കറുകച്ചാൽ: കോഴിയെ പിടിക്കാനെത്തിയ കുറുക്കൻ വീട്ടുടമ സ്ഥാപിച്ച കെണിയിൽപ്പെട്ടു. മൈലാടി തത്തക്കാട്ട് പുളിക്കൽ റെസൽ പി. ജോണിന്റെ വീട്ടിലെ കോഴിക്കൂടിനോടു ചേർന്നുള്ള കെണിയിലാണ് കുറുക്കൻ അകപ്പെട്ടത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ കുറുക്കനും തെരുവുനായകളും റെസലിന്റെ അന്പതിൽപ്പരം കോഴികളെയാണു കടിച്ചുകൊന്നത്. ഇതോടെ കോഴിക്കുഞ്ഞുങ്ങളെ ഇടാനായി ഇരുന്പുവല കൊണ്ട് നിർമിച്ച കൂട് കെണിയാക്കി സ്ഥാപിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി 7.30നു കോഴിക്കൂടിനു സമീപമെത്തിയ കുറുക്കൻ കെണിയിൽ അകപ്പെട്ടു. തുടർന്ന വിവരം പ്ലാച്ചേരി വനംവകുപ്പ് അധികൃതരെ അറിയിച്ചു. ഇന്നലെ അധികൃതരെത്തി കെണിയിൽ കുടുങ്ങിയ കുറുക്കനെ കൊണ്ടുപോയി.