പാന്പാടി: ഏതാനും നാളുകളായി പാന്പാടി, കൂരോപ്പട, പള്ളിക്കത്തോട്, വാഴൂർ, കങ്ങഴ, മീനടം മേഖലകളിൽ കുറുക്കന്റെ ശല്യം രൂക്ഷമായിരിക്കുകയാണ്. ചില പഞ്ചായത്തുകളിൽ കാട്ടുപന്നികളും കർഷകരുടെ ഉറക്കം കെടുത്തുന്നുണ്ട്.
സൗത്ത് പാന്പാടിയിൽ കുറുക്കന്റെ ആക്രമണത്തിൽ മൂന്നു പേർക്കു പരിക്കേൽക്കുകയും ദിവസങ്ങളോളം പ്രദേശവാസികളെ മുൾ മുനയിൽ നിർത്തുകയും ചെയ്തിരുന്നു.
എതാനും നാളുകൾക്കു മുന്പ് പൊൻകുന്നത്തും കുറുക്കന്റെ ശല്യമുണ്ടായി. ഇതേത്തുടർന്നാണു തോട്ടങ്ങൾ കാടുവെട്ടിത്തെളിച്ചു വൃത്തിയാക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർ സ്ഥലം ഉടമകൾക്ക് നിർദേശം നൽകിയത്.
മേഖലയിലെ ഭൂരിഭാഗം റബർ തോട്ടങ്ങളും ടാപ്പിംഗ് നിലച്ചു കാടുകയറി കിടക്കുകയാണ്. കാട്ടുപന്നികളും കുറുക്കൻമാരും ഇത്തരം തോട്ടങ്ങളിലാണു കഴിയുന്നത്.
വിലക്കുറവിനെത്തുടർന്നും പ്രതികൂല കാലാവസ്ഥ മൂലവുമാണു തോട്ടങ്ങളിൽ ടാപ്പിംഗ് നിലച്ച അവസ്ഥയിലായത്. വരുമാനമില്ലാത്ത സാഹചര്യത്തിൽ അധികകൂലി നൽകി തോട്ടങ്ങൾ വെട്ടിത്തെളിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്നു ഉടമകൾ പറയുന്നു.
ഒരേക്കർ വൃത്തിയാക്കാൻ പതിനായിരം രൂപയിലേറെ വേണ്ടി വരും. യന്ത്രമുപയോഗിച്ചു വൃത്തിയാക്കുന്നതിനും വലിയചെലവാണ്. പണം മുടക്കാൻ തയാറാണെങ്കിലും തൊഴിലാളികളുടെ അഭാവം വില്ലനാകുന്നുണ്ട്.ഇക്കാര്യത്തിൽ പഞ്ചായത്തിന്റെ ഭാഗത്തുനിന്നും അനുകൂലമായ നടപടികൾ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
തൊഴിലുറപ്പ് പദ്ധതിയിൽ പ്രവർത്തിക്കുന്നവർക്ക് പരിശീലനം നൽകണംതൊഴിൽ ഉറപ്പ് പദ്ധതിയിൽ പ്രവർത്തിക്കുന്നവർക്കു കാട് തെളിക്കുന്ന യന്ത്രങ്ങളുടെ പ്രവർത്തന പരിശീലനം നൽകിയാൽ കാടുതെളിക്കൽ സുഗമമായി നടക്കും.
നിലവിൽ തൊഴിലുറപ്പു തൊഴിലാളികൾ കത്തിയും തൂന്പയുമുപയോഗിച്ചാണു പണിയെടക്കുന്നത്. കാർഷിക യന്ത്രങ്ങൾ വാങ്ങാൻ സബ്സിഡി നൽകുമെന്നിരിക്കേ പഞ്ചായത്തുകൾ മുൻകൈയെടുത്തു യന്ത്രങ്ങൾ വാങ്ങി പരിശീലനം നൽകിയാൽ പ്രശ്നപരിഹാരം സാധ്യമാകുമെന്ന് കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എബി ഐപ്പ് ചൂണ്ടിക്കാട്ടി.