്റ് കോച്ചും ഫൗസിയയായിരുന്നു.
സംസ്ഥാന കായികമേളയില്‍ ഫുട്ബോള്‍ മത്സരയിനമാക്കിയതിന് പിന്നില്‍ നിര്‍ണായക പങ്ക് വഹിച്ചത് ഫൗസിയയായിരുന്നു.