പയ്യന്നൂര്‍: കുഞ്ഞിമംഗലത്ത് വയോധികരുള്‍പ്പെടെ 14 പേര്‍ക്ക് ഭ്രാന്തന് കുറുക്കന്റെ കടിയേറ്റു. പരിക്കേറ്റവരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷകള്‍ക്കുശേഷം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്നു രാവിലെ ആറരയോടെയാണ് ഭ്രാന്തന് കുറുക്കന്റെ ആക്രമണമുണ്ടായത്.
വീടിന് പുറത്തുണ്ടായിരുന്നവരും പ്രഭാത സവാരിക്കായി പോയവരുമാണ് ആക്രമണത്തിനിരയായത്. കുഞ്ഞിമംഗലം മൂശാരിക്കൊവ്വല്‍, കുതിരുമ്മല്‍, മാട്ടുമ്മല്‍ കളരി, വണ്ണച്ചാല്‍ പ്രദേശത്ത് ഭ്രാന്തന് കുറുക്കന് കണ്ണില്‍ കണ്ടവരെയെല്ലാം കൈക്കും കാലിനുമൊക്കെ കടിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു.
കമലാക്ഷി (56), കൃഷ്ണന് (72), ചന്ദ്രന് (63), ദാമോദരന്‍ (72), കരുണാകരന് (72), ദീപ (45), ശ്രീജ (46), സജീവന് (47), കുഞ്ഞമ്പു (85), സുഷമ (45), ഉമ (46), പ്രജിത്ത് (35), രാജന് (56), കമലാക്ഷി (70) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പത്ര വിതരണത്തിനിടയിലാണ് പ്രജിത്തിന് കടിയേറ്റത്. വിവരമറിഞ്ഞെത്തിയവര്‍ ഉടന്‍തന്നെ പരിക്കേറ്റവരെ പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചു.
താലൂക്ക് ആശുപത്രിയില്‍ ഇഞ്ചക്ഷനില്ലാത്തതിനാൽ പരിക്കേറ്റവരെ പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സംഭവമറിഞ്ഞ ഉടന്‍തന്നെ നാട്ടുകാര്‍ സോഷ്യല്‍ മീഡിയയില്‍ ഇതുസംബന്ധിച്ച അറിയിപ്പുകള് നല്‍കിയതോടെ ജനങ്ങള്‍ ജാഗരൂകരായി. കുറച്ചുദിവസമായി ഈ പ്രദേശത്ത് കറങ്ങി നടന്നിരുന്ന കുറുക്കനാണ് ആക്രമണകാരിയായതെന്നു പറയുന്നു. അതേസമയം നാട്ടില്‍ ഭീതിവിതച്ച് നടന്ന കുറുക്കനെ പിടികൂടാനുള്ള നാട്ടുകാരുടെ ശ്രമം വിഫലമായി.