മുംബൈ; ഇന്ത്യയിൽ 6,000 കോടിയുടെ വ്യവസായ നിക്ഷേപത്തിനൊരുങ്ങി മൊബൈൽ ഹാൻഡ്സെറ്റ് നിർമാതാക്കളായ ഫോക്സ്കോണ്‍. മുംബൈയിലെ ജവഹർലാൽ നെഹ്റു പോർട്ട് ട്രസ്റ്റിനോടനുബന്ധിച്ചുള്ള പ്രത്യേക സാന്പത്തിക മേഖലയിൽ പ്രാന്റ് സ്ഥാപിച്ചു പ്രവർത്തനം തുടങ്ങാനാണ് കന്പനി പദ്ധതിയിട്ടിരിക്കുന്നത്.
പ്ലാന്റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു കന്പനി അധികൃതരുമായി ചർച്ച നടത്തിയെന്നും നല്ല വഴിക്കാണു കാര്യങ്ങൾ പുരോഗമിക്കുന്നതെന്നും കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു.
ഫോക്സ്കോണിന്റെ നിർമാണ പ്ലാന്റ് യാഥാർഥ്യമായാൽ 40,000 പേർക്കു തോഴിൽ ലഭിക്കുമെന്നാണു കരുതുന്നത്. ആപ്പിൾ ഐഫോണ്‍ ഉൾപ്പെടെയുള്ള സ്മാർട് ഫോണുകളുടെ ഏറ്റവും വലിയ നിർമാതാക്കളായ ഫോക്സ്കോണിന്റെ ആസ്ഥാനം തായ്വാനിലാണ്. ആപ്പിളിനുപുറമേ നോക്കിയ, ഷവോമി, ജിയോണി തുടങ്ങിയ കന്പനികളുടെ സ്മാർട് ഫോണുകളും ഫോക്സ്കോണ്‍ നിർമിക്കുന്നുണ്ട്.
പോർട്ട് ട്രസ്റ്റിന്റെ പ്രത്യേക സാന്പത്തിക മേഖലയിൽ വ്യവസായശാല തുടങ്ങാൻ സന്നദ്ധതയറിയിച്ച് ഇതിനോടകം 30 കന്പനികൾ രംഗത്തെത്തിയിട്ടുണ്ടെന്നും രണ്ടു ലക്ഷം പേർക്ക് ഇതിലൂടെ തൊഴിൽ ലഭിക്കുമെന്നാണു കരുതുന്നതെന്നും ഗഡ്കരി അറിയിച്ചു.