ഉദ്ഘാടന ദിവസം തന്നെ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുറുക്കന്മാരുടെ ശല്യം! കോഴിയിറച്ചി നല്‍കി പിടികൂടാനുള്ള ശ്രമവും പരാജയപ്പെട്ടു; പണി കിട്ടിയത് യൂസഫലിയുടെ വിമാനത്തിന്

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യം ദിവസം തന്നെ കുറുക്കന്മാരുടെ ശല്യം. ആറു കുറുക്കന്മാരാണ് ഉദ്ഘാടന ദിവസമായ ഞായറാഴ്ച തന്നെ റണ്‍വേയിലിറങ്ങി അധികൃതര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയത്.

ഞായറാഴ്ച കുറുക്കന്മാര്‍ റണ്‍വേയില്‍ വട്ടം കറങ്ങിയതിനെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങിനെത്തിയ വ്യവസായി യൂസഫലിയുടെ വിമാനം എട്ടു മിനിട്ട് വൈകിയാണ് നിലത്തിറങ്ങിയത്.

കൊച്ചിയില്‍ നിന്ന് 8.07ന് പുറപ്പെട്ട യൂസഫലിയുടെ വിമാനം കണ്ണൂരില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെയാണ് പൈലറ്റിന്റെ കണ്ണില്‍ കുറുക്കന്‍ പെട്ടത്. തുടര്‍ന്ന് വീണ്ടും പറന്ന് ഉയര്‍ന്ന് വട്ടം കറങ്ങി എട്ട് മിനിറ്റിന് ശേഷമാണ് ലാന്‍ഡ് ചെയ്തത്. ഇതിനിടെ കോഴിയിറച്ചി നല്‍കി കുറുക്കനെ വലയിട്ട് പിടികൂടാനുള്ള ശ്രമം പരാജയപ്പെട്ടു.

റണ്‍വേയിലെ വെള്ളം പുറത്തേക്ക് ഒഴുക്കാനായി സ്ഥാപിച്ച പൈപ്പിലൂടെയാണ് കുറുക്കന്‍മാര്‍ അകത്ത് കയറിയത്. കൂടുതല്‍ കുറുക്കന്‍മാര്‍ കയറാതിരിക്കാന്‍ പൈപ്പിന് നെറ്റ് കെട്ടുകയും ചെയ്തു. ഇതോടെയാണ് അകത്ത് കയറിയവയ്ക്ക് പുറത്തിറങ്ങാന്‍ സാധിക്കാതെ വന്നത്.

Related posts